2011, ജൂൺ 3, വെള്ളിയാഴ്‌ച

ഇനി പ്രിയ പറയട്ടെ ...

കാലത്തിന്റെ ഇടനാഴിയില്‍ അനീതിയുടെ
കാലൊച്ച !
മിഴികള്‍ തുറന്നടയുംമ്പോള്‍ നിരപരാധിയുടെ
വിലാപം !
ഇങ്ങനെ ഒരു ചിത്രം വരച്ചിടപ്പെട്ടത്‌ എന്തിനായിരുന്നു ?

ജയിലഴികള്‍ തുറക്കപ്പെടുമ്പോള്‍ അയ്യാള്‍ വിതുമ്പുന്നത് അവള്‍ക്കു കാണാമായിരുന്നു .
കണ്ണ് നീര്‍ തുള്ളികളില്‍ പിറക്കുന്ന ദൈന്യതയുടെ നോവ്‌ അവളെ നൊമ്പരപ്പെടുതിക്കൊണ്ടിരുന്നു .
ഒരു അപരാധിയെപ്പോലെ കാലം അയാളെ വിലങ്ങണിയിച്ചപ്പോള്‍  ,
അരുതേയേന്നു പലവുരു കരഞ്ഞു പറഞ്ഞു പ്രിയാമണി !
പക്ഷെ വനരോദനങ്ങള്‍ പോലുള്ള അവളുടെ വാക്കുകള്‍ ആരുണ്ട്‌ കേള്‍ക്കുന്നു ?
എവിടെ പാലിക്കപ്പെടുന്നു !

അയാള്‍ ,
പയ്യമ്പിള്ളി ചന്തു .
അവള്‍ക്ക് ആരുമായിരുന്നില്ല .
ഒരു ശത്രു പോലും !
എന്നിട്ടും അവള്‍ അയാള്‍ക്ക്‌ വേണ്ടി വേദനിച്ചുകൊണ്ടിരുന്നു !
എന്നിട്ടും ഈ കൊലക്കുറ്റം അയാളുടെ ചുമലില്‍ ചാര്‍ത്തി കൊടുക്കാന്‍ അവര്‍ മത്സരിച്ചു .

പാവം !
കണ്ണീര്‍ നിറയുന്ന ആ മുഖത്തു നോക്കി കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍  ഇനിയും നിറയാനുണ്ടെന്നു പറഞ്ഞതാരാണ് !
ആയിരം അപരാധികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുതെന്നുള്ള നിയമം ആരാണ് കാറ്റില്‍ പറത്തിയത് ?

അഡ്വക്കേറ്റ് : നീലിമ രാജുവിന്റെ കൈകള്‍ക്കുള്ളില്‍  പ്രോസിക്ക്യൂഷന്‍ വളരെ ശക്തമായിരുന്നു .
അയാളുടെ  കഴുത്തില്‍ കൊലക്കയറില്‍ കുറഞ്ഞതൊന്നും അവര്‍ക്ക് ചിന്തിക്കാനാവുമായിരുന്നില്ലല്ലോ .
പക്ഷെ  എന്തുകൊണ്ടോ  ശിക്ഷ ജീവപര്യന്തത്തില്‍ ഒതുങ്ങിപ്പോയി .

എന്നിട്ടും ലോകം അയാളുടെ രക്തത്തിന് മുറവിളി കൂട്ടിക്കൊണ്ടിരുന്നു .
എന്നിട്ടും ഈ കൊലക്കുറ്റം അയാളുടെ ചുമലില്‍ ചാര്‍ത്തി കൊടുക്കാന്‍ അവര്‍ മത്സരിച്ചുകൊണ്ടുമിരുന്നു  .

കാരണം പ്രിയാമണിയുടെ ജീവന്‍ അവര്‍ക്കെന്നും  പ്രാണനായിരുന്നു !
അതെ അവള്‍ നമ്മുടെ പ്രാണനായിരുന്നല്ലോ !

നമ്മള്‍ അറിയുന്ന പ്രിയാമണി ,
പുഴയെ പ്രണയിച്ച ഒരു പാവം ബ്ലോഗര്‍ !
പുഴയെ കൈക്കുമ്പിളിലെടുത്തു കവിളാല്‍ ആശ്ലെഷിച്ചിരുന്നവള്‍ !
നനുത്ത പുഴവെള്ളത്തില്‍ നിലാവിനെ കാട്ടിത്തന്നിരുന്നവള്‍!
പക്ഷെ അവള്‍ ഇന്നില്ല .

ഒരു നരാധമന്‍ !
പയ്യമ്പിള്ളി ചന്തു ,
വിജനമായ ഒരുവേളയില്‍ പുഴയില്‍ കല്ലെറിഞ്ഞു കളിച്ചിരുന്ന അവളെ ഇല്ലാതാക്കിയവന്‍ !
പ്രാണനോളം പുഴയെ സ്നേഹിച്ചുപോയ അവളെ പുഴയില്‍ തന്നെ മുക്കിക്കൊന്നശേഷം ഇരു കൈകളും വെട്ടി സ്വര്‍ണ്ണ വളകള്‍ മോഷ്ടിച്ചെടുത്തവന്‍ .
മഹാ അപരാധി !

സത്യത്തില്‍ എന്തായിരുന്നു സംഭവിച്ചത് ?
അതറിയുന്നവര്‍ ആരുമില്ല .
പക്ഷെ പ്രിയാമണി എല്ലാം അറിഞ്ഞിരുന്നല്ലോ .
അവള്‍ പറയുന്നുമുണ്ട് ,
ആര്‍ക്കും കേള്‍ക്കാനാവില്ലെങ്കിലും ...

ഞാന്‍ നദിയില്‍ ഇറങ്ങുമ്പോള്‍ അവിടെയെങ്ങും ആരുമില്ലായിരുന്നു .
മണല്‍ മാഫിയക്കാര്‍ കുഴിച്ച കുഴിയില്‍ ,
കാലുകള്‍ ചെളിയില്‍ ആണ്ടു ഞാന്‍ മുങ്ങിപ്പോയത്  ആരാണ് കണ്ടത് ?
പുഴയുടെ അഗാധതയില്‍ ഞാന്‍ ശ്വാസം കിട്ടാതെ പിടഞ്ഞു മരിക്കുന്നത് ആരാണ് കണ്ടത് ?
എന്നിട്ടും ആ പാവത്തിന് ശിക്ഷ ബാക്കി !

ചന്തു ഒരു മണല്‍ മാഫിയക്കാരന്‍ ആയിരുന്നില്ല .
എന്നിട്ടും അര ചാണ്‍ വയറിനു വേണ്ടി അയാള്‍ പുഴ പരപ്പില്‍ തോണി തുഴഞ്ഞു .
പുഴയുടെ അഗാധതകളില്‍ മുങ്ങി പൊങ്ങി മണല്‍ വാരി വാരി നിറച്ചു .
അവര്‍ കൊടുത്ത നക്ക പിച്ച കൈ നീട്ടി വാങ്ങി .

എന്നിട്ടും മാഫിയക്കാര്‍ അയാളെ ഒറ്റിയത് എന്തിനായിരുന്നു ?
നിരപരാധി ആയിരുന്നിട്ടും അയാളുടെ കയ്യില്‍ വിലങ്ങു വീണു കാണാന്‍ മാഫിയക്കാര്‍ എന്തിനാണ്
മത്സരിച്ചത് ?

പുഴയില്‍ മുങ്ങി നിവരുമ്പോള്‍ അറിയാതെ കൈയില്‍ തടഞ്ഞതാണ് എന്നെ !
ശവമെടുത്തു തോണിയില്‍ കിടത്തുമ്പോള്‍ സ്വര്‍ണത്തിന്റെ വിലയറിഞ്ഞു പ്രലോഭിതനായതാണ് അയാള്‍ ചെയ്ത കുറ്റം !
കൈകളില്‍ നിന്നും വളകള്‍ ഊരാനാകാതെ വന്നപ്പോള്‍ വെട്ടു കത്തിയെടുത്തു കൈകള്‍ വെട്ടി മാറ്റാതെ അയാള്‍ക്ക്‌ വേറെ വഴിയില്ലാതിരുന്നു !

അയാള്‍ സ്വര്‍ണത്തെ സ്നേഹിച്ചു ,
അതിലുപരി സ്വര്‍ണം വിറ്റുകിട്ടിയ പണത്തെ സ്നേഹിച്ചു .
പണം കൊണ്ട് മൃഷ്ടാന്നമുണ്ണുന്ന സ്വന്തം കുടുമ്പത്തെ സ്നേഹിച്ചു .

അയാള്‍ക്ക്‌ നീതി കിട്ടണം എന്നെനിക്കുണ്ട് .
പക്ഷെ എന്റെ വാക്കുകള്‍ക്കു ശബ്ദമില്ലാതെ പോയല്ലോ !
എന്റെ സ്പര്‍ശനത്തിന് കൈകളില്ലാതെ പോയല്ലോ !
ഞാന്‍ നിസ്സഹായയാണ് .
ഇനി ഞാന്‍ എന്ത് ചെയ്യേണ്ടൂ ...?

****************** 



2011, മേയ് 17, ചൊവ്വാഴ്ച

പാവം മുത്തച്ഛന്‍ !

കഥ പറയാന്‍ മുത്തശ്ശി !
'കാതിലോരാലോലമൂഞ്ഞാല്കെട്ടിയ മുത്തശ്ശി ...
കഥയുടെ കെട്ടഴിച്ചു ....'

മുത്തശ്ശി അങ്ങനെ ആണെങ്കില്‍ മുത്തശ്ശനോ ?
കഥകള്‍ അറിയുമായിരുന്നെങ്കിലും പറയില്ല .
ഗൌരവകാരനാണെങ്കില്‍ പറയാനുമില്ല !
പക്ഷെ കാഴ്ചകള്‍ കാണിച്ചു തരും .
കുട്ടിക്കാലത്ത് മുത്തശ്ശന്റെ കൈയില്‍ തൂങ്ങി എത്രയെത്ര ഉത്സവങ്ങള്‍ കണ്ടിട്ടുണ്ടാകും എല്ലാവരും !

എന്റെ കാര്യത്തില്‍ ഈ ഭാഗ്യമുണ്ടായിട്ടില്ല .
എനിക്ക് രണ്ടു വയസ്സുള്ളപ്പോള്‍ ആണ് മുത്തശ്ശന്‍ മരിച്ചത് .
അവിടന്ന് ഒരു കൊല്ലം കഴിഞ്ഞു മുത്തശ്ശിയും ....
നന്നേ ചെറുപ്പത്തില്‍ ആയിരുന്നത് കൊണ്ട് ഓര്‍മയില്‍ പോലും ആ രൂപങ്ങളില്ല !

മുത്തശ്ശിക്ക് പകരം അമ്മയാണ് രാജകുമാരന്റെയും രാജകുമാരിയുടെയും ദുഷ്ടയായ മന്ത്രവാദിനിയുടെയും ഒക്കെ കഥകള്‍ എനിക്ക് പറഞ്ഞുതന്നത് .
എങ്കിലും ഇക്കാര്യത്തില്‍ മുത്തശ്ശിയുടെതായ വൈഭവം അമ്മക്കുണ്ടോ വശമാകുന്നു ?

ഹും ..
ഇയ്യാള്‍ ചിന്തകളൊക്കെ കളഞ്ഞു ബാല്യകാലസഖിക്കു പഠിച്ചു തുടങ്ങിയോ എന്ന് നിങ്ങള്‍ ചിന്തിക്കുന്നുണ്ടാകും .
ഉവ്വ ഉവ്വ !

ഞാന്‍ പറഞ്ഞുവരുന്നത് എന്റെ മുത്തശ്ശന്റെ  ഒരു  ആഗ്രഹത്തെ    കുറിച്ചാണ് .

''മക്കളെ ,
മരിച്ചു പോയാല്‍ ഈ അച്ഛന് നിങ്ങള്‍ ഒരു കല്ലറ പണിതു തരണം ..''

ജീവിച്ചിരിക്കുമ്പോള്‍ മക്കളോട് പറഞ്ഞു വെച്ചതും ,
മരിച്ചതിനു ശേഷം മക്കള്‍ നടത്തി കൊടുക്കാന്‍ മറന്നതും ആയ മുത്തസ്സന്റെ ഒരു ആഗ്രഹമായിരുന്നു സ്വന്തമായി ഒരു കല്ലറയെങ്കിലും
വേണം എന്നുള്ളത് !
ഒരു ആറടി മണ്ണിന്റെ ജന്മിക്കു ഇതില്‍ കൂടുതല്‍ എന്താഗ്രഹങ്ങള്‍ ?

മുത്തശ്ശന്‍ മരിച്ചു ആണ്ടുകള്‍ പലതായി .
വിഷസര്‍പ്പത്തിനു വിളക്കു വെക്കരുത് എന്ന് ഞങ്ങള്‍ക്ക് 
ശാസനയുണ്ടായിരുന്ന കാലം .
എന്റെ തറവാട്ടില്‍ മുത്തശ്ശന്‍ പണി കഴിപ്പിച്ചതും കര്‍മ്മങ്ങള്‍ നടത്തി
വരുന്നതുമായ  കുടുമ്പക്ഷേത്രത്തിലും വിളക്കു വെക്കാന്‍ ഞങ്ങള്‍ക്ക് മടി !
പിന്നെയല്ലേ മുത്തശ്ശന് കല്ലറ !
അല്ല പിന്നെ ...

പിന്നെ ഈ അടുത്ത കാലത്ത് കുടുംബ ക്ഷേത്രങ്ങള്‍ നവീകരിക്കുക ,
ധാടിക്കും മോടിക്കും ചേര്‍ന്ന വിധം അലങ്കരിക്കുക എന്നൊക്കെ
ഒരു ട്രെന്ട്‌ ഉണ്ടായില്ലേ അപ്പോഴാണ്‌ ഞങ്ങളും തറവാട്ടമ്പലം പുതുക്കി
പണിതതും പ്രതിഷ്ടാ കര്‍മ്മങ്ങള്‍ നടത്തിയതും .

ഭഗവതി ,പൊന്മുടി ,കരിംകുട്ടി ,കാപ്പിരി തുടങ്ങിയ ഏഴോളം മൂര്‍ത്തികള്‍ മുത്തശ്ശന്‍ പ്രതിഷ്ടിച്ചിട്ടുണ്ട് .
അവര്‍ കളം കൈക്കൊള്ളാന്‍  വരുമ്പോള്‍ അവര്‍ക്കാവേശിക്കാന്‍ എണ്ണത്തില്‍ കുറയാത്ത കോമരങ്ങളും ഒരുങ്ങി നില്‍ക്കണം .
അതിനായി ഞങ്ങള്‍ എല്ലാവരും വ്രതമെടുത്ത് തയ്യാറായി നില്‍പ്പുണ്ട് .

എങ്ങനെയാണ് മൂര്‍ത്തികള്‍ ആവേശിക്കുന്നതു എന്ന ആകാംഷയോടെ ഞാനും അവരില്‍ ഒരാളായി അങ്ങിനെ നില്‍ക്കുകയാണ് .

ആദ്യം തുള്ളിത്തുടങ്ങിയത് രാഘവചെറിയച്ചന്‍ .
പിന്നെ ജേഷ്ടന്‍മാരായ വിച്ചു ,ശ്രീനിവാസന്‍ ,ഉണ്ണികൃഷ്ണന്‍ ,മുകുന്ദന്‍ ...
എനിക്കും ശ്രീധരന്‍ ,മണി ,സുരേഷ് എന്നീ ജേഷ്ടന്മാര്‍ക്കും കലി വരുന്നുമില്ല .
(രണ്ടു മൂന്നു കൊല്ലം കൂടി പ്രതിഷ്ടാദിനത്തിന് ഞാന്‍ തുള്ളാന്‍ നിന്നിട്ടുണ്ട് .നോ രക്ഷ !
ഫലം കോമരക്കാരില്‍ നിന്നും ഔട്ട്‌ ..)

വെളിപ്പെട്ട മൂര്‍ത്തികള്‍ ആരെന്നു കണ്ടു പിടിക്കണം .
ആദ്യം വെളിപ്പെട്ട  രാഘവചെറിയച്ചന്റെ ചുറ്റും എല്ലാവരും കൂടി .

"ഈ വെളിപ്പെട്ടു വന്നത് ആരാണാവോ ?"
അച്ഛന്‍ ചെറിയച്ചനോട് ചോദിച്ചു .

"ഞാന്‍ അച്ഛനാടാ ..."
ചെറിയച്ചന്‍ മൂര്‍ത്തിയെ വെളിപ്പെടുത്തി !

മുത്തശ്ശന്‍ വന്നു ..മുത്തശ്ശന്‍ വന്നു ...
ഞങ്ങള്‍ക്ക് ആഹ്ലാദമായി ....

"കര്‍മ്മങ്ങളെല്ലാം കൈക്കൊണ്ടു സന്തോഷമായില്ലേ ?"
അച്ഛന്‍ മുത്തശ്ശനോട് ചോദിച്ചു .

"സന്തോഷമായി ,പക്ഷെ ഞാന്‍ ഒരു കാര്യം പറഞ്ഞിരുന്നു .
അതിത് വരെ  നടത്തി തന്നില്ല "

അതെന്തു കാര്യം ?
എല്ലാവരും മുഖത്തോടു മുഖം നോക്കി .

"ഞങ്ങള്‍ക്ക് മനസ്സിലായില്ല !"

"എനിക്ക് കല്ലറ പണിതു തരണമെന്ന് പറഞ്ഞിരുന്നില്ലേ ,
അതെവിടെ ?"

ഒടുവില്‍ കല്ലറ പണിതു കൊടുക്കാമെന്നു സമ്മതിച്ചതിന് ശേഷമാണ് മുത്തശ്ശന്‍ കളം കൈക്കൊണ്ടത് !

അങ്ങിനെ മരിച്ചതിനു ശേഷവും മക്കളെക്കൊണ്ടും പേരക്കുട്ടികളെക്കൊണ്ടും വരച്ച വരയില്‍ നിര്‍ത്തി മുത്തശ്ശനും മുത്തശിക്കും കല്ലറകള്‍ പണിയിച്ചു മുത്തശ്ശന്‍ !

അടുത്ത പ്രതിഷ്ടാദിനത്തില്‍ മുത്തശ്ശന്‍ വെളിപ്പെട്ടപ്പോള്‍ ഹാപ്പിയായിരുന്നു .
പക്ഷെ മൂര്‍ത്തികള്‍ മൂഡോഫ് ആയി !
തങ്ങളുടെ നിവേദ്യത്തില്‍ സാദാ പ്രേതങ്ങള്‍ കൂടിക്കലര്‍ന്നു കൈയ്യിട്ടു വാരുന്നു എന്നാണു അവരുടെ പരാതി .
അയിത്തം തന്നെ !

അങ്ങിനെ മൂര്‍ത്തികളുടെ പരാതി പ്രകാരം പ്രേത വേര്‍പാട് നടത്തി
പാവം മുത്തശ്ശനെയും മറ്റുള്ളവരെയും നാട് കടത്തി .
ഇനി മുതല്‍ ആരും മുത്തശ്ശനോ മറ്റുള്ളവര്‍ക്കോ ഒരു കര്‍മ്മവും നടത്തരുത് .
അങ്ങിനെ ചെയ്‌താല്‍ വീണ്ടും കാശ് ചിലവാക്കേണ്ടിവരും എന്ന് കര്‍മ്മികളുടെ വക താക്കീതും  !

ശ്ശെ ..
മുത്തശ്ശനെ തിരിച്ചു കിട്ടിയതില്‍ സന്തോഷിച്ചതായിരുന്നു .
ഒക്കെ വെറുതെയായി .
അയിത്തോച്ചാടനം അവിടെയും വേണം എന്ന് എനിക്കും തോന്നുന്നു . 

ഓഗസ്റ്റു ഇരുപത്തി ഏഴിനാണ് ഇക്കൊല്ലത്തെ പ്രതിഷ്ടാദിനം .
ഈ അനീതി മൂര്‍ത്തികളോട് ചോദിച്ചിട്ട് തന്നെ ബാക്കി .
നിങ്ങളും വരുമല്ലോ .
(എന്റെ ഒരു ബലത്തിനാണ്)

******************







2011, മേയ് 2, തിങ്കളാഴ്‌ച

വൈദ്ദ്യരോടൊത്ത്...

നേരം പുലര്‍ന്നോ?
അറിഞ്ഞിരുന്നില്ല !
നാഴിക മണിയുടെ സ്പന്ദന മറിയാതുള്ള ചിന്തയുടെ പെരുമഴക്കാലം.
........................ 

ടിര്‍ണീം....ടിര്‍ണീം ...

"ഹലോ ..."

"ഇത് ഞാനാണ് "

"മാഷാണല്ലേ ..
ഞാന്‍ കാത്തിരിക്കയായിരുന്നു .
എന്തായി ?"

"ഞാനല്ലേ ഏറ്റത്..
പിന്നെന്താ !
ഇപ്പോള്‍ അവന്‌ എങ്ങനെ ഉണ്ട് ?"

"ചിന്തിക്കാനുള്ള ഒരുക്കത്തില്‍ തന്നെ.
പിച്ചിയും മാന്തിയും മാറ്റാന്‍ പറ്റുന്ന കാര്യമാണോ മാഷേ ...
ആലോചിച്ചിട്ട് ഒരു സമാധാനവുമില്ല ..."

"അപ്പോള്‍ എന്‍റെ കാര്യമോ ?
ഇപ്പോള്‍ തന്നെ അവന്‍റെ ഫോളോ വരിക്കാര്‍ വിളിച്ചിട്ട് സ്വൈര്യം തരുന്നില്ല !
'എന്ത് നല്ല മനുഷ്യനായിരുന്നു ...
ഇതൊന്നും കണ്ടിട്ടും വായിച്ചിട്ടും  സഹിക്കാന്‍ പറ്റുന്നില്ല ...
ഓര്‍ത്തോര്‍ത്തു  കരഞ്ഞിട്ടാണെങ്കില്‍ കണ്ണിലും വെള്ളമില്ലാണ്ടായി ...'
എന്നൊക്കെ പറഞ്ഞുള്ള അവരുടെ സങ്കടം ഒന്ന് കേട്ട് നോക്കണം ..!"

"ഉവ്വോ !
ഇനിയിപ്പോള്‍ അവരൊക്കെ കാണാന്‍ ഇങ്ങോട്ട് വരുമല്ലോ .
ഊണിനു ഉണ്ടാകുമോ എന്തോ ?"

"ഏയ്‌ ..അതുണ്ടാവില്ല .
ജീവനില്‍ കൊതിയില്ലാത്തവര്‍ ആരാ !
പിന്നെ അവന്‍ വൈലന്റായി തുടങ്ങിയോ ..?"

"അങ്ങനെ ചോദിച്ചാല്‍ ...
ചിന്ത തടസപ്പെട്ടാല്‍ പാല്‍ക്കുപ്പി പോയ കുട്ടികളുടെ തോതാണ് .
നിര്‍ത്താതെ ഒരേ കരച്ചിലും ബഹളവും ."

"പായില്‍ മൂത്ര മൊഴിക്കുന്നുണ്ടോ..."

"ശ്ശെ ..ഇല്ലന്നെ ..."

"എന്തായാലും നീ സൂത്രത്തില്‍ അവനെ ഇങ്ങോട്ട് പറഞ്ഞു വിട് .
ബാക്കിയൊക്കെ ഞാന്‍ നോക്കിക്കോളാം .
പിന്നെ ഒരു കാരണവശാലും പുതിയ പോസ്റ്റിടാന്‍ സമ്മതിക്കരുത് .
എന്നാല്‍ വെക്കട്ടെ ..."

"അങ്ങിനെ ചെയ്യാം .
അപ്പോള്‍ ശരി ..."
............................

എന്‍റെ ചിന്ത !
എന്തിനാണ് ഇവര്‍  അവളെ തടസ്സപ്പെടുത്തുന്നത് ?
ഞാന്‍ അസഹ്യതയോടെ മുഖമുയര്‍ത്തി .

"എന്താ എന്താ വേണ്ടത് ...?"

"ദേ മനുഷ്യാ നിങ്ങളോട് ആ മാഷ്‌ ഒന്ന് അത്രടം വരെ ചെല്ലാന്‍ പറഞ്ഞു ."

"പിന്നെയും വന്നു എല്ലാം തെറ്റിച്ചല്ലേ...
ഏതു മാഷാണ് .പണ്ടാരം .....?"

"പിന്നേ ...
എത്ര മാഷുംമാരുണ്ട് നിങ്ങളെ വിളിക്കാന്‍ !
ആ അനോണി മാഷ്‌ .
അല്ലാണ്ടാരാ ..."

"ഇവര്‍ക്കൊക്കെ വിളിക്കാന്‍ കണ്ട നേരം...
എല്ലാം ഒന്ന് ചുറ്റി മുറുകി വരുമ്പോള്‍ പെട്ടന്നങ്ങോട്ടു അഴിച്ചു വിടും !"

"വേണ്ടാ .
സ്ഥിരമായി അങ്ങോട്ട്‌ കുറ്റിയടിച്ച് കെട്ടാം !
അയ്യയ്യോ ..തല നന്നായി ചൂടായല്ലോ...
ഫ്രിഡ്ജില്‍ ഐസ് ഉണ്ടോന്നു നോക്കട്ടെ ..."
......................................

വെയിലിനു പത്തരമാറ്റു ചൂട് !
ചെന്ന് കയറുമ്പോള്‍ ആകെ വിയര്‍ത്തു പോയി .
എസ് എം എസ് വഴി ഏസി ഓണ്‍ ചെയ്തിടാന്‍ എനിക്കാവുമായിരുന്നെങ്കില്‍ !

കോളിംഗ് ബെല്‍ അടിച്ചു കാത്തു നിന്നു.
തൊണ്ട ക്കുഴികള്‍ മഴ കാത്ത വേഴാമ്പലിനെ പോലെ കേണു കൊണ്ടിരുന്നു .
ഊഷര ഭൂമേ ...
നീയൊരു പ്രളയമായ് എന്നില്‍ വന്നു നിറഞ്ഞെങ്കില്‍...!

ടര്‍...................
വാതില്‍ തുറന്നു വരുന്നു ...
ഒരു പ്രഹേളികയില്‍ നിന്നെന്ന പോലെ !

"ങേ ..നീയായിരുന്നോ.... ?"

"എന്തുണ്ട് ചേടത്തി ..വിശേഷങ്ങള്‍ ?
മാഷുണ്ടോ ?"

"ഹത് ..പിന്നെ...ഉണ്ണാന്‍ ...ഇപ്പൊ ഇരുന്നതെയുള്ളൂ .
കൈ കഴുകി വരട്ടെ .
അതുവരെ മോനവിടെ നില്‍ക്ക്..."
(വാതില്‍ അടച്ചിട്ടു പോകാം .അതാ ബുദ്ധി !).
..................

"എടീ വെറോണി..
ആരാ അവിടെ ?"

"അവിടെ ആ pushpamgad kechery വന്നിട്ടുണ്ട് ..."

"ആ അവനെത്തിയോ ...
ഞാന്‍ വിളിപ്പിച്ചതാണ് .."

"നിങ്ങള്‍ എന്തിനാ ഓരോ പുലിവാലുകള്‍ തലയില്‍ വെക്കുന്നത് .."

"ഇതും ഒരു തലയുടെ കാര്യമല്ലേ ...
ഇവനെ ശരിയാക്കി എടുക്കാനുള്ള കുറ്റി നന്നായി അടിച്ചുറപ്പിച്ചു തന്നെയാടി ഞാന്‍ നില്‍ക്കുന്നത് ...
ഹഹഹ ....."
......................

എല്ലാവരും എന്തില്‍ നിന്നും എന്തിനോക്കയോ മറച്ചു നിര്‍ത്തുണ്ടോ ..
പകലുകളെ ഇരുട്ടിനു ഒറ്റുന്നുണ്ടോ...
സംശയമില്ലാത്ത മീറ്റുകളില്‍ ഒരു ഈറ്റും വിളമ്പി വെക്കപ്പെടാത്തതെന്തുകൊണ്ട് ?

"ങാ ..നീ വന്നോ !
ഞാന്‍ കാത്തിരിക്കയായിരുന്നു ...."

"മാഷ് വിളിച്ചെന്ന് പറഞ്ഞു ..?"

"ഉവ്വ ഉവ്വ ..
കൂടുതല്‍ വെളുപ്പിക്കരുതെന്നു പറയാന്‍ വിളിച്ചതാണ് .
നിനക്ക് ദൈവത്തിന്‍റെ അച്ഛന്‍ മുത്തു പട്ടരാണ് നീ എന്നൊക്കെ തോന്നി തുടങ്ങി അല്ലെ ..?"

"എനിക്കൊന്നും മനസിലായില്ല !"

"ഒക്കെ ഞാന്‍ വായിക്കുണ്ടായിരുന്നു.
'ഞാന്‍ ദൈവമാണ്  നീ ദൈവമാണ്  നമ്മള്‍ ദൈവമാണ് ...'
എന്തൊക്കെയാടാ ഇതിന്‍റെ അര്‍ത്ഥം ?"

"അനോണി മാഷ് വെറുതെ എന്നെ കുറ്റം പറയരുത് !
ഞാന്‍ പറഞ്ഞത് ശരിയാണ് ."

"നിനക്ക് ശരിയായത് വേറെ എത്ര പേരുടെ അന്തവും കുന്തവും ബോധവും ആണ് ഊരിയെടുത്തതെന്നോ !
ആ പാസ് വേഡ് ഇങ്ങോട്ട് പറ .
ഇന്ന് മുതല്‍ ഞാന്‍ നിന്നെ ഹാക്ക് ചെയ്യാന്‍ പോവുകയാണ് .
നീ ദൈവമാണെങ്കില്‍ ഇപ്പോള്‍ എനിക്ക് ഒരു ഫുള്ളുണ്ടാക്കിതരണം .
എന്താ പറ്റുമോ ?"

"മാഷെന്നെ തെറ്റിദ്ധരിച്ചതാണ് !
എന്‍റെ ദൈവം ഈ അഴുകിപ്പോവുന്ന ശരീരമല്ല .
ഒരു തളര്‍വാതം വന്നാല്‍ ഒന്നനങ്ങാന്‍ പോലുമാകാതെ കിടന്ന കിടപ്പില്‍ ഒന്നും രണ്ടും സാധിക്കുന്ന ഈ ഞാനെന്ന ഈഗോ യുമല്ല !
അത് വെറുമൊരു ഭ്രൂണത്തില്‍ നിന്നും ഇക്കാണുന്ന എന്നെ വളര്‍ത്തി വലുതാക്കി ഈ നിമിഷം ഇവിടെ ഇതൊക്കെ എന്നെക്കൊണ്ട് പറയിക്കുന്ന നിതാന്ത വിസ്മയമായ എന്‍റെയും എന്‍റെ അപ്പനപ്പൂപ്പന്റെയും മാഷിന്റെയും മാഷിന്റെ അപ്പനപ്പൂപ്പന്റെയും ഒക്കെ ആയ ജീവ ചൈതന്യത്തെ പറ്റിയാണ് ഞാന്‍ ദൈവം എന്നുദ്ദേശിച്ചത് "

(ദേ ..ഇവനെന്‍റെ അപ്പനും അപ്പൂപ്പനും വിളിച്ചു !
ഇവനെ ഞാന്‍ ...)
"എടാ മണ്ടാ ..
അപ്പോള്‍ നീയെന്ന ഈഗോയും നിന്‍റെ ജീവചൈതന്യവും വേറെ ആളുകള്‍ ആണോ ?"

"അല്ല .
നമ്മുടെ ഒറിജിനല്‍ ആയ ജീവന്‍ ശരീരത്തില്‍ പ്രതിഫലിപ്പിച്ച ഒരു നിഴല്‍ ..
ജീവനില്ലാതെ നിലനില്‍പ്പില്ലാത്ത വെറും ഒരു നിസ്സഹായനായ നിഴല്‍ മാത്രമാണ് ഈ ഈഗോ എന്ന ഞാന്‍ !
എന്‍റെ ശരീരത്തെയും ഈ ഈഗോയേയും യോഗ ശക്തികൊണ്ട് ചിത്ത വൃത്തി നിരോധനം ചെയ്തു എല്ലാ ഭേദിച്ച്  ഈ നിഴല്‍ മറക്കപ്പുറത്തുള്ള യദാര്‍ത്ഥ ജീവ ചൈതന്യത്തെ മുന്നില്‍ കൊണ്ട് വന്നു നിര്‍ത്തുന്നുണ്ട് ഞാന്‍ ...
ജസ്റ്റ്‌ റിമംബര്‍ ദാറ്റ് ...
ഷിറ്റ് .."

"ഉവ്വുവ്വ .
നിന്‍റെ ചിത്ത വൃത്തി പോയാല്‍ പിന്നെ നീയുണ്ടോടാ ...
ഇല്ലാത്ത നീ പിന്നെ ആരെ കൊണ്ട് വരാനാടാ ?"
.....................................

"എടീ വെറോണി..
എനിക്ക് വിറച്ചിട്ടു പാടില്ല .
അവന്‍ ചിത്ത വൃത്തിയൊക്കെ ഇല്ലാണ്ടാക്കാന്‍ പോണൂന്ന് !
ഇങ്ങോട്ട് വരേണ്ട ദൈവത്തിനെ അങ്ങോട്ട്‌ ചെന്ന് വിളിച്ചോണ്ട് വരാനുള്ള പദ്ധതിയാണെന്ന് !
നീ അപ്പുറത്ത് ചെന്ന് ആ കീരിക്കോടനെ കൂടി ഒന്ന് വിളിച്ചോണ്ട് വായോഡീ..
എന്നെകൊണ്ട്‌ ഒറ്റയ്ക്ക് കൂടില്ല ... 
നേരം വൈകും തോറും പ്രശ്നമാണ്."
..........................


ഈഗോ അശരണമായ ശരീരത്തിന്റെ ഭാവനാസൃഷ്ടി .
ഇതിന്റെ കാരണക്കാര്‍ ആരാണ് ?
പ്രതിപ്പട്ടികയില്‍ നില്‍ക്കുന്നത് പ്രിയപ്പെട്ട മനസ്സും ബുദ്ധിയും ഇന്ദ്രിയങ്ങളും !
എന്റെ പ്രിയപ്പെട്ടവരേ നിങ്ങളെ ഞാന്‍ അവഗണിക്കും .
ഈ പ്രിയപ്പെട്ട എന്റെ ശരീരവും ഇങ്ങനെ തിരസ്കരീകൃതമാവും.
ഒടുവില്‍ ഞാനും ഉണ്ടാവുകയില്ല .
അവന്‍ മാത്രം ബാക്കിയാവും !

ആദ്യം ശ്വാസം നിയന്ത്രിക്കാന്‍ പ്രാണായാമം .
പിന്നെ സുഷുമ്നക്ക് കീഴെ സുഷുപ്തിയില്‍ കിടക്കുന്ന കുന്ധലിനി ശക്തിയെ ഉണര്‍ത്തണം .
ഷഡ് ചക്രങ്ങളും ഭേദിച്ച് സെറിബ്രത്തില്‍  കൊണ്ട് ചെല്ലണം .
അങ്ങിനെ പ്രാണന്റെ അതി സൂക്ഷ്മ തലത്തില്‍ വ്യാപരിച്ചു കൊണ്ട് മുന്നോട്ട്.

യോഗ ശക്തി വിറ്റിട്ട് കുറെ പണമുണ്ടാക്കണോ?
പേരും പ്രശസ്തിയും ഉണ്ടാക്കണോ ?

വേണ്ട വേണ്ട !
ഈഗോയെ അതിജീവിച്ചു എങ്ങനെ എങ്കിലും ദൈവത്തിന്റെ അടുതെത്തണം.

"വൈദ്യര് മാഷെ ..സുഖമാണോ ?"

"ങാ ,നിങ്ങള്‍ എത്തിയോ !
സുഖമാണോ എന്ന് ചോദിച്ചാല്‍ മുന്‍പൊരു കുഴപ്പവും ഉണ്ടായിരുന്നില്ല .
എന്നാല്‍ തന്റെ പോസ്റ്റു വായിച്ചതു മുതല്‍ തലയില്‍ ചെറിയൊരു
മൂളക്കം പോലെ .."

"എനിക്കും മൂളാന്‍ തുടങ്ങിയപ്പോളാണ് ഇവനെ ഇങ്ങോട്ട് കൊണ്ട് വന്നത് !
എന്നാല്‍ ഞങ്ങള്‍ പോയിട്ട് വരാം.
ചെന്നിട്ടല്‍പ്പം കാര്യമുണ്ട് .
എന്നാല്‍ ശരി ..."

"അനോണി ...
പോകാന്‍ വരട്ടെ .
ഈ എണ്ണ കൂടി കൊണ്ട് പൊയ്ക്കോളൂ .
രണ്ടു നേരം തലയില്‍ നന്നായി തേച്ചു പിടിപ്പിക്കണം .
ഞാനും തേക്കുന്നുണ്ട്.
ഇല്ലെങ്കില്‍ പെട്ടുപോകും "

"അത് നന്നായി .
എന്നാല്‍ ഞാനങ്ങോട്ട്..."

"അപ്പോള്‍ ശരി ...
ഇതെന്താ നീ വെയിലത്ത് തന്നെ നിന്ന് കളഞ്ഞത് !
ഈ തണലിലേക്ക്‌ മാറി നില്ക്കാ .."

"അപ്പോള്‍ വൈദ്യരെ ,
ആസനം തുടങ്ങാമല്ലേ ..?"

"തുടങ്ങാമല്ലോ ...
ആദ്യം കാലൊന്നു കെട്ടിയിടട്ടെ."

"കെട്ടിക്കഴിഞ്ഞല്ലോ!
ഇനി ആസനം  കൂടി കാണിച്ചു തന്നാല്‍ ...?"

"അതൊന്നും കാണിച്ചു തരാനൊന്നും ഇപ്പോള്‍ പറ്റില്ല.
അത് ..പിന്നെ ..ഞാന്‍ ..
ഞാനാ തിരിച്ചില് കാരനുമൊത്തു ഒരു ബ്ലോഗ്‌ ഈറ്റിന് പോയിട്ടിപ്പോള്‍ 
വന്നതേ യുള്ളൂ .
'ഗ്ഹ്വേം....' 
കണ്ടില്ലേ വയറു നിറഞ്ഞിരിക്കുന്നത് ."

"കണ്ണും നിറഞ്ഞിട്ടുണ്ടല്ലോ...?"

"കറികള്‍ക്കൊക്കെ നല്ല എരിവുണ്ടായിരുന്നേ....
അപ്പോള്‍ ഞാന്‍ തളം ശരിയാക്കി വരാം "

കാര്യങ്ങള്‍ നിങ്ങളും അറിഞ്ഞുവല്ലോ .
എല്ലാം പരിശീലിച്ചു വരുന്നുണ്ട് .
ഫലം കാണുന്നത് വരെ എല്ലാവരും കാത്തിരിക്കണം .
എന്നാല്‍ ശരി ...........
***************



  





  


2011, ഏപ്രിൽ 24, ഞായറാഴ്‌ച

എന്നാല്‍ ശരി ...

എന്താ പിന്നെയും ചിന്തിക്കുന്നത് !
'അപ്പോള്‍ ശരി ,
ചിന്തിക്കാന്‍ ഇനി ഞാനില്ല' എന്നും പറഞ്ഞു പോയതാണ്  !
എന്നിട്ട് എന്താ വീണ്ടും ..?
എന്താ ഉദ്ദേശം ..?
..........................

"ഈ മോന്‍ ആരാണ് ?"

എല്ലാ കാര്യങ്ങളും ചിന്തിച്ചു ശരിയാക്കിയല്ലോ എന്ന് വിചാരിച്ചു അതിന്റെ ഒരു നോവില്‍ ഇരിക്കുകയായിരുന്നു ഞാന്‍ .
അന്നേരം എന്തിനാ നിങ്ങള്‍ ഇങ്ങനെ ഒക്കെ ചോദിച്ചത് ?
അതുകൊണ്ടല്ലേ പിന്നെയും ഞാന്‍ ...
ശ്ശെ ..ശ്ശൊ ...ഇനി ഞാന്‍ എന്ത് ചെയ്യും !

ചോദ്യം കേട്ട പാടെ ഊണും ഉറക്കവും ഇല്ലാണ്ടായി .
വീണ്ടും ടിക്കറ്റെടുത്തു ബാല്‍ക്കണിയിലേക്ക് ഓട്ടവും ആയി !
മൂട്ട കടിയേറ്റു തഴംബിച്ച് പോയ എന്റെ ചിന്തകള്‍ പിന്നെയും പണി തുടങ്ങി !

ആരായിരിക്കും ഈ മോന്‍ ?
ചിന്തിക്കൂ ...
ചിന്തിച്ചു കണ്ടു പിടിക്കൂ ...

ചിന്തിക്കുന്നതൊക്കെ ശരി തന്നെ .
ഉത്തരം ശരിയായാല്‍ ലഡ്ഡു കിട്ടുമായിരിക്കും ,
പക്ഷെ ഉത്തരം തെറ്റിയാല്‍ അടി കിട്ടുന്ന പണിയുമാണ്.
അടി കിട്ടാത്ത ഒരു ഉത്തരം എവിടന്നു കിട്ടും ?
ആകെ കൂടി നിങ്ങളാണ് എന്റെ ഒരു ബലം !
(...........................*#@!!)

അപ്പോള്‍ നമ്മള്‍ ചിന്തിച്ചു നിര്‍ത്തിയത് പോലെ,
ആ ദൈവമാണല്ലോ ഈ ദൈവം എന്ന് പറയുന്നത് .
ഈ ദൈവം എന്ന് പറയുമ്പോള്‍ അത് അരൂപിയാണല്ലോ !
ഈ അരൂപി എന്ന് പറയുമ്പോള്‍ അത് ആദ്യം മുതലേ നമ്മളോട് സംസാരിച്ച ആളാണല്ലോ !
പിന്നെ ഇടക്കെന്തു സംഭവിച്ചു ?
അതാണ്‌ നമുക്ക് അറിയേണ്ടത് ..

ദൈവവും മനുഷ്യനും തമ്മിലുള്ള അകലം ഇല്ലാണ്ടാക്കണം എന്ന് ദൈവം നിശ്ചയിച്ചതിന്റെ ഫലമായാണ്  ഈ മോന്‍ വരുന്നത് .
ശേഷിച്ച അകലം കൂടി ഇല്ലണ്ടാക്കണം എന്ന് കൂടി നിശ്ചയിച്ചതിന്റെ ഫലമായി പ്രവാചകനും വന്നു !

പഴയതില്‍നിന്നും പുതിയതിലെക്കും പുതിയതില്‍നിന്നും വീണ്ടും പുതിയതിലേക്കും ഉള്ള ഈ മാറ്റം എന്തിനായിരുന്നു എന്ന് നമുക്ക് ആരോട് ചോദിയ്ക്കാന്‍ പറ്റും ?

ഇതെല്ലാം ചെയ്തതും ചെയ്യിക്കുന്നതും ദൈവം ഒറ്റ ആളാണ്‌ .
ഒക്കെ ഇങ്ങനെ പ്രപഞ്ചത്തിന്റെ ഉള്ളിലിരുന്നു ഒക്കെ ചെയ്തു കൂട്ടുകയാണ് .

അരൂപിയായി വന്നു കുറെ പറഞ്ഞു .
മകനായി വന്നു പിന്നെയും കുറെ പറഞ്ഞു .
പ്രവാചകനായി വന്നിട്ടും ഏറെ പറഞ്ഞു .
അവതാരമായി വന്നിട്ടും പറഞ്ഞിട്ടുണ്ട് .
ഇതൊക്കെ പോരാഞ്ഞ് നമ്മളായി വന്നിട്ട് ഈ പറഞ്ഞതൊക്കെ അനുസരിക്കുകയും ചെയ്യുന്നു!
നല്ല നാടകം തന്നെ !

ഇതൊക്കെ നമ്മളെ സ്വര്‍ഗ്ഗ പ്രാപ്തിക്കു അര്‍ഹാരാക്കുവാന്‍ ആണല്ലോ !
ആരൊക്കെ ആണ് ഈ സ്വര്‍ഗ്ഗ പ്രാപ്തിക്കു അര്‍ഹര്‍ ?

ദൈവം ഭാവി കാലം സൃഷ്ടിചതു തന്നെ  ഭാവികാലത്തില്‍ ജനിക്കാന്‍ ഇരിക്കുന്നവരെയും അങ്ങിനെ ജനിച്ചു സ്വര്‍ഗ്ഗത്തില്‍ പോകാനിരിക്കുന്നവരെയും ദൈവത്തിനു അറിയാന്‍ വേണ്ടിയിട്ടാണ്  .
അവരെ സ്വര്‍ഗ്ഗത്തില്‍ കൊണ്ട് പോകേണ്ട വഴിയും ഇതുപോലെ ഭാവികാലത്തില്‍ നിര്‍മ്മിച്ച്‌ വച്ചിട്ടുണ്ട്  !
ആ വഴി വര്‍ത്തമാന കാലത്തിലേക്ക് കണക്റ്റ് ചെയ്യുകയെ വേണ്ടു ...

നമ്മുടെ ഒക്കെ ഭാവി ഇങ്ങനെ മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ടിട്ടുള്ളത് കൊണ്ട് ഇവിടെ നമ്മള്‍ എന്ത് തല കുത്തി മറിഞ്ഞിട്ടും കാര്യമില്ല !
ആര്‍ എന്തൊക്കെ പറഞ്ഞാലും സ്വര്‍ഗ്ഗത്തില്‍ പോകാനുള്ളവര്‍ പോകും .
നരകത്തില്‍ പോകാനുള്ളവര്‍ അവിടേക്കും പോകും .
ഇക്കാര്യം പറയാന്‍ ഒരു മോന്‍ വന്നു എങ്കില്‍ ബാക്കി കൂടി പറയാന്‍ ദൈവം വേറെ എന്തൊക്കെ ചെയ്തു വച്ചിട്ടുണ്ടാകും !

അതുകൊണ്ട് എന്തിനു നമ്മള്‍ വെറുതെ ചരിത്ര പുരുഷന്‍ മാരെ ചൊല്ലി ഖേദിക്കുകയും പരസ്പരം പഴിക്കുകയും വഴക്കടിക്കുകയും ചെയ്യണം !
എല്ലാം ദൈവത്തിന്റെ നിശ്ചയമാണ് എന്ന് മനസ്സിലാക്കി സമാധാനിക്കുക .
അടുത്ത നിശ്ചയം കാണാന്‍ കാത്തിരിക്കുക .
ഹല്ല പിന്നെ ...!

അപ്പോള്‍ ഇനി വേറെ ചിന്തിക്കാനില്ല .
എല്ലാവരുടെയും സംശയങ്ങള്‍ അവസാനിച്ചു എന്ന് കരുതുന്നു .
എന്നാല്‍ ശരി,
കാണാം ....
('അപ്പോള്‍ ശരി ' വായിക്കാത്തവര്‍ ഇവിടെ ഞെക്കി നോക്കുക )
*****************










2011, ഏപ്രിൽ 12, ചൊവ്വാഴ്ച

അപ്പോള്‍ ശരി ...

ഇനി ഞാനില്ല !

എന്ത് നല്ല മോനായിരുന്നു ഞാന്‍ !
എല്ലാം കഴിഞ്ഞില്ലേ ....
പല മോഹങ്ങളും പ്രതീക്ഷകളും ഒക്കെയായി ഇവിടെ ഇങ്ങനെ ചിന്തിക്കാന്‍ ഇരുന്നതാണ് ! ഇപ്പോള്‍ ഇതാ ഈ അവസ്ഥയിലും ആയി !

ഇതില്‍ കൂടുതല്‍ എന്തെങ്കിലും സംഭവിക്കും മുന്‍പ് 'ചിന്ത' എന്ന പരിപാടി ഇവിടെ ഇങ്ങനെ അവസാനിപ്പിക്കുന്നു .
ദയവായി ആര്‍ക്കും ഇഷ്ടക്കേടൊന്നും തോന്നരുതേ ....

ഇനി നോബലിന് ഞാനില്ല .
നിങ്ങള്‍ വേണമെങ്കില്‍ നോക്കിക്കോളൂ .
എല്ലാവിധ മംഗളാശംസകളും ....

വെറുതെ ഇങ്ങനെ കുറെ നേരം എവിടെയെങ്കിലും ഇരിക്കുകയോ നില്‍ക്കുകയോ കിടക്കുകയോ ചെയ്യണം .
എന്നാലേ ചിന്ത വര്‍ക്കൌട്ടാവൂ.
അങ്ങിനെ ഒരിടത്ത് ചെന്നിരിക്കാനായി പറ്റിയ സ്ഥലം നമ്മുടെ നാട്ടില്‍ സിനിമാ തിയേറ്റര്‍ അല്ലാതെ മറ്റെന്താണ് !.

അച്ഛന്‍ സീരിയല്‍ എല്ലാം കണ്ടു ഹാപ്പി ആയിരിക്കുന്ന നേരം .

"അച്ഛാ ,ഒരു സിനിമക്ക് പോകണമായിരുന്നു .
കാശു വല്ലതും ..?"

"ഇന്നലത്തെ തൊക്കെ തീര്‍ത്തോ.....?

തിയറ്ററില്‍ പൊക്കോ ,
സിനിമ കണ്ടോ ....
കാശു തരാന്‍ അച്ഛന്‍ ഉണ്ടല്ലോ ...!
എടാ pushpamgad kechery...,
വയസ്സിത്ര ആയില്ലേ ?!
നീയിപ്പൊഴും കാല്‍ക്കാശിനു കൊള്ളാത്തവന്‍ ആയല്ലോടാ!"
'ആ ഇന്നാ ..'എന്നും പറഞ്ഞു അച്ഛന്‍ കുരുമുളകും അടക്കയും വിറ്റ കാശ് സൂക്ഷിക്കുന്ന പണപ്പെട്ടി തുറന്നു ദുട്ടുതന്നു .

"അച്ഛാ ആ പെട്ടിയുടെ താക്കോല്‍ കൂടി ..?"

"അടി ...പൊക്കോ അവിടന്ന് .."

അങ്ങിനെ തിയറ്ററില്‍ എത്തി പിന്നെയും ചിന്തിക്കാന്‍ തുടങ്ങി .

ഈച്ചയും പൂച്ചയും പുലിയും മനുഷ്യനും,
 പിന്നെ കൂടുതല്‍ വലിയ പുള്ളികളായ -
'ഉണ്ടാവട്ടെ 'എന്ന് മാത്രം പറഞ്ഞുകൊണ്ട് വലിയ വലിയ അതിശയങ്ങള്‍ ഉണ്ടാക്കുന്ന മാലാഖമാരും,
അവരും പോരാഞ്ഞു അകലങ്ങളില്‍ എവിടെയെങ്കിലും വേറെ ജീവനുണ്ടെങ്കില്‍ അവന്മാരും ഒക്കെയായി,
അഖിലാണ്ഡ മണ്ഡലം ആകെ നിറഞ്ഞു നിന്ന്
'ഇവന്മാരെ ഞാന്‍ 'എന്ന് പറഞ്ഞുകൊണ്ട് ,
 വിരല്‍ത്തുമ്പു കൊണ്ടെന്ന പോലെ  പ്രപഞ്ചം കറക്കുന്ന ആളാണ്‌ ദൈവം എന്ന് ഇതിനകം ഞാന്‍ ചിന്തിച്ച് കഴിഞ്ഞതാണ് .

ജീവന്‍ ദൈവമാണെങ്കില്‍ നമ്മള്‍ ആരാണ് എന്ന് കൂടി ചിന്തിച്ച് ഈ പരിപാടി ഇവിടെ അവസാനിപ്പിക്കുന്നു .

എന്റെ പൂര്‍വികന്‍ ആയ ന്യൂട്ടന്‍ പറഞ്ഞത് പോലെ, സൃഷ്ടിക്കാനോ നശിപ്പിക്കാനോ പറ്റാത്ത ഊര്‍ജത്തിന്റെ കാരണരൂപമായി ശ്യൂന്യതയില്‍ നിറയാതെ നിറഞ്ഞു കിടന്നിരുന്ന ആളാണല്ലോ ദൈവം!
(പുള്ളി ആരാ മോന്‍ !)

ഈ ദൈവം - 
ഞാന്‍ ,നീ,എന്റെ എന്നീ നിലവാരമില്ലാത്ത ചിന്തകളുള്ള കുറെ ആളുകളെ (നമ്മള്‍ നമ്മള്‍ !) ഉണ്ടാക്കണം എന്ന് അലോചിച്ചു !

അതിനു ആദ്യം ഇവറ്റക്ക് ഇപ്പോഴുള്ള സര്‍വജ്ഞ ബോധം ഇല്ലാണ്ടാക്കണം .
അതിനു എന്താ പണി?
പണി ഉണ്ട് !
ആദ്യം കുറെ ആറ്റങ്ങളെ ഉണ്ടാക്കി .
എന്നിട്ട് ഈ ആറ്റങ്ങളില്‍ തന്റെ ചൈതന്യം സന്നിവേശിപ്പിച്ചു .
പിന്നെ എന്താ കഥ !
ആദ്യത്തെ സൃഷ്ടി ഉണ്ടായി !

ഈ സൃഷ്ടിക്കു അഹംബോധം ഉണ്ടാവാനായി കണ്ണും മൂക്കും ചെവിയും വായുമൊക്കെ അത്യാവശ്യ മാണ്.
അതുകൊണ്ട് അവന്‍റെ ജീനുകളില്‍ അതിനുള്ള സെറ്റപ്പുകള്‍ ചെയ്തുവച്ചിരുന്നു!

എന്നിട്ട് പോരാത്തതിന്  ഇവന് പ്രണയം ഉണ്ടാക്കണം  എന്നാഗ്രഹിച്ചു എതിര്‍ ഗ്രൂപ്പില്‍ പെട്ട ഒന്നിനെയും സൃഷ്ടിച്ചു!
പോരെ പൂരം !

അങ്ങിനെ അവര്‍ തുടങ്ങുകയും കൂടുതല്‍ ഗ്രൂപ്പുകളും സംസ്കാരങ്ങളും ഉണ്ടാക്കുകയും പരസ്പരം ഭരിക്കാന്‍ തുടങ്ങുകയും ചെയ്തു .

ഇതിനിടയില്‍ മരിച്ചു പോയവര്‍  ആകട്ടെ ,
അവര്‍ ജനിക്കുന്നതിനു മുന്‍പ്,
'ഞാന്‍ ഒരു  ജീവന്‍ ആണല്ലോ ,
ജീവന്‍റെ ജീവന്‍ ആയ  ദൈവത്തില്‍ നിന്നും വന്നവനാണല്ലോ'  എന്നുള്ള ആത്മ ബോധം ശരീരത്തില്‍ ജീവിക്കുക നിമിത്തം നഷ്ടപ്പെട്ടു പോയതുകൊണ്ട്,
എന്‍റെ ശരീരം ..എന്‍റെ ശരീരം എന്നുള്ള  ശരീര ചിന്തയാല്‍ വലയുന്ന  ഒരു സാധാ പ്രേതം ആയി മറ്റുള്ളവരെ പേടിപ്പിക്കാന്‍ നടക്കുന്നു  (ബുഹുഹു ഹാ...).

ഇതില്‍ കൂടുതല്‍ വശപിശകുള്ളവരെ മാലാഖമാര്‍ തിരഞ്ഞുപിടിച്ചു  കൊണ്ട്പോകുകയും ,
അവരെ ചട്ടുകം നന്നായി പഴുപ്പിച്ചു ചന്തിയില്‍വച്ച് പൊള്ളിക്കുകയും ചെയ്യാറുണ്ട് .
ഹമ്മച്ച്യേ ....*#!
(... ......... .. അപ്പോള്‍ മനസ്സിലാക്കാം )

എന്നെ പോലെ വളരെ കഷ്ടപ്പെട്ട് ചിന്തിച്ചു ബുദ്ധിമുട്ടി ദൈവത്തെ കണ്ടു പിടിക്കുന്ന ചുരുക്കം പേരെ മാലാഖമാരുടെ കമ്മിറ്റിയില്‍ മെമ്പര്‍ ആക്കുകയും ചെയ്യും!
(ഈ കേച്ചേരിക്കാരൊക്കെ അങ്ങിനെ ആണ് ) 
ഹിഹിഹി ....

ദൈവം ഉണ്ട് എന്ന് ഇത്രയും ചിന്ത കൊണ്ട് തെളിഞ്ഞ സ്ഥിതിക്ക്  ഈ ലോകാവസാനവും ചിലപ്പോള്‍ ഉള്ളതായിരിക്കും !
ഇല്ലെന്നു പറയാന്‍ പറ്റില്ല .
ചിലപ്പോള്‍ ഉണ്ടായാലോ ?
പേടിയാകുന്നുണ്ടല്ലേ....

പേടിക്കേണ്ട കാര്യമില്ല .
മുന്‍പും ഇതുപോലെ സുനാമി വന്നു ലോകം അവസാനിച്ചപ്പോള്‍ കുറെ നിയാണ്ടര്‍താള്‍ മനുഷ്യന്മാരെ പെട്ടിയിലും കുട്ടയിലും ആക്കി ദൈവം രക്ഷപ്പെടുത്തിയ കഥ നമുക്കറിയാമല്ലോ.
  
ഇത്രയും പറഞ്ഞുകൊണ്ട് നിര്‍ത്തുന്നു .
അഭിപ്രായം പറയുന്നതൊക്കെ കൊള്ളാം ,
പക്ഷെ ചിന്തിക്കാന്‍ പറയരുത് ....
പറഞ്ഞാല്‍ ............?
ഇനി പൊട്ടിക്കാന്‍ ലഡ്ഡു ഒന്നും ബാക്കിയില്ല .
ങ്ങീ ... ഹീ ....ഹീ ...

**********************

2011, ഏപ്രിൽ 6, ബുധനാഴ്‌ച

നോബല്‍ എനിക്കും വേണം !

padmashree dr pushpamgad kechery .
കഴിഞ്ഞ ദിവസം പത്രങ്ങളിലും ടിവി ചാനലുകളിലുമൊക്കെ നിങ്ങള്‍ ഇങ്ങനെ ഒരു പേര് കണ്ടുകാണും !

പഹയന്‍ !
ഇതൊക്കെ സംഘടിപ്പിക്കാന്‍ കാശു കുറെ ചിലവാക്കിക്കാണും എന്നാവും നിങ്ങളുടെ ഉള്ളിലിപ്പോള്‍,
ശരിയല്ലേ ?
ഹിഹിഹി .....

...........................................

അയ്യോ പോസ്റ്റു മാറി ...!
ഇത് ഏപ്രില്‍ ഒന്നിന് പോസ്റ്റുന്നതിനു വേണ്ടി ഉണ്ടാക്കിയതായിരുന്നു !

ശ്ശെ ,ആകെ നാണക്കേടായി ....
ഒരു കൈയ്യബ്ദം പറ്റിട്ടോ. 
സോറി.
എന്റെ യൊരു കാര്യം !
ഒന്നിനും ഒരു ശ്രദ്ധയുമില്ല .

ആദ്യമായി ഇവിടെ വരുമ്പോള്‍ മനസ്സില്‍ ചില ആശകളും അഭിലാഷങ്ങളും ഒക്കെ ഉണ്ടായിരുന്നു .
ധാരാളമായി ചിന്തിച്ചു പല കണ്ടുപിടുത്തങ്ങളും നടത്തണം  ,
എന്നിട്ട് അതൊക്കെ നിങ്ങളോട് പറയുകയും  നിങ്ങള്‍ അതെല്ലാം വായിച്ചു ആശ്ചര്യ പ്പെടുകയും, അങ്ങിനെ വിയര്‍ത്തു കുണ്ടിതപ്പെട്ട് എനിക്ക്  ഒരു നോബല്‍ വാങ്ങിത്തരികയും ചെയ്യുമെന്ന് !
എന്നിട്ടിപ്പോള്‍ എന്തായി ?

തൊണ്ട വളരുന്നു .....
കാലുകള്‍ ഇരടുന്നു ......
എന്താ കാര്യം ?
ഹിഹിഹി ...
അത് തന്നെ ! 

ഈയിടെയായി ഞാന്‍ എന്തെഴുതാനിരുന്നാലും ഉടനെ പ്രണയത്തില്‍ അവസാനിക്കുന്നു .
അതിലെന്താ ഇത്ര പ്രശ്നം എന്നോ !
പറയാം .

ഹാവ് വ്  വ്   വ് ...................................

വന്നല്ലോ വനമാല !
പറഞ്ഞു നാക്ക് വായിലിട്ടില്ല,
അപ്പോഴേക്കും അവളിങ്ങെത്തി!
ഇനി കുറച്ചു നേരം ...ഇനി..ഒന്നും ...അ.....
z z z z z z z z z...............
.....................................
സോറി .
നിങ്ങള്‍ കാത്തിരുന്നു മുഷിഞ്ഞു അല്ലെ ?
ഞാനപ്പോള്‍ പറഞ്ഞതുപോലെ ഉറക്കത്തില്‍ പെട്ടുപോയി !

ഇതാണ് ഇപ്പോഴത്തെ അവസ്ഥ .
എന്തെഴുതാന്‍ തുടങ്ങിയാലും അപ്പോള്‍ വരും ഉറക്കം .
ഞാനാ അനോണി മാഷെ വിളിച്ചു ഉപദേശം തേടി നോക്കിയതാണ് .
രണ്ടു ഈര്‍ക്കില്‍ പൊട്ടിച്ചു കണ്ണില്‍ കുത്തി നിര്‍ത്തി നോക്ക് എന്നായിരുന്നു ഉപദേശം കിട്ടിയത് .
പക്ഷെ പ്രണയത്തിനു അതുണ്ടോ എശുന്നു!
ഈര്‍ക്കിളല്ല കാരിരുമ്പ് വച്ചത് പോലും മയിലെണ്ണ തേച്ചാല്‍ എന്നപോലെ വളഞ്ഞു പോയില്ലേ !

ഇവന്റെ കട്ടയും ആന മയില്‍ പടവും മടക്കാറായി എന്ന് മനസ്സിലാക്കി നമ്മളില്‍ പലരും ഇതിനകം പെട്ടിയും കിടക്കയും തലയില്‍ വച്ച് സ്ഥലം വിട്ടു .
നിങ്ങളുടെ മനസ്സിലും ഇതേ ലഡ്ഡു തന്നെ പൊട്ടുന്നുണ്ടാവും.
ഞാന്‍ വിഷമിച്ചാലോ എന്ന് വിചാരിച്ചു പറയാതിരിക്കുന്നതല്ലേ!

അപ്പോള്‍ പറഞ്ഞുവന്നത് ഓസ്കാറിനെ കുറിച്ചാണല്ലോ ....
സോറി .
നോബലിനെ കുറിച്ചാണല്ലോ .
അതിനി ഈ നിലക്ക് കിട്ടുമെന്ന് തോന്നുന്നില്ല !
അവസാന ശ്രമമെന്ന നിലക്ക് ഒരു ശ്രമം കൂടി .

ചന്ദ്രന്‍ .
രാത്രിയില്‍ നിലാമഴ പെയ്യിക്കുകയും, അടങ്ങിക്കിടക്കുന്ന പാവം കടലില്‍ ചില വേലിയേറ്റങ്ങളൊക്കെ  നടത്തുകയും ചെയ്യുന്ന സരസനും നമ്മുടെ അയല്‍ വാസിയുമായ പാവം ചന്ദ്രന്റെ മൌന നൊമ്പരങ്ങളെ പറ്റി നമ്മള്‍  എപ്പോഴെങ്കിലും  ചിന്തിച്ചിട്ടുണ്ടോ  ?

അവകാശങ്ങള്‍ നേടിയെടുക്കാന്‍ സമരം ചെയ്യാന്‍ അറിയില്ലായിരിക്കും ,
അവഗണിക്കപ്പെടുന്നവന്റെ പ്രതിഷേധമെന്നോണം രോക്ഷം കൊള്ളാനും നിന്നിട്ടുണ്ടാവില്ല .
അല്ലായിരുന്നെങ്കില്‍ ഭൂമിയിലെ പോലെ ചന്ദ്രനിലും ജീവനുണ്ടാവില്ലേ ?

ജീവന്റെ രഹസ്യം ഇനിയും കണ്ടുപിടിക്കാന്‍ ശാസ്ത്രകാരന്മാര്‍ക്ക് കഴിഞ്ഞിട്ടില്ലെങ്കിലും
ശരീരത്തിന്റെ രഹസ്യം അവര്‍ കണ്ടു പിടിച്ചിട്ടുണ്ട്  .

ഇനി പറയുന്നത് ശ്രദ്ധിച്ചു കേള്‍ക്കണം .
പണ്ടത്തെ പോലെ ആ പറക്കും തളികയിലെ ഗവേഷണക്കാര്‍ ഒന്നും വരാണ്ടായ സാഹചര്യത്തില്‍ ,
ഇരുപതിനായിരം വര്‍ഷം മുന്പത്തെ നമ്മുടെ പൂര്‍വികര്‍ ഉണ്ടല്ലോ .
അവരുടെ ആ  പഴയ ഫോസിലെടുത്തു കുറച്ചു നിയാണ്ടുര്‍ താല്‍  മനുഷ്യന്മാരെ ക്ലോണ്‍ ചെയ്തെടുക്കുക .

എന്നിട്ട് പത്തു തലമുറയ്ക്ക് കഴിയാനുള്ള ഓക്സിജനും ഫുഡ്ഡുമൊക്കെ കൊടുത്ത് അവരെ ചന്ദ്രനിലേക്ക് കൊണ്ടുവിടുക .
വേണമെങ്കില്‍ മൂന്നു കണ്ണും ,നാല് കയ്യും ഒക്കെ ഫിറ്റു ചെയ്തു കൊടുക്കാം എന്തെ ?
കാണാന്‍ നല്ല രസമായിരിക്കും !
ഹിഹിഹി .....

 ശാസ്ത്രകാരന്മാര് ആ ബാക്ടീരിയത്തിന്റെ ഒറിജിനല്‍ ജീനോം എടുത്തു കളഞ്ഞു
ഡ്യൂ പ്പ്ലിക്കെറ്റായി ഉണ്ടാക്കിയ ജീനോം കടത്തിവിട്ടു പുതിയ തലമുറകള്‍ സൃഷ്ടിച്ചത് പോലെ
മൂന്നു കണ്ണിന്റെയും നാല് കൈയ്യിന്റെയും ഒക്കെ സെറ്റപ്പുകള്‍ കൂട്ടിചേര്‍ത്തല്‍ മതിയല്ലോ .

അങ്ങനെ ചന്ദ്രന്റെ വിഷമവും മാറും .
പൂര്‍വികരോട് ആദരവു കാട്ടി എന്നുമാകും !

അത് നില്‍ക്കട്ടെ .
അപ്പോള്‍ ഈ ജീവന്‍ എന്ന് പറഞ്ഞത് ശരിക്കും എന്താണ് ?
അത് സര്‍വ്വ സൃഷ്ടി ക്കും കാരണക്കാരനായ ദൈവം തന്നെയല്ലേ ?
(കണ്ടുപിടുത്തമാണ് .ഞാനാരാ മോന്‍ !)

പ്രോട്ടോണ്‍ ,ന്യൂട്രോണ്‍ ,ഇലക്ട്രോണ്‍ എന്നീ ഊര്‍ജ്ജ കണങ്ങള്‍ക്ക് ചൈതന്യമേകി ,
സര്‍വവിധശരീരങ്ങള്‍ക്കും സ്വഭാവങ്ങള്‍ക്കും കാരണക്കാരായ 'ജീനോം' വേണ്ട വിധം പരിണമിപ്പിച്ചു
നാനാജാതിവിധമാക്കി ഈ വൈവിദ്ധ്യ പ്രപഞ്ചം ഉണ്ടാക്കുന്നവനായ ,
വളരെ മഹത്വമുള്ളവനും സര്‍വജ്ഞനും സര്‍വശക്തനും സര്‍വ വ്യാപിയും സര്‍വന്തര്യാമിയുമായ
എല്ലാവരും അറിയേണ്ടവനും എല്ലാ സ്തുതികള്‍ക്കും അര്‍ഹനുമായ സാക്ഷാല്‍ ദൈവം !
അത് തന്നെയല്ലേ ഈ ജീവന്‍ ?

എന്തായാലും നിങ്ങളും നിങ്ങളുടെ അഭിപ്രായം പറയുക .
ഒരുപക്ഷെ തുടര്‍ന്നും കൂടുതല്‍ കണ്ടുപിടുത്തങ്ങള്‍ നടത്താന്‍ എനിക്കവ പ്രയോജന പ്രദമായേക്കും!
**********************  


2011, മാർച്ച് 18, വെള്ളിയാഴ്‌ച

എന്റെ കാല്ക്കുലെറ്റര്‍.


ദയവായി എന്നെ കണ്ണുരുട്ടി നോക്കരുതേ ...
കമന്റെടുത്തെറിയരുതേ ....
എനിക്ക് പേടിയാണ് ....
കാരണം ,
ഞാനൊരു പാവമാണ് ....

26/1/72 ആണ് ജനനം .
തൂക്കം 80.കിലോ .
ഉയരം 5.അടി 9.ഇഞ്ച് .
കള്ളു കുടിക്കില്ല.
ബീഡി വലിക്കില്ല .
മുച്ചീട്ട് കളിക്കില്ല .
പെണ്ണുങ്ങളെ നോക്കി ദ്വയാര്‍ത്ഥത്തില്‍ കമന്റുക പോലുമില്ല !
എന്നിട്ടും ഡെത്ത്  കാല്ക്കുലെറ്റര്‍ എനിക്ക് തന്നത് 18.കൊല്ലവും 6.മാസവും 2.ദിവസവും മാത്രം ആയുസ്സ് !
പേടിക്കാന്‍ ഇനി എവിടെ പോകണം ?
അല്‍പ്പ സ്വല്‍പ്പം ബഡായി ഒക്കെ അടിക്കും എന്നല്ലാതെ എന്ത് തെറ്റാണ് ഞാന്‍ ചെയ്തത് !

ടിക്ക് ടിക്ക് ടിക്ക് ....
സെക്കണ്ടുകള്‍ കൊഴിയുന്നു ...
വെറുതെ ഒരു ജന്മം എന്ന് പറയിക്കാതെ, 
ഇനിയെങ്കിലും ഈശ്വര ഭജനമൊക്കെയായി കഴിഞ്ഞാലെന്താ?
ദൈവത്തെ കണ്ടിട്ടുള്ളവരും ശബ്ദം മാത്രം കേട്ടിട്ടുള്ളവരും ദൈവത്തെ കണ്ടിട്ടുള്ളവരെ കണ്ടിട്ടുള്ളവരും ഇനി കാണാന്‍ ശ്രമിക്കുന്നവരും ഇത് വായിച്ചിട്ട് എന്റെ രക്ഷക്കെത്തട്ടെ ...
പാഴായിപ്പോയ നിമിഷങ്ങളെ വിട ..
വില മതിക്കാത്ത പുതിയ നിമിഷങ്ങളെ വരിക ...

എന്റെ വീടിനെ പറ്റിയും വീട്ടുകാരെ പറ്റിയും ധാരാളം ചിന്തിക്കാറുണ്ട് .
അവര്‍ക്ക് വേണ്ടി (കൂട്ടത്തില്‍ എനിക്കും )ധാരാളം സമ്പാദിക്കാന്‍ ശ്രമിക്കുന്നുമുണ്ട് .
ആ സമയമാകട്ടെ ഇതാ അടുത്തുവരുന്നു ...
വെറും കയ്യോടെ വന്നു ,
വെറും കയ്യോടെ പോകേണ്ടിയും വരുന്നു !
അവിടെ എത്തിയാല്‍ ആ ചോദ്യമുണ്ടാകും ...
'നരകത്തില്‍ എടുക്കാതിരിക്കാന്‍ നീ എന്തൊക്കെ ചെയ്തു 'എന്ന് ...

ഇതെല്ലാം ഒരു പാവത്താന്റെ ചിന്തകള്‍ ആയതുകൊണ്ട് നിങ്ങള്‍ക്കു ചിരി വരുന്നുണ്ടാകും !
അണ്ണാന്‍കുഞ്ഞിനും തന്നാല്‍ ആയത് എന്നൊരു ചൊല്ലുണ്ടല്ലോ ,
അതുകൊണ്ട് അല്‍പ്പ സമയം ദൈവത്തെ വിചരിക്കാമെന്നു കരുതുന്നു .
ദൈവത്തെ പ്രണയിക്കുകയും പ്രണയത്താല്‍ ധ്യാനിക്കുകയും ചെയ്യുന്ന ഗുരു ഭൂതന്മാരെ , അനുഗ്രഹിക്കുക ...

ദൈവത്തിന്റെ മഹത്ത്വം ഉയര്‍ത്തിപ്പിടിക്കാന്‍ ചില വിഫല ശ്രമങ്ങള്‍ നടത്തിനോക്കാം ആദ്യം എന്ന് വിചാരിക്കുന്നു .
നിരീശ്വര വാദികള്‍ ചിരിക്കുക .

ശൂന്യതയില്‍ നിന്നും ഒരു പ്രപഞ്ചം ഉണ്ടാകുമോ ?
എവിടെ ..!
അപ്പോള്‍ ആ ശൂന്യതയില്‍ എന്തോ ഉണ്ടായിരുന്നു .
ഉണ്ട് ..
അതുറപ്പാ ..
അത് ദൈവമാണ് .

ശൂന്യതയില്‍ ഇരുന്നുകൊണ്ട് അവന്‍ പ്രപഞ്ചത്തെ സൃഷ്ടിക്കുമോ ?
പിന്നെ എവിടെ ഇരുന്നുകൊണ്ട് അവന്‍ പ്രപഞ്ചം സൃഷ്ടിച്ചു ?
അവന്റെ സിംഹാസനം എവിടെ ആയിരുന്നു ?

ചോദ്യം ആവര്‍ത്തിക്കുമ്പോള്‍ ഒരു ഉത്തരം ഉണ്ടാകുന്നു ,
ദൈവം ശൂന്യത പോലെ ആണെന്ന് ....!
ശൂന്യതക്ക് തുടക്കം എവിടെ ,
ഒടുക്കം എവിടെ ...?
അതുപോലെ ദൈവത്തിനും തുടക്കവും ഒടുക്കവും ഇല്ല !
കോടാനുകോടി നക്ഷത്രങ്ങള്‍ എങ്ങും വ്യാപിച്ചു കിടക്കെ അവിടെയെല്ലാം ആ പ്രഭാവ കേന്ദ്രം ഇല്ലാതെ വരുമോ ?
പ്രപഞ്ചത്തിന്റെ ഒരു ബിന്ദു പോലുമാകാത്ത ഈ ഭൂമിയിലിരുന്നു ദൈവത്തിന്റെ വ്യാപ്തി അളക്കാന്‍ മാത്രം വിഡ്ഢിത്തം ഞാന്‍ കാണിക്കാമോ ..!

ഈ ഭൂമി ഇളകിപ്പോകാതിരിക്കാന്‍ എങ്ങനെ ഉറപ്പിച്ചിരിക്കുന്നു എന്ന് നോക്കാം .
ഒരു സൂര്യനെ ആണ് അവന്‍ ഉറപ്പിച്ചിട്ടുള്ളത് !
സത്യത്തില്‍ സൂര്യനെയും ഉറപ്പിച്ചിട്ടുണ്ടോ ?
ഇല്ല .
ഈ സൌരയൂഥം ചേര്‍ന്ന ഗാലക്സികള്‍ മറ്റൊരു ഗാലക്സിയെ ചുറ്റുന്നു !
ആ കേന്ദ്ര ബിന്ദുവും മറ്റൊന്നിനെ ചുറ്റുന്നു ....

ഓരോ ഷെല്ലില്‍ വ്യത്യസ്ഥ അളവില്‍ ഇലക്ട്രോണുകള്‍ കറങ്ങി ത്തിരിയുന്നു .
ആ ഷെല്ലുകളും അത് പോലെ ചലിക്കുന്നുണ്ട് .
ചലനം ...
ചലനമാണ് ഈ പ്രപഞ്ചത്തിന്റെ അടിസ്ഥാന സ്വഭാവം .

ശൂന്യതയില്‍ നിന്നല്ല ഈ പ്രപഞ്ചമുണ്ടായത് .
ശൂന്യതയില്‍ നിര്‍വികാരനായി കിടന്നിരുന്ന ദൈവം വികാരത്തെ ചലിപ്പിക്കാന്‍ തുടങ്ങിയത് മുതലാണ്‌ .

കൂടുതല്‍ വിശദീകരണങ്ങള്‍ക്കായി ഒരു യോഗിയുടെ അടുത്തു പോകാം .
യോഗി എന്താണ് ചെയ്യുന്നത് ?

മനസ്സിന്റെ ചലനമാണ് എല്ലാ വികാരങ്ങള്‍ക്കും കാരണം എന്ന് മനസ്സിലാക്കി ആദ്യം അവന്‍ മനസ്സിനെ അവഗണിക്കാന്‍ തുടങ്ങും .
ഇങ്ങനെ മനസ്സൊതുങ്ങി ആത്മ തത്വം പ്രകാശിക്കാന്‍ തുടങ്ങുമ്പോള്‍ അവന്‍ ജ്ഞാനിയും മൂന്നു കാലങ്ങളിലും സഞ്ചരിക്കാന്‍ കഴിവുള്ളവനും നിഗ്രഹാനുഗ്രഹ ശക്തിയുള്ളവനും ആകുന്നു .
 
ദൈവവും മുപ്പത്തി മുക്കോടി ദേവതകളും തമ്മില്‍ അഹം ബോധം കൊണ്ടാണ് വേര്‍തിരിക്ക പ്പെട്ടിരിക്കുന്നത് എന്നറിയുന്ന യോഗി പിന്നീട് അഹം ഇല്ലാതാക്കി ദൈവത്തില്‍ ലയിക്കാന്‍ ശ്രമിക്കുന്നു .
വിജയിക്കുമോ ..?
ആകുമായിരിക്കാം,
ചിലപ്പോള്‍ ഇല്ലായിരിക്കാം ...
നമുക്കെന്തായാലും ഒരു യോഗിയൊന്നും ആകാന്‍ സമയമില്ലാത്തതുകൊണ്ടു ദൈവത്തെ പ്രണയിച്ചു കാര്യം നേടാം .

പ്രപഞ്ചം സൃഷ്ടിക്കുന്നതിനു മുന്‍പ് ,
അതിന്റെ ഭൂതകാലത്തില്‍ ഒരു കാര്യത്തിന് ഒരു കാരണം എന്ന നിലയില്‍ ദൈവം പ്രപഞ്ചത്തിന്റെ ഭാവിയും രൂപപ്പെടുത്തി .
ഒരു വിത്ത്‌ കുഴിച്ചിടുമ്പോള്‍ അത് മരമായി വളര്‍ന്നു കായ്ച്ചു ഫലം നല്‍കും എന്ന് നമുക്കറിയാം .
ഒരു സോഫ്ടുവെയര്‍ നിര്‍മ്മിക്കുന്ന ലാഘവ ത്തോടെയല്ല അത് .
ഒരു സോഫ്ട് വെയര്‍ പ്രവര്‍ത്തിക്കുന്നു എന്ന ലാഘവ ത്തോടെ ആണ് അത് സംഭവിക്കുന്നത്‌ !

കാരണം ദൈവം ആദ്യം തന്നെ പ്രപഞ്ചമെന്ന സോഫ്ടുവെയര്‍ നിര്‍മ്മിച്ചു കഴിഞ്ഞിരിക്കുന്നു !
ആ നിര്‍മാണ ക്രമത്തിനനുസരിച്ചു അതിപ്പോള്‍ നമ്മളൊക്കെ യായി പ്രവര്‍ത്തിച്ചു കാണിക്കുക മാത്രമാണിപ്പോള്‍ !

നമ്മള്‍ക്കൊക്കെ സ്വര്‍ഗ്ഗം നല്‍കാന്‍ ഞാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നില്ല .
കാരണം അത് മുന്‍പേ അവന്‍ നിശ്ചയിച്ചിട്ടുള്ള കാര്യമാണ് ,
പക്ഷെ അങ്ങനെ വിചാരിക്കുന്നു ....
അവിവേകങ്ങള്‍ തിരുത്തിതന്നാലും ....
***************

  







 

2011, മാർച്ച് 6, ഞായറാഴ്‌ച

മേസണെ തേടി...

സ്വപ്നങ്ങളെ പറ്റി ആര്‍ക്കും ഒരഭിപ്രായവുമില്ലേ !
എന്തായാലും ആദ്യം എന്റെ സ്വപ്നത്തെ പറ്റി പറയട്ടെ ..

ഇന്ന് ഞാന്‍ ഉണര്‍ന്നത് സൈറ്റില്‍ വെച്ചു കുട്ടന്‍ മേസ്തിരി മോശമല്ലാത്ത കുറച്ചു തെറികള്‍ എന്നെ വിളിക്കുന്ന സ്വപ്നവും കണ്ടാണ്‌ !

എന്നെ സംബന്ധിച്ചിടത്തോളം  എന്റെ ഇന്നത്തെ കാര്യം സംസാരിച്ചതാണ് ഈ സ്വപ്നം എന്നോട് .
അതുകൊണ്ട് തന്നെ മേസ്തിരി എന്നെ സൈറ്റില്‍ വെച്ചു ചീത്ത പറയാതിരിക്കാന്‍ വേണ്ടി ഇന്ന് ഞാന്‍ ലീവെടുത്ത്  വീട്ടിലിരിക്കുകയും ,
മേസ്തിരിക്ക് പകരം കടുപ്പമുള്ള ഭാഷയില്‍ തന്നെ ഭാര്യയുടെ വായില്‍ നിന്നും സ്വപ്നത്തില്‍ കണ്ടത് പോലെയൊക്കെ കേട്ടുകൊണ്ട് ഇപ്പോള്‍ ബ്ലോഗെഴുതിക്കൊണ്ടിരിക്കുന്നു !

ഇതുപോലെ തന്നെ സംഭവിച്ച മറ്റൊരു സ്വപ്നത്തെ പറ്റിയാണ് ഇവിടെ എഴുതുന്നത്‌ ...

എന്റെ വീടുപണി ഇനിയും കഴിഞ്ഞിട്ടില്ല !
മേസണ്‍ ജോബിയെ വിളിക്കണം എന്ന് വിചാരിച്ചു ഉറങ്ങാന്‍ കിടന്നതാണ് .
അന്നത്തെ സ്വപ്നത്തില്‍ ഞാന്‍ മേസണ്‍ ജോബിയെ വിളിക്കാന്‍ ചെന്നപ്പോള്‍ ജോബിയുടെ പട്ടി എന്നെ കടിക്കാന്‍ വിചാരിച്ചുകൊണ്ട്‌ പാടത്തും പറമ്പിലും ഇട്ടോടിക്കുകയാണ് ..!

സ്വപ്നം എന്തായാലും സത്യമാവും .
അതുകൊണ്ട് ജോബിയെ വിളിക്കാതെ വേറെ ഏതെങ്കിലും മേസണെ വിളിക്കാം .
അതാണ്‌ ബുദ്ധി ! .

ഒരു മേസണെ കിട്ടാന്‍ ഇനി എന്ത് ചെയ്യും എന്നാലോചിച്ചു നേരം വെളുപ്പിച്ചപ്പോള്‍ആണ് കോഴിക്കോട്ടും കുന്നംകുളത്തുമൊക്കെ മേസന്റെ ആപ്പീസുകള്‍ ഉള്ളകാര്യം ഒരു ബ്ലോഗില്‍ വായിച്ചത് ഓര്‍മ്മയില്‍ വന്നത് !

അങ്ങനെ ഞാന്‍ കുന്നംകുളത്ത് മേസണ്‍ ബംഗ്ലാവില്‍ എത്തപ്പെട്ടു.
എന്നെ കണ്ടപാടെ സെക്യൂരിറ്റി വട്ടത്തില്‍ നിരന്നു ഒരൊറ്റ പിടുത്തമാണ് !

"നീ ആരാടാ ?
എന്തിനാ വന്നത് ?"
കട്ടത്താടിയും മീശയുമൊക്കെ ഉള്ള ഒരു സെക്യൂരിറ്റി എന്നെ ചോദ്യം ചെയ്യാന്‍ തുടങ്ങി .

"ഞാന്‍ അയ്യോ ഒരു പാവമാണ് .
വീടുപണിക്ക് ഒരു  മേസണെ കിട്ടുമോ എന്നറിയാന്‍ വന്നതാണ് "
എനിക്ക് പേടിയായിത്തുടങ്ങി .

"അത് കള.
നീ ഫോട്ടോ എടുക്കാന്‍ വന്നതല്ലേ ?"

"ഫോട്ടോയോ ?
അതും മേസന്റെ ..
അത് കിട്ടിയിട്ട് എനിക്കെന്തിനാണ്‌ !"
എനിക്കപ്പോഴും ഒന്നും മനസ്സിലായില്ല .
ചിലപ്പോള്‍ ഒക്കെ അങ്ങനെ ആണ് ,
എനിക്ക് മനസ്സിലായി വരാന്‍ കുറെ നേരമെടുക്കും !

ങീ ങീ ങീ ...
എവിടെ നിന്നോ ഒരു സ്ത്രീയുടെ കരച്ചില്‍ കേള്‍ക്കുന്നില്ലേ ?
ഞാന്‍ ചെവിയോര്‍ത്തുനോക്കി .
ശരിയാണ് .

"ഒരു സ്ത്രീയല്ലേ കരയുന്നത് ?"
ഞാന്‍ ചോദിച്ചു .

"നിനക്ക് കേള്‍ക്കുന്നത് പോലെയൊക്കെ ഞങ്ങള്‍ക്കും കേള്‍ക്കാം  .
നിന്നെപ്പോലെ മേസണ്‍ ബംഗ്ലാവിന്റെ ഫോട്ടോയെടുക്കാന്‍ വന്നപ്പോള്‍ ഞങ്ങള്‍ പിടിച്ചു മുറിയില്‍ പൂട്ടിയിട്ടതാണ് "
താടിക്കാരന്‍ അലസമായി പറഞ്ഞു .

എങ്കില്‍ അതാരായിരിക്കും ?
അതൊരുപക്ഷേ നമ്മുടെ ....
പെട്ടെന്നെന്റെ ശിരസ്സില്‍ ഒരു ഇടി വെട്ടിയതുപോലെ തോന്നി .

"ആളെയൊന്നു കാണാന്‍ പറ്റുമോ?
 പ്ലീസ് പ്ലീസ് ..."
ഞാന്‍ ഒരു അഞ്ഞൂറാന്റെ ..
തെറ്റിപ്പോയി ,
അഞ്ഞൂറിന്റെ നോട്ടെടുത്ത് കാണിച്ചു .

താടിക്കാരന്‍ ഇങ്ങനെ നോട്ടും കണ്ടുനില്‍ക്കെ അയ്യാളുടെ മനസ്സലിഞ്ഞു വെണ്ണ പരുവമായി !
'ഠിം '...
ഒരു റാഞ്ചല്‍ കൊണ്ട് നോട്ടും വാങ്ങി അയ്യാള്‍ ഇങ്ങനെ പറഞ്ഞു .
"കാണിച്ചു തരുന്നതില്‍ എനിക്ക് വിരോധമൊന്നുമില്ല.
പക്ഷെ നേരിട്ട് പറ്റില്ല .
 ആ ജനലവാതിലിനിടയില്‍ ഒരു പഴുതുണ്ട് .
അതിനിടയിലൂടെ വേണം നോക്കാന്‍ ."

"സമ്മതം "
അങ്ങിനെ ഞാന്‍ വിറച്ചുവിറച്ചു  ഒരുവിധം വാതില്‍ പഴുതിലൂടെ നോക്കി .
അകത്ത് ഒരു സ്ത്രീ നിന്ന് കരയുന്നു ...
ആരാത് ?
കുഴപ്പമില്ല !
അത് നമ്മുടെ ആളല്ല !
ഹാവു..
ആശ്വാസം !
ഇത് വേറെ ആരോ ആര്‍ത്തി പിടിച്ചു മേസണ്‍ ബംഗ്ലാവിന്റെ ഫോട്ടം എടുത്തു  ബ്ലോഗിലിടാന്‍ വന്നതാണ് ..
ഹിഹിഹി ...

''എല്ലാം കണ്ടു കഴിഞ്ഞല്ലോ അല്ലെ .
ഇനി എന്താ തന്റെ അടുത്ത പരിപാടി ?"
താടിക്കാരനാണ്.

"ഒരു മേസണെ കൂടെ പറഞ്ഞുവിട്ടാല്‍ വീട്ടില്‍ പോകാമായിരുന്നു "

'ഹഹഹ ...'
ഞാന്‍ പാവമായതുകൊണ്ടാകും അയാള്‍ ചിരിക്കാന്‍ തുടങ്ങി .

''പറ്റില്ല മാഷേ .
ഇവിടെ ചില ഫോര്‍മാലിട്ടീസൊക്കെ ഉണ്ട് .
ഇവിടെ അതിക്രമിച്ചു കടന്നവര്‍ ആരായാലും മെമ്പേഴ്സ് മീറ്റിങ്ങില്‍ ഹാജരാക്കിയിട്ടെ പുറത്തുവിടൂ"
താടിക്കാരന്‍ എന്റെ തോളില്‍ കയ്യിട്ടുകൊണ്ട് പറഞ്ഞു .
ഇടക്കയാള്‍ പോക്കറ്റിലും നോക്കികൊണ്ടിരുന്നു .

''ഈ മെമ്പേഴ്സ്  ആളെങ്ങിനെയാണ്.
അവരെന്നെ ഉപദ്രവിക്കുമോ ?
നായ കടിക്കുന്നതുപോലെയോ മറ്റോ?"
ഞാന്‍ സ്വപ്നത്തെ കുറിച്ചോര്‍ത്തു നെടുവീര്‍പ്പിട്ടു ഇങ്ങനെ ചോദിച്ചു ...

''ഇല്ലില്ല ചോദ്യം ചെയ്യുകയെ ഉള്ളൂ .
പിന്നത്തെ കാര്യം പറയാന്‍ പറ്റില്ല. 
ബാക്കിയൊക്കെ ദൈവത്തിന്റെ കയ്യില്‍ .."

വലയുമോ ?
എന്റെ ദൈവമേ ..
ഇതിനായിരുന്നോ നീ ഇങ്ങനത്തെ ഒരു സ്വപ്നം കാണിച്ചുതന്നത് !

പേടിക്കുകയും അങ്ങനെ വിയര്‍ക്കുകയും ചെയ്യുന്ന എന്നെ അവര്‍ ഒരു ഹാളില്‍ കൊണ്ടുപോയി നിര്‍ത്തി .

മീറ്റിങ്ങ് തുടങ്ങി എന്ന് തോന്നുന്നു .
ഹാളില്‍ ആളനക്കം .
ഓരോരുത്തരായി ഹാളിലേക്ക് വരാന്‍ തുടങ്ങി. 

"ആ വരുന്നതാണ് ഇവിടത്തെ അഡ്മിന്‍ "
കറുത്ത കോട്ടും സ്യൂട്ടുമൊക്കെ ഇട്ടിട്ടു വരുന്ന ആളെ ചൂണ്ടി താടിക്കാരന്‍ പറഞ്ഞു .

അഡ്മിന്‍ എന്റെ അടുത്തേക്ക് വന്നു .
"ഗ്ലാറ്റ്മീറ്റ് യൂ .."
അയാള്‍ എന്റെ കൈ പിടിച്ചു കുലുക്കി .

"ബൈ ദി ബൈ ,
നിങ്ങള്‍ എന്തിനാണ് ഇവിടെ അതിക്രമിച്ചു കടന്നത്‌ ?"

''സത്യമായിട്ടും ഞാന്‍ അതിക്രമിച്ചു കടന്നതല്ല .
ഞാന്‍  മേസനെ പണിക്കു വിളിക്കാന്‍ വേണ്ടി വന്നതാണ് ..."
ഞാന്‍ ഉള്ള കാര്യം തുറന്നു പറഞ്ഞു  .

" എതു പണിക്ക് ?"

"എന്റെ...വീടുപണിക്ക്... "
ഞാന്‍ നില്‍ക്കുന്നിടം കുറേശ്ശെ നനഞ്ഞുതുടങ്ങി .

"ഇവിടത്തെ മേസന്മാരെ കൊണ്ട് പോയി വീടുപണി നടത്താന്‍ നീയാരാണ് ?"

"ഞാന്‍ ..ഒരു പാവമാണ്.. "

"ആയിക്കോട്ടെ .
ദൈവം സ്വര്‍ഗ്ഗത്തില്‍ ഒരു ഫ്ലാറ്റ് കെട്ടുന്നുണ്ട് എന്ന വിവരം നിനക്കറിയാമോ ?.
ഞങ്ങള്‍ ആ ഫ്ലാറ്റിന്റെ മേസന്മാരാന് .
നിനക്ക് മനസ്സിലാകുന്നുണ്ടോ ?
മണ്ടാ .."

മണ്ടന്മാര്‍...
എന്നോടാണ് ചോദിക്കുന്നത് !
"മനസ്സിലായി "

"എന്ത് മനസ്സിലായി ..?
എന്തായാലും ഞങ്ങളുടെ കാര്യങ്ങളൊക്കെ ഇത്രേം കണ്ട നീ വെറുതെ തിരിച്ചു പോകാമോ ...?
വേണോ ?.."

"വേണം "

"തിരിച്ചു പോകണമെന്നുന്ടെങ്കില്‍  ഞാന്‍ മൂന്നു ചോദ്യങ്ങള്‍ ചോദിക്കും .
മൂന്നിനും ശരിക്കുള്ള ഉത്തരം പറഞ്ഞില്ലെങ്കില്‍,
ഇവിടെ ഞങ്ങള്‍ ഭക്ഷണം പാകം ചെയ്യാന്‍ ഉപയോഗിക്കുന്ന ഒരു വലിയ ചട്ടുകമുണ്ട് .
അത് നന്നായി ചൂടാക്കി ചന്തിയില്‍ വച്ചു നല്ല വലിപ്പത്തില്‍ പൊള്ളിക്കും .
മനസ്സിലായോ ?"
അയാള്‍ പേടിപ്പിക്കുകയാണ്  .

(ഹമ്മേ...! )
"ഉവ്വ് !"

"എന്നാല്‍ ആദ്യത്തെ ചോദ്യം .
ശ്രദ്ധിച്ചു കേള്‍ക്കണം .
ദൈവം മനുഷ്യനെ സൃഷ്ടിക്കുന്ന സമയത്ത് തലയില്‍ നിറച്ച സാധനമെന്ത് ?"

"പിണ്ണാക്ക് "
വേഗം തന്നെ ഉത്തരം പറഞ്ഞു .

"ഇത് ശരിയായ ഉത്തരമല്ല ,
എന്നാലും ആശയപരമായി കൊള്ളാം .
അതുകൊണ്ട് ഇനി അടുത്ത ചോദ്യം .
ദൈവം ഇപ്പോള്‍ ഈ ഫ്ലാറ്റ് പണിയിക്കുന്നത് ആര്‍ക്കു വേണ്ടിയാണ് ?"

"മേസന്മാര്‍ക്ക് താമസിക്കാന്‍ വേണ്ടി .. "
(ഉത്തരം ശരിയാവണെ..)

"ഒപ്പിക്കാം, അല്ലെ ....
അടുത്തത്‌ .
ദൈവം എന്തിനാണ് മനുഷ്യരെ സൃഷ്ടിച്ചത് ?"

ഭക്ഷണം കഴിക്കാന്‍ വേണ്ടിയാണ് എന്ന് പറഞ്ഞാല്‍ എന്നെ പൊള്ളിക്കും .
"പ്രാര്‍ത്ഥിക്കാന്‍.. "
(അഡ്മിന്‍ടെ മുഖം കാണുമ്പോള്‍ കുഴപ്പമില്ലെന്ന് തോന്നുന്നു ..)

"ഉത്തരങ്ങള്‍ക്കു കുഴപ്പമില്ല അതുകൊണ്ട് ശിക്ഷയില്‍ ഇളവുണ്ട് .
എങ്കിലുംഒരു കാര്യം കൂടി ,
ഇവിടുന്നു പോകണമെങ്കില്‍ ദൈവത്തെ കുറിച്ചു നല്ല രണ്ടുവാക്ക്‌ സംസാരിക്കുകയും അത് ഞങ്ങള്‍ക്ക് ഇഷ്ടപ്പെടുകയും ,
തുടര്‍ന്ന്  ഞങ്ങളുടെ പ്രാര്‍ത്ഥനാ പരിപാടികളില്‍ പങ്കു കൊള്ളുകയും വേണം "

"സംസാരിക്കാം "
ഞാന്‍ സമ്മതിച്ചു .

ടും ടും ടും ..
(മൈക്കില്‍ കൊട്ടിയതാണ് .) 
 "എന്റെ പ്രിയപ്പെട്ട മേസന്മാരെ മേസത്തികളെ ..."

സദസ്സ് പിറുപിറുക്കാന്‍ തുടങ്ങി .
എന്തെങ്കിലും അബദ്ധം പറ്റിയോ !
അപ്പോഴാണ്‌ 'സ്ത്രീകള്‍ക്ക് പ്രവേശനമില്ല 'എന്ന് എന്‍ട്രന്‍സില്‍ എഴുതിവച്ചിട്ടുള്ള ബോര്‍ഡു കണ്ടത് !
അതാണ്‌ മേസത്തി കളെ യൊന്നും കാണാത്തത് !

 "ഞാന്‍ ദൈവവുമായി വളരെ അടുത്തു പരിചയപ്പെടാന്‍ ഭാഗ്യമുണ്ടായ ഒരാളാണ് .
(ഐക്ക്യു ഐക്ക്യു !)
അതുകൊണ്ട് തന്നെ ഇവിടെ ദൈവത്തെ പറ്റി രണ്ടുവാക്ക് സംസാരിക്കാന്‍ സാധിച്ചതില്‍ വളരെ സന്തോഷവുമുണ്ട്  (ചുമ്മാതാ )."

ഓഡിയന്സ്  'ഇവനാരട 'എന്നമട്ടില്‍ മിഴിച്ചു നോക്കുകയാണ് !
ഹിഹിഹി ...

"ആദിയില്‍,
 ഈ പ്രപഞ്ചം സൃഷ്ടിക്കുന്നതിനു മുന്‍പ് ,
ദൈവവും ഭാര്യയായ ശൂന്യതയും കൂടി സ്വസ്ഥമായി കഴിഞ്ഞിരുന്ന കാലം !

കുറെനാള്‍ അങ്ങിനെ കഴിഞ്ഞപ്പോള്‍ ദൈവത്തിനു ഒരു മോഹം തോന്നി !
കുറെ മക്കളും പേരക്കുട്ടികളും ഒക്കെ ആയാലെന്താ ?
(ഈ ദൈവത്തിന്റെ ഒരു കാര്യം !)

ഇപ്പോള്‍ ഞാന്‍  സൃഷ്ടിക്കുന്നതിനെ ഒന്നും പുതിയതായി ആര്‍ക്കും വീണ്ടും സൃഷ്ടിക്കുവാനോ നശിപ്പിക്കുവാനോ സാധിക്കുകയില്ല എന്ന ഊര്‍ജ സംരക്ഷണ ഉടമ്പടിപ്രകാരം ദൈവം ഒരു ബിഗ്‌ ബാഗു നമ്മുടെ ശൂന്യതക്ക്  സമ്മാനിച്ചു !

ഇതൊക്കെ ആദ്യമായിട്ടല്ലേ .
(ശൂന്യതയുടെയും ഒരു കാര്യം !ഹിഹിഹി ....)

അതുകൊണ്ട് ബാഗു കിട്ടിയപ്പോള്‍ ശൂന്യത 'അയ്യോ പൊത്തോ ..'എന്ന് കരഞ്ഞു വിളിക്കുകയും ബാഗു തമോഗര്‍ത്തങ്ങളില്‍ വീണു പൊട്ടി നാലിന് പതിനാറായി തകര്‍ന്നു അനേകം ഗ്യാലക്സികള്ണ്ടാവുകയും ചെയ്തു .

 കുറെ നാള്‍ കഴിഞ്ഞപ്പോള്‍ ഈ ഗ്യാലക്സികളിലുള്ള സൂര്യന്മാര്‍ക്കെല്ലാം തങ്ങള്‍ക്കും കുറെ മക്കളും പേരക്കുട്ടികളും ആയാലെന്താ എന്ന് തോന്നുകയും (അച്ഛന്റെ അല്ലെ മക്കള്‍ !ഹിഹിഹി ...),
അങ്ങനെ പരസ്പരം കൂട്ടിത്തട്ടി കൂട്ടിത്തട്ടി ഗ്രഹങ്ങളും ഉപഗ്രഹങ്ങളും ഒക്കെ ഉണ്ടാക്കുകയും ചെയ്തു .

ഇതില്‍ ഭൂമി എന്നൊരു ഗ്രഹം തന്റെ സന്താന മോഹം ചന്ദ്രനോട് പറയുകയും ,
അത് ശരിയാണല്ലോ എന്ന് തോന്നി ചന്ദ്രന്‍ ചില വേലിയേറ്റങ്ങള്‍ ഒക്കെ നടത്തി ആദ്യമായി സമുദ്രത്തില്‍ ജീവനുണ്ടാക്കി .

സമുദ്രത്തില്‍ഇങ്ങനെ ജീവന്‍ ധാരാളമായി പെരുകിയപ്പോള്‍ അവ തമ്മില്‍ തമ്മില്‍ വെട്ടും കുത്തും തുടങ്ങി .
ഇതില്‍ സഹികെട്ട സമുദ്രം കൂടുതല്‍ കുറുമ്പുള്ളവരെ തിരമാലക്കൈകള്‍കൊണ്ട് ചുട്ട അടി അടിച്ചു പുറത്താക്കുകയുംചെയ്തു. (അടികൊണ്ട ഭാഗത്ത് അവയ്ക്ക് പിന്നീട് വാല് വളരുകയുമുണ്ടായി !)

ഈ വാലന്മാര്‍ കരയ്ക്ക് കയറി പിന്നെയും വഴക്കടിക്കുകയും തല്‍ഫലമായി ചിലരുടെയൊക്കെ വാല് നഷ്ടപ്പെടുകയും ചെയ്തപ്പോള്‍ മനുഷ്യരുണ്ടായി !

ഈ മനുഷ്യര്‍ തമ്മിലും ചില യുദ്ധങ്ങളൊക്കെ വേണ്ടിവന്നതുകൊണ്ട് അവര്‍ക്ക് കൂടുതല്‍ ജാതിയും മതവും ദൈവങ്ങള്മൊക്കെ ഉണ്ടാക്കേണ്ടിവന്നു.
അങ്ങിനെ ഒരുജാതിമനുഷ്യനായി ഈ ഞാനും ഉണ്ടായി !

ഒരു മനുഷ്യനായതുകൊണ്ട് എന്റെ യൊക്കെ മുതു മുത്തച്ഛനായ ഈ ദൈവത്തെയൊന്നു കാണണം കാണണം എന്ന് ഞാന്‍ ആഗ്രഹിക്കുകയും ,
അതിനു വേണ്ടി ചില പൊസ്തകങ്ങളൊക്കെ വാങ്ങി വായിക്കുകയും ചെയ്തു  !

ശേഷം ഞാന്‍ ദൈവത്തെ കാണുന്നതിനു വേണ്ടി ഒരു ആല്‍മരത്തിനു ചോട്ടില്‍ ചെന്നിരുന്നു സമാധിയുമായി .

ബുദ്ധി ,മനസ്സ് ,ഇന്ദ്രിയങ്ങള്‍ ,ഇന്ദ്രിയ വിഷയങ്ങള്‍ എന്നിവയെയെല്ലാം അടക്കി നിര്‍ത്തി ഒടുവില്‍ ചിത്തവൃത്തികളെ ഇല്ലാതാക്കുകയുംചെയ്തിട്ട് ഒടുവില്‍ ആത്മാവെന്നു പറയുന്ന ദൈവത്തിനു മുഖാമുഖം ഞാന്‍ നിര്‍ത്തപ്പെട്ടു !
(എന്റെയും ഒരു കാര്യം !)

"എടാ എന്തിനാണ് നീയിപ്പോള്‍ ഇങ്ങോട്ട് വന്നത് ?"
ദൈവത്തിനു ഇഷ്ടമായിട്ടില്ലെന്നു തോന്നുന്നു .
ഇത്രയും കഷ്ട്ടപ്പെട്ട് ചെന്നിട്ട് ചോദിക്കുന്നത് കേട്ടില്ലേ !

"വന്നൊന്നു കാണണമെന്ന് ഒരാഗ്രഹം തോന്നി .പൊറുക്കണം .."
സാധാരണ നിലക്കാണെങ്കില്‍ കരഞ്ഞു പോകേണ്ടതാണ് ..
പക്ഷെ ഇന്ദ്രിയങ്ങളെ അടക്കിപ്പിടിച്ചിട്ടാണ് ചെന്നത് എന്നത്കൊണ്ട് നിര്‍ഗുണനായിത്തന്നെ നില്‍ക്കാന്‍ പറ്റി!

"നിനക്കിനിയും വരാന്‍ സമയമായിട്ടുണ്ടായിരുന്നില്ല .
നിന്റെ വീടുപണിയും മറ്റു ചില വീട്ടുകാര്യങ്ങളും ഇനിയും ബാക്കി കിടക്കുകയാണ് .
അപ്പോഴേക്കും കുറ്റിയുംപറച്ചു വന്നിരിക്കുന്നു !
സമയമാകുമ്പോള്‍ ഒരു കുട്ടിയെ ഞാന്‍ അങ്ങോട്ട്‌ പറഞ്ഞയക്കുമായിരുന്നല്ലോ ..
പോപോപോ ... "
ദൈവം പറയുകയാണ് .

സമയമായിട്ടുണ്ടാവില്ല .
മടങ്ങിപ്പോയേക്കാം.

"നില്‍ക്കു.."
തിരിച്ചു പോരാന്‍ തുടങ്ങിയ എന്നെ ദൈവം പിന്‍വിളി വിളിച്ചു .

"എന്തായാലും നീ ഇത്രേം വരെ വന്നതല്ലേ .
ഒരുകാര്യം കൂടി ...
ഞാന്‍ ഈ ലോകത്തിലെ ഇടപാടുകളെല്ലാം മതിയാക്കി ഷട്ടര്‍ ഇടുവാന്‍ പോവുകയാണ് .

സത്യത്തില്‍ ഞാന്‍ ഇവിടെ ഒളിച്ചിരിക്കുന്ന കാര്യം ഇപ്പോള്‍ നിനക്കല്ലാതെ വേറെ ആര്‍ക്കും അറിയില്ല .
അവിടെ എല്ലാവരും ഞാന്‍ എവിടെയാണെന്ന് അറിയാതെ തെക്കോട്ടും വടക്കോട്ടും നെട്ടോട്ടം ഓടിക്കൊണ്ടിരിക്കയാണ് .
അതുകൊണ്ട് നീ ചെന്ന് അവരോടു പറയണം ഞാന്‍ ഇവിടെയൊക്കെത്തന്നെ ഉണ്ടെന്ന്.
നേരമാകുമ്പോള്‍ പോരാന്‍ റെഡിയായിരിക്കാന്‍ പറ .
ശേഷം ബാക്കി അവന്മാര്  തീരുമാനിച്ചോളും .
ഹല്ലപിന്നെ..."

"എല്ലാം അവിടുത്തെ ഇഷ്ടം .
ഹല്ലാ പിന്നെ .."
എന്ന് മറുപടിയും പറഞ്ഞു ഞാനിങ്ങു പോന്നു .

സദസ്യര്‍ ഉറങ്ങുന്നുണ്ടോ ?
ഇല്ലെന്ന് തോന്നുന്നു .
മൈക്കില്‍ വീണ്ടും ഒന്ന് കൊട്ടി .
ടുംടുംടും ...

"ഇനി എല്ലാം നിങ്ങളുടെ ഇഷ്ടം എന്ന് പറഞ്ഞുകൊണ്ട് ഈ പ്രസംഗം ഞാന്‍ ഇവിടെ അവസാനിപ്പിക്കുന്നു "

ഉഷാര്‍ ഉഷാര്‍ !
നല്ല കൈയടി ..

അഡ്മിന്‍ എന്നെ ഓഫീസ് റൂമിലേക്ക്‌ വിളിച്ചു .

"ഇരിക്കൂ .
നിങ്ങളുടെ പ്രസംഗം ഇവിടെ എല്ലാവര്ക്കും വളരെ ഇഷ്ടമായി .
അതുകൊണ്ട് നിങ്ങളെ ഇവിടത്തെ മറ്റൊരു അഡ്മിനായി നിയമിച്ചു കഴിഞ്ഞു .
ഒരു പുറപ്പെടാ അഡ്മിന്‍ ആയി,
ശിഷ്ട്ട കാലം ഇനി ഇവിടെ കഴിയാം ."

"അയ്യോ ,അതുപിന്നെ ..ഞാന്‍ .."

"ഒന്നും പറയണ്ട "
അവര്‍ വാതില്‍ പുറത്തുനിന്നും പൂട്ടി .

അങ്ങനെ രാത്രിയായപ്പോള്‍ ഞാന്‍ ജനാല വഴി മുകളില്‍ കയറി .
ഓടുപൊളിച്ചു ശീലമുണ്ടായിരുന്നത്കൊണ്ട് പുറത്തെത്താനും അതുവഴി വീട്ടിലേക്കു ഓടി രക്ഷപ്പെടാനും പറ്റി.

*******************  

  



2011, ഫെബ്രുവരി 26, ശനിയാഴ്‌ച

കുട്ടപ്പായി.. ഡേറ്റ് എന്നാണ് ?

(ഒരു മറവിക്കാരന്‍ . തുടര്‍ച്ച )

മറവിക്കാരന്റെ രണ്ടാം ഭാഗം എഴുതുന്ന കാര്യം മറന്നിരിക്കുകയായിരുന്നു .
ശ്ശൊ ...
ചെറുതായിട്ട് അമ്ലീഷം ഉണ്ടോന്നു സംശയം !
ഓര്‍മിക്കാന്‍ ശ്രമിച്ചു നോക്കട്ടെ ...

ഓര്‍മ്മകളെ കൈവള ചാര്‍ത്തി ,...
വരൂ വരൂ കടന്നു വരൂ ..
കടന്നു വരൂ ...
മടിച്ചു നില്‍ക്കാതെ ..
അറച്ചുനില്‍ക്കാതെ ..

'ക്ടിന്‍ ...'
ഗിയര്‍ വീണു !
അപ്പോള്‍ തുടങ്ങാം ...

......അങ്ങിനെ ഞങ്ങള്‍ പ്രൊഫസറുടെ വീട്ടില്‍ പോകാന്‍ചമഞ്ഞു  ഒരുങ്ങിത്തന്നെ  കാറില്‍ കയറി. ഡോര്‍ അടച്ചു.
ക്ലച്ചു റിലീസ് ചെയ്തു ഗിയര്‍  ഫസ്റ്റില്‍ വീഴ്ത്തവേ' വണ്ടി 'ഒന്ന് കുലുങ്ങി എന്നെ വാഴ്ത്തിക്കൊണ്ട് ഇങ്ങനെ പറഞ്ഞു ...

ഛെ തെറ്റിപ്പോയി !
കുലുങ്ങി പ്പറഞ്ഞത്‌ ഭാര്യയാണ് ..!

"എന്തായാലും ഒരുങ്ങി ഇറങ്ങിയതല്ലേ.
നമുക്ക് വടക്കാഞ്ചേരിക്ക് പോകാം.
എന്റെ പഞ്ചറ...ശ്ശൊ .. ശ്ശേ..പഞ്ചാരക്കുട്ടനല്ലേ .
പ്ലീസ് പ്ലീസ് .."
(ഹാവു രക്ഷപ്പെട്ടു )

ഞാന്‍ സീരിയസ്സാണ് .
മുഖത്ത്  ഗൌരവം വരുത്തി ഞാന്‍ ഒരു ചോദ്യം അങ്ങോട്ടു കൊടുത്തു .
"അപ്പോള്‍ പ്രൊഫസര്‍ ...?"

ഭാര്യക്ക് ചിരി വന്നു .

കൂട്ടത്തില്‍ എനിക്കും.. .
(ഉള്ളിലാണ് ..ഉള്ളിലാണ് ..)

"തേങ്ങാക്കുല..
 ഇന്ദുവിന്റെ മകളെ പ്രസവത്തിനു അഡ്മിറ്റാക്കി.
 ഒന്ന് പോയിക്കാണണ്ടേ.?
നിങ്ങള്‍ വണ്ടി ഹോസ്പിറ്റലിലേക്ക് എടുക്കുന്നുണ്ടോ മനുഷ്യാ ...?"

ഇല്ലെങ്കില്‍ ..എന്നാണു സാധാരണ നമ്മള്‍ പറയാറ് .
എന്റെ കാര്യത്തില്‍ ചില തിരുത്തലുണ്ട് .

"അത് ശരി .
എന്നാല്‍ അത് മുന്നേ പറഞ്ഞാലെന്താ ?"

"മുന്നേ പറഞ്ഞാല്‍ നിങ്ങള്‍ക്കു തലവേദന ,വയറുവേദന തുടങ്ങിയ കലാപരിപാടികള്‍ ഉടനെ തുടങ്ങില്ലേ !
ഇപ്പോള്‍ ഇങ്ങനൊക്കെ പറയാനേ സൌകര്യപ്പെട്ടുള്ളൂ ..
പിന്നെ പോകുന്ന വഴിക്ക് കുറച്ചു ഫ്രൂട്സും വാങ്ങണം ."

തണ്ണിമത്തന്‍ തന്നെ വാങ്ങിച്ചു കൊടുത്തേക്കാം എന്ന് മനസ്സില്‍ വിചാരിച്ചു വണ്ടി മുന്നോട്ടെടുത്തു .

ഭാര്യയുടെ അടുത്ത കൂട്ടുകാരി ആണ് ഇന്ദു .
(ഇത് യഥാര്‍ത്ഥത്തില്‍ നടന്ന സംഭവമായതുകൊണ്ട് പേരുകള്‍ മാറ്റി പറയണം എന്നാണു കണിയാന്റെ ശുപാര്‍ശ .
അതുകൊണ്ട് പേരുകള്‍ മാറ്റി പറയുന്നു .
മാത്രമല്ല അനുഭവത്തില്‍ ചേര്‍ക്കുന്നുമില്ല )

ഇന്ദുവിന്റെ മകള്‍ നീതുവിനെ കല്യാണം കഴിച്ചത് പ്രവാസിയായ കുട്ടപ്പായി ആണ് .
(അവനിതൊന്നും വായിക്കില്ലെന്നെ ..
ഹിഹിഹി ..)

കുട്ടപ്പായി അമ്മയുടെ മോനാണ്  ..
അതുകൊണ്ടാണല്ലോ കുട്ടപ്പായി ഡോക്ടറെയും മെഡിക്കല്‍ വിഭാഗത്തെയും തള്ളിപ്പറഞ്ഞു അമ്മയെ ഉയര്‍ത്തിപ്പിടിച്ചത് !

"കുട്ടപ്പായി.. ഡേറ്റ് എന്നാണ് ?"

"എന്റെ അമ്മ പറഞ്ഞത് അഞ്ചാം തിയതിയാണ് മാഷേ .."
ഭാര്യയുടെ ഡേറ്റ് ചോദിച്ചാല്‍ കുട്ടപ്പായി ഇങ്ങനെ മറുപടി പറയും  .
അമ്മയോട് നല്ല സ്നേഹമുള്ള മോന്‍ !

വിവാഹ ശേഷം കുട്ടപ്പായി ഗള്‍ഫില്‍ തിരികെ പോവുകയും ഭാര്യ നീതുവിന്റെ ഡെലിവറിക്ക് ലീവില്‍ വരുകയും ചെയ്തു .
വടക്കാഞ്ചേരി ഹോളി ഹോസ്പിറ്റലില്‍  (എങ്കക്കാട് റൂട്ടില്‍ ) ആണ് അവളെ കാണിച്ചിരിക്കുന്നത് .

ഗൈനക്കോളജിസ്റ്റ് സുജ ബോബി പറഞ്ഞ ഡേറ്റ് ആയ ജനുവരി മുപ്പതും കഴിഞ്ഞു ,
"കുട്ടപ്പായി ചേട്ടാ ഡേറ്റ് ആയി .
ഹോസ്പിറ്റലില്‍ പോകേണ്ടേ ?
വീട്ടിലേക്കു വരൂ ചേട്ടാ .."
നീതു ഭര്‍ത്താവിനു ഫോണ് ചെയ്തു ചോദിച്ചു .

"ഇല്ല ഭാര്യേ ..
അത് ശരിയാവില്ല .
എന്റെ അമ്മ പറഞ്ഞത് നീയും കേട്ടതല്ലേ !
അഞ്ചാം തിയതിയാണ് ശരിക്കും ഡേറ്റ് .
അമ്മയ്ക്കും എനിക്കും അറിയാത്ത കാര്യം നിന്റെ ഡോക്ടര്‍ക്കെങ്ങിനെ അറിയാം .
അഞ്ചാവട്ടെ അപ്പോള്‍ ഞാന്‍ വരാം "

ഒടുക്കം രണ്ടാം തിയ്യതി പെയിന്‍ തോന്നിത്തുടങ്ങി .
വരാന്‍ പറയാന്‍ കുട്ടപ്പായി ഫോണ്‍ എടുക്കുന്നില്ല .

അങ്ങിനെ രണ്ടാം തിയ്യതി ആയപ്പോള്‍ പേടിച്ചു വിരണ്ടു ഇന്ദു നീതുവിനെ ഹോസ്പിറ്റലില്‍ അഡ്മിറ്റാക്കി.

ഈ തീരുമാനം കുട്ടപ്പായിയെയും അമ്മയെയും വളരെ ചൊടിപ്പിച്ചു .
അവര്‍ ഹോസ്പിറ്റലില്‍ വന്നു വഴക്കും തുടങ്ങി .

ഡെലിവറി നോര്‍മല്‍ അല്ലാത്തതുകൊണ്ട് സിസേറിയന്‍ വേണ്ടിവന്നു .
സമ്മത പത്രം ഒപ്പിട്ടു നല്‍കാന്‍ കുട്ടപ്പായി തയ്യാര്‍ അല്ല .
ആരും പറയുന്നത് കുട്ടപ്പായി അനുസരിക്കുന്നുമില്ല  !

ഞങ്ങള്‍ ഹോസ്പിറ്റലില്‍ ചെന്ന് കയറുമ്പോള്‍ അവിടെ അങ്ങനെ ഒരു  ബഹളം നടക്കുകയാണ് .

ഇന്ദു ആണെങ്കില്‍ ആകെ തളര്‍ന്നിരിക്കുന്നു .
ഡോക്ടര്‍ സുജാ ബോബി തന്റെ സര്‍വീസിലെ ആദ്യത്തെ അനുഭവത്തിന്റെ തീ ചൂള യിലാണ് .
മറ്റുള്ളവരും ആകെ സ്തംഭിച്ചു നില്‍ക്കുന്നു .

നീതു ലേബര്‍ റൂമില്‍ ക്രിട്ടിക്കല്‍ സ്റെജില്‍ .
ഓപ്പറേഷന്‍ മാത്രമേ വഴിയുള്ളൂ .
പക്ഷെ സമ്മതി പത്രത്തില്‍ കുട്ടപ്പായി ഒപ്പ് വെക്കാന്‍ കൂട്ടാക്കുന്നില്ല !

"കുട്ടപ്പായി എന്താ ഇത് !
രണ്ടു ജീവന്റെ പ്രശ്നമാണ് .
ഒന്ന് നിന്റെ ഭാര്യയും മറ്റേതു നിന്റെ കുഞ്ഞുമാണ് !
ഒപ്പിട് കുട്ടപ്പായി "
എന്റെ ഭാര്യ ഒന്നിടപെട്ടു നോക്കി .

"ആര് പറഞ്ഞാലും അഞ്ചാംതി ആകാതെ ഞാനൊപ്പിടില്ല.
രണ്ടു ദിവസം ഇവര്‍ക്ക് വെയ്റ്റ് ചെയ്‌താല്‍ എന്തായിരുന്നു ?
എന്റെ അമ്മയുടെ വാക്കിന് ഒരു വിലയുമില്ലേ ?"
കുട്ടപ്പായി അലിയുന്നില്ല .

"എന്റെ മോളെ ഇതാ സ്ഥിതി !
ഡോക്ടര്‍ കാലു വരെ പിടിച്ചു നോക്കി .
ഡേറ്റ് ആയില്ല എന്നും പറഞ്ഞു അവന്‍ ആകെ ചൂടിലാണ് ."
ഇന്ദു കരഞ്ഞു തുടങ്ങി .

"ഇവനേതു പട്ടിക്കാട്ടുകാരന..ഓപ്പറേഷന് കാശില്ലെങ്കില്‍ അത് പറ .
ഞങ്ങള്‍ പിരിവിട്ടു കൊടുക്കാമല്ലോ "മറ്റു പെഷ്യന്സും ബന്ധുക്കളുംക്ഷുഭിതരായി .

"അമ്മെ കുട്ടിയും തള്ളയും അങ്ങോട്ടോ ഇങ്ങോട്ടോ എന്ന അവസ്ഥയിലാണ് .
നമുക്കവരെ രക്ഷിക്കെണ്ടേ ..
മകനോട്‌ ഒപ്പിടാന്‍ പറയൂ .."
ഭാര്യ അവന്റെ അമ്മയുടെ അടുത്തു പറഞ്ഞു നോക്കി .

"അതവരുടെ ഒരു തട്ടിപ്പാണ് .
വെറുതെ ഓപ്പറേഷന്‍ ചെയ്തു കാശ് തട്ടിക്കാന്‍ വേണ്ടി ...
ഡേറ്റ് ആയാല്‍ എല്ലാം തനിയെ നടന്നോളും ...
എന്റെ രണ്ടു പെണ്മക്കളും എന്റെ വീട്ടില്‍ കിടന്നു ഇങ്ങനെ തന്നെയാ പ്രസവിച്ചത് .
ഒരാശുപത്രിയും ടാക്കിട്ടരും...
അല്ലപിന്നെ ..
നീ ഒന്ന് പോ മോളെ "
അവരും അടുക്കുന്നില്ല !

"കുട്ടി അങ്ങോട്ടോ ഇങ്ങോട്ടോ എന്നില്ലാതെ അപകടത്തില്‍ ആണ് .
അതിന്റെ കഴുത്തില്‍  നീര് വീണു തുടങ്ങുന്നു . .."
ഡോക്ടര്‍ കരയാന്‍ തുടങ്ങി .
ആളുകള്‍ ക്ഷുഭിതരായിത്തുടങ്ങി ..

ഭാര്യ എന്റെ അടുത്തു വന്നു
"ദെ മനുഷ്യാ നിങ്ങള്‍ ഒന്ന് ഇടപെട്ടു നോക്കൂന്നെ  .."

ഇടപെടാം അല്ലെ .
ഞാന്‍ എഴുന്നേറ്റു .

ആദ്യം സൌമാനസ്സ്യത്തില്‍ പറഞ്ഞു നോക്കാം .
"മോനെ കുട്ടപ്പായി ,
ഒപ്പിടടാ മോനെ .."

"ഈ കുട്ടപ്പായി അങ്ങിനെ തോല്‍ക്കുന്നവനല്ല.
ഒപ്പിടില്ലെന്ന് പറഞ്ഞാല്‍ ഇല്ല .
അതന്നെ ."

ഓഹോ .
അപ്പോള്‍ അങ്ങിനെയാണ്.
ഇനി എന്ത് ചെയ്യും ?
അങ്ങിനെ ഞാന്‍ ആലോചിച്ചു നില്‍ക്കുമ്പോള്‍ വേറൊരു ഭര്‍ത്താവ് തന്റെ ഭാര്യക്ക് ഡ്രിപ്പ് കൊടുക്കാന്‍ വേണ്ടി മരുന്നും സൂചിയും വാങ്ങി വരുകയായിരുന്നു .
ഞാന്‍ അയാളുടെ അടുത്തു ചെന്നു .

"മാഷേ ,
ആ സിറിഞ്ചും സൂചിയും ഒന്ന് തരാമോ ?
ഒരു നല്ല കാര്യത്തിനാണ് .."

"നല്ല കാര്യത്തിനല്ലേ !
ഈ രണ്ടു സൂചിയും എടുത്തോളു .."
അയ്യാള്‍ ഉദാര മനസ്ക്കനാണ്.
കണ്ടില്ലേ സിറിഞ്ചും സൂചിയും തന്നത് !

അങ്ങനെ അയ്യാള്‍ തന്ന രണ്ടു സിറിഞ്ചും സൂചി കയറ്റി തയ്യാറാക്കി .
ഇനി രണ്ടു കുത്ത് കൊടുത്ത്‌ കുട്ടപ്പായിയെ ക്കൊണ്ട് 'അമ്മെ ..അമ്മെ ..'എന്ന് പറയിക്കണം.

"ഒപ്പിടേണ്ട സമ്മതപത്രം തരൂ ..
ഞാന്‍ ഒപ്പിടീച്ച് തരാം ഡോക്ടര്‍ "
ഞാന്‍ അങ്ങനെ സമ്മത പത്രവും സംഘടിപ്പിച്ചു .

"കുട്ടപ്പായി ഇവിടെ ഒപ്പിട് "
സമ്മത പത്രം നീട്ടി ഞാന്‍ പറഞ്ഞു .

കുട്ടപ്പായി നിഷേധാര്‍ത്തത്തില്‍ തിരിഞ്ഞു നിന്ന് പൃഷ്ടം ചൊറിഞ്ഞു.


രണ്ടു കൈയ്യിലും സിറിഞ്ച് എടുത്തു കുട്ടപ്പായി യുടെ ഇരു ചന്തി യിലും രണ്ടു  കുത്ത് കൊടുത്ത്‌ നോക്കി
(ഒരു മീഡിയം കുത്ത് ! )

ശരിയാണല്ലോ  !
കുട്ടപ്പായി 'അമ്മെ ..അമ്മെ ..'എന്ന് പലവട്ടം വിളിച്ചു കുതിച്ചു ചാടുന്നുണ്ട് .

അങ്ങിനെ പിന്നെയും നാലഞ്ചു കുത്ത് കൂടി ചന്തിയില്‍ കൊടുത്തപ്പോള്‍ 'മതിയെ ..മതിയെ ..'എന്ന് കുട്ടപ്പായി പറഞ്ഞത് കൊണ്ട് തല്‍ക്കാലം ഞാന്‍ നിര്‍ത്തി .

"അയ്യോ ..
ന്റെ മോനെ ഇനീം  കുത്തല്ലേ ബ്ലോഗറെ ....
അവന്‍ പാവാണ്‍ ട്ടോ...
അവന്‍ ഒപ്പിട്ടോളും.."
എന്നും  പറഞ്ഞു കുട്ടപ്പായിയുടെ അമ്മ വന്നു എന്റെ കയ്യില്‍ പിടുത്തമിട്ടു .
(അല്ലെങ്കില്‍ കാണാമായിരുന്നു !)

"കയ്യില്‍ പിടിച്ചത് കൊണ്ടൊന്നും കാര്യല്ല്യ   കുട്ടപ്പായീടെ അമ്മെ .. .
ഒപ്പിട്ടില്ലെങ്കില്‍ ഞാനവന്റെ ചന്തിക്ക് തന്നെ ഇനിയും കുത്തും.. .
ഹ്ഹ്മം ..."

കുട്ടപ്പായി മയപ്പെട്ടു പറഞ്ഞു ,
"ഒപ്പിടാം ...ഒപ്പിടാം ..
അതിലും മുന്‍പ് ,
ആരെങ്കിലും എന്നെ ഡ്രസ്സിംഗ് റൂമിലൊന്ന് കയറ്റണെ..."
അങ്ങിനെ ഞാന്‍ ഒപ്പിടീച്ച് എല്ലാം  ശുഭമാക്കി  .!

നീതു നല്ലൊരു ആണ്‍കുട്ടിയെ തന്നെ പ്രസവിച്ചു !

കുട്ടപ്പായി ലീവ് കഴിഞ്ഞു  പ്രവാസി യാകാന്‍ വേണ്ടി ഖത്തറിലേക്ക് തിരിച്ചു പോവുകയും ,
അവിടെ ചെന്നിട്ട് നീതുവിനെ ഇങ്ങനെ വിളിക്കാനും തുടങ്ങി .

"ന്റെ പൊന്ന്യോ ..
നമ്മടെ മോന് സുഖന്നെ യല്ലേ . ..?"

***************



  



  

2011, ഫെബ്രുവരി 10, വ്യാഴാഴ്‌ച

ഒരു മറവിക്കാരന്‍ .

കമന്റു ബോക്സ്‌  നോക്കിയത് വെറുതെയായില്ല .

താങ്കളുടെ നര്‍മ്മ പോസ്റ്റുകള്‍ എല്ലാം വായിക്കുന്ന ഒരാളാണ് ഞാന്‍ .
ഓരോ പോസ്റ്റു വായിക്കുമ്പോളും എന്ത് മാത്രം കരഞ്ഞിട്ടുണ്ടെന്നോ..
ഇനിയും ഇതുപോലുള്ള പോസ്റ്റുകള്‍ പ്രതീക്ഷിച്ചുകൊണ്ട് കൂനം മൂച്ചിയില്‍ നിന്നും ടിന്റു .

വെള്ളം  ദാഹിക്കുന്നു.
തല ചുറ്റുന്നോ..?
ഓപറ മിനി ക്ലോസ് ചെയ്തു മൊബൈല്‍ പോക്കറ്റില്‍ ഇട്ടു .

വെള്ളം ദാഹിച്ചു ചെന്ന് കയറിയത് വിക്ക് മോന്റെ തട്ട് കടയില്‍ .
"ഒരു ബുള്‍സെ വേണമായിരുന്നു "
(ഇവിടെ ബുള്‍സെ വാങ്ങിച്ചാല്‍ വെള്ളം ഫ്രീ ആണ് ).

"ഹ് ..ഹെന്നാ ..ഇരുന്നോ "
വിക്ക് മോന്‍ ഒരു മൊട്ട എടുത്തു ഉടച്ചു.

അങ്ങനെ ഞാന്‍ ആടുന്ന ബെഞ്ചില്‍ ബാലന്‍സ് ചെയ്തു ഇരിക്കവേ അവിടെ നമ്മുടെ സനോജിനെ കണ്ടു .

"ങ്ങീ .."
പാവം കരയുകയാണ് .

"എന്താ സനോജ് ?
എന്ത് പറ്റി.."
ഞാന്‍ ചോദിച്ചു .

"എന്റെ ..ബേ..."
പാവം ബോണ്ട വാങ്ങാന്‍ കാഷില്ലാഞ്ഞിട്ടാണ് .

"വിക്ക് മോനെ നമ്മുടെ സനോജിന് രണ്ടോ മൂന്നോ ബോണ്ട കൊടുത്തേക്കു .
കാശ് എന്റെ പറ്റില്‍ എഴുതിക്കോ .
പാവം നമ്മുടെ സനോജല്ലേ ."

വിക്ക് മോന്‍ എന്നെ കണ്ണുരുട്ടി ഒന്ന് നോക്കി .
'(((റോ))) ..'
എന്നിട്ട് രണ്ടാമത്തെ മുട്ടയും പൊട്ടിച്ചു ചട്ടിയില്‍ ഒഴിച്ചു .

"ഡാ ചെക്കാ ...
എന്റെ ..എന്റെ ..ബേഗ് താടാ .."
സനോജ് ചില്ലലമാരയില്‍ കൈ ചൂണ്ടി യാണ് കരയുന്നത് .
അവിടെ ബോണ്ട യുടെയും സമൂസ യുടെയും പരിപ്പ് വടയുടെയും കൂട്ടത്തില്‍ കറുത്ത ബേഗും ഇരിക്കുന്നുണ്ട്‌ !

"ഹ്മ്മ...മിണ്ടാതിരുന്നോ ...
പഴുത്ത ചട്ടുകം ച ..ച ..ചന്തിയില്‍ വച്ചു തരും ഞാന്‍ .
#@*..."
വിക്ക് മോന്‍ ചട്ടുകം ഉയര്‍ത്തി ക്കാണിച്ചു.

കഴിഞ്ഞ ആഴ്ച നാണ്വാരുടെ ചായക്കടയിലും ഇത് പോലെ സനോജ് ബ്ലോഗ്‌ ..സോറി ..ബേഗ് മറന്നു വച്ചതാണ് .
എന്നാലും ഇങ്ങനെ ഒരു മറവിയുണ്ടോ!

"കൊടുക്ക്‌ വിക്ക് മോനെ ..."
ഒന്ന് ഇടപെട്ടു നോക്കാം .

"ഉവ്വ ..ഹ് ..ഹുവ്വ ... .
ഹ ..ഹത് ..ഇന്റെ.. ബേഗാ.."
വിക്ക് മോന്‍ ഉപ്പു പൊടിക്ക് പകരം വിമ്മു പൊടി ബുള്‍സെയില്‍ വിതറി .
(അത് പിന്നീടാണ് എനിക്ക് മനസ്സിലായത്‌ )

"ഛെ..ചെ ..ചേട്ടന്‍ ..വേണമെങ്കില്‍ ഹി ..ഹിത് കഴിച്ചിട്ടു വേഗം വീട്ടിലേക്കു പൊക്കോ "
(ഹിഹിഹി ...)

ഇത്രയും ടൈപ്പു ചെയ്തു കഴിഞ്ഞപ്പോള്‍ സിസ്റ്റം ടേണ്‍ ഓഫ്‌ ആയി .
പിന്നെ പഠിച്ച പണി പതിനെട്ടും നോക്കി .
ശരിയാകുന്നില്ല .

അങ്ങിനെ കംപ്യുട്ടര്‍ രാജുവിനെ കാറെടുത്ത് പൊക്കി കൊണ്ടുവന്നു .
രാജു സിസ്റ്റം അഴിച്ചു നോക്കി ഇങ്ങനെ പ്രഖ്യാപിച്ചു .
"നിങ്ങളുടെ പ്രോസ്സസ്സര്‍ പോയി .
മെന്റല്‍ ആണല്ലേ !"

"ഹെന്ത് ..
പ്രോഫസ്സര്‍ പോയോ ..?"
നാവുളുക്കിയതാണ് .
ഇതെല്ലാം അടുക്കള യിലിരുന്നു ഭാര്യ കേള്‍ക്കുന്നുണ്ടായിരുന്നു .

"ദേ മനുഷ്യാ ..
ഒന്നിങ്ങോട്ടു വന്നെ .."
ഭാര്യ വിളിക്കുന്നുണ്ട് .
നോക്കിയിട്ട് വരാം .

"എന്താടീ എന്ത് പറ്റി ?"

"നിങ്ങളുടെ ഏത് പ്രൊഫസറ പോയത് ?
മെന്റല്‍ ആയിരുന്നല്ലേ ..!"

ഇവളെ ഒന്ന് പറ്റിക്കണം .
ഹിഹിഹി ...
"മരിച്ചു പോയതാടീ ..
പാവമായിരുന്നു .."

"നമുക്കാ പ്രൊഫസറുടെ വീട് വരെ ഒന്ന് പോകണം .
എത്രയായാലും നിങ്ങടെ പ്രൊഫസര്‍ അല്ലെ "

"അത് വേണോ ...?''

"വേണം "

കുഴഞ്ഞല്ലോ .
കൈ അറിയാതെ തലയില്‍ തലോടി .
ഇനി മാഷെ വിളിച്ചാലെ രക്ഷയുള്ളൂ .
മൊബൈല്‍ എടുത്തു കോള്‍ ചെയ്തു .

"എന്താടാ ...."
മാഷാണ് .

കാര്യം പറഞ്ഞു .

"ഹഹഹ ..
ഇത്രേള്ളൂ.
കേച്ചേരി ചെന്ന് വലത്തോട്ടു തിരിഞ്ഞാല്‍ വേലൂരില്‍ പുതിയ പോസ്ടാഫീസിനടുത്തു ഒരു മെഡിക്കല്‍ കോളേജ്   പ്രൊഫസര്‍ രണ്ടാഴ്ച്ച മുന്‍പ് മരിച്ചിട്ടുണ്ടായിരുന്നു .
അവിടെ പോയൊന്നു നോക്ക് .
എനിക്ക് തിരക്കുണ്ട്‌ "
ഫോണ് കട്ടായി .

(ബാക്കി അടുത്ത ലക്കം .)
**********



    

2011, ഫെബ്രുവരി 6, ഞായറാഴ്‌ച

ഒരു വാള്‍ സൌമ്യക്ക് വേണ്ടി ഉയര്‍ത്തുക ..

മുംബായ് അധോലോകത്തിമിര്‍പ്പില്‍ ഒരു കൈ നഷ്ട്ടപ്പെട്ടവന്‍ ഗോവിന്ദ ചാമി !
 ഇനിയും ബാക്കിയായ മൃഗ ഭാവങ്ങള്‍ മറു കൈയില്‍ പേറി ഗോവിന്ദച്ചാമി ജനറല്‍ കമ്പാര്‍ട്ടുമെന്റില്‍ ...

'ലക്ഷ്മി ലക്ഷ്മി 'എന്ന് കൂപ്പിട്ടു ,
നമ്മുടെ റെയില്‍വെ ഒറ്റപ്പെടുത്തി പിറകിലേക്ക് മാറ്റി കൊളുത്തിയിട്ട വനിതാ കമ്പാര്‍ട്ടുമെന്റില്‍ അവന്‍  പടര്‍ന്നു കയറുന്നു !

അവിടെ ഏകയായ അവസാന യാത്രക്കാരി 'സൌമ്യ '.
നമ്മുടെ സഹോദരി മാരില്‍ ഒരുവള്‍ ...!
അവളുടെ മുന്‍പില്‍ അവന്‍ തനിച്ചു പ്രത്യക്ഷപ്പെടുന്നു  !

ഇരയെ മണത്ത വേട്ടപ്പട്ടി ആദ്യം സൗമ്യയുടെ ബാഗു തട്ടിപ്പറിക്കുന്നു.
നിസ്സഹായയായ ഒരു പാവം യുവതിയുടെ നിലവിളി അടുത്ത കംപാര്ട്ടുമെന്റിലെക്കും ദീനമായി മുഴങ്ങുന്നു !
പക്ഷെ നമ്മള്‍ മലയാളികള്‍ അത് ആസ്വദിക്കുകയാണ് ചെയ്തത് !
അവര്‍ തിരക്കില്‍ ആണല്ലോ !

പിന്നെ ആ മൃഗം സ്റേഷന്‍ അടുക്കെ പതുക്കെയായ ട്രെയിനില്‍ നിന്നും പാവം സൌമ്യ യെ  തള്ളി പുറത്തിടുന്നു !
കാമാര്‍ത്തി പൂണ്ടു പുറകെ ചാടുന്നു !
ട്രാക്കില്‍ തെറിച്ചുവീണ അവളെ കരിങ്കല്ല് കൊണ്ട് തലയില്‍ ഇടിച്ചു അനങ്ങാന്‍ പറ്റാത്ത വിധം അവശ യാക്കുന്നു !
അവള്‍ പിടയുന്നു !
പ്രാണന്റെ അവസാന ശ്വാസത്തിന് വേണ്ടി ..
ആ സമയം അവന്‍ അവളെ നിഷ്ക്കരുണം വിവസ്ത്രയാക്കി പിന്നെ നടത്തുന്നത് മൃഗവേഴ്ചയാണ് !

ഈ സമയം ട്രെയ്നില്‍ ഒരു മനുഷ്യ സ്നേഹി ഉണ്ടായിരുന്നു !

സൌമ്യ യുടെ  ആര്‍ത്തനാദം കേട്ടു അപായ ച്ചങ്ങല വലിക്കാന്‍ പിടഞ്ഞെത്തിയ  ആ മനുഷ്യ സ്നേഹിയായ ടോമി യെ 'സ്വന്തം കാര്യം സിന്ദാബാദ് 'എന്ന്  മുദ്രാവാക്യം മുഴക്കി നിഷ്ക്രിയത്വത്തിന്റെ മറു ചങ്ങലകൊണ്ട് ബന്ധിക്കുന്നു ,
അങ്ങിനെ സുഖ യാത്ര തുടരുന്നു സഹ യാത്രികര്‍ ആയ നമ്മള്‍  മലയാളികള്‍ ..!

ഇതില്‍ പരം ഒരു അപമാനം വേറെ എന്ത് ഉണ്ടാകാനാണ് ?

ജാതിക്കോ മതത്തിനോ ദൈവത്തിനോ രാഷ്ട്രീയത്തിനോ വേണ്ടി മാത്രം വാള്‍ത്തല ഒരുക്കുന്നവര്‍ മാത്രമായി മാറരുത് നമ്മള്‍ !
സുഖവും ക്ഷേമവും തനിക്കു മാത്രമെന്ന് ചിന്തിക്കയും അരുത് !

ദിനം പ്രതി അക്ഷരത്താളുകളില്‍ കൊച്ചു കുരുന്നുകള്‍  തൊട്ടു അവശരായ വൃദ്ധകള്‍ വരെ ഒറ്റക്കും കൂട്ടായും നടത്തപ്പെടുന്ന  മാന ഭംഗ ശ്രമങ്ങളില്‍ തല്ലിയലച്ച് ജീവന്‍ വെടിയുന്നത് നമ്മള്‍ കാണുന്നു ,
നടുക്കം അഭിനയിക്കുന്നു !
പിന്നെ പതിവ് നടത്തം തുടരുന്നു !

ചെറുതുരുത്തി ..
ഷോര്‍ണൂര്‍ ..
ഭാരത പ്പുഴ ..
എന്റെ കാലടികള്‍ പതിഞ്ഞ മണ്ണ് ...
അവിടെ ഇങ്ങനെ ..

എന്റെ ഈശ്വരാ..
പ്രപഞ്ച മെന്ന മഹാ നാടക ത്തില്‍ എന്തിനു ഇങ്ങനെ ഒരു രംഗം നീ എഴുതിച്ചേര്‍ത്തു !

ഇതാ ഞാന്‍ ചേര്‍ക്കുന്നു ,
ഹതഭാഗ്യ യായ എന്റെ ആ സഹോദരിക്ക് ,
കണ്ണുനീരില്‍ കുതിര്‍ന്ന ഒരു പിടി പുഷ്പങ്ങള്‍ ...
********
  
  

2011, ജനുവരി 31, തിങ്കളാഴ്‌ച

വീണ്ടും ലിസി !

കാറ്റില്‍ പാലപ്പൂവിന്റെ നിറഞ്ഞ ഗന്ധം ..
മകരക്കുളിരില്‍ ചൊവ്വയുടെ അദൃശ്യ സാന്നിധ്യം...
ഒടുവില്‍ അതു സംഭവിച്ചു!
രാത്രിയുടെ നാലാം യാമത്തില്‍ കാത്തിരിപ്പിന്റെ അവസാനമായി ,
അവള്‍ പ്രത്യക്ഷപ്പെടുക തന്നെ ചെയ്തു...

പാലമരത്തിന്റെ നിഴലില്‍ വെളുത്ത ചേലയുടുത്തു അതാ  യക്ഷി !
മനുഷ്യരക്തം കുടിച്ചു ചുവന്ന ചുണ്ടുകളുള്ള,
കര്‍ണ്ണ ഞരമ്പു കോര്‍ത്തു പൊട്ടിക്കുന്ന ദ്രംഷ്ടകളുള്ള നമ്മുടെ  പ്രിയപ്പെട്ട ആ യക്ഷി!

ഞാന്‍ വിറയാര്‍ന്ന കൈകളോടെ  കാമറ എടുത്തു സൂം ചെയ്യാന്‍ തുടങ്ങി .
'ക്ലിക്ക് ..'

ഞാന്‍ ഫ്ലാഷ് ഓഫ് ചെയ്യാന്‍ മറന്നിരുന്നു .
അവളുടെ രൂപം എന്റെ കാമറ പകര്‍ത്തിയ പാടെ
പെട്ടെന്ന് യക്ഷി എന്റെ നേരെ തിരിഞ്ഞു .
ഹഹഹ ...എന്ന് ഒരു ചിരി !
ഞാനാകെ ഞെട്ടിത്തരിച്ചുപോയി!

കാച്ചെണ്ണയുടെ മണമുതിര്‍ക്കുന്ന പനംകുല പോലെയുള്ള മുടി കാറ്റില്‍ ആടിയുലയാന്‍ വിട്ടുകൊണ്ട് ,
ഒരു പിടി കൊത്തം കല്ല്‌ കൈ വെള്ളയില്‍ ആടി ,
നിലാവിന്റെ മന്ദഹാസവുമായി  അവളെന്റെ മുന്‍പില്‍ നിന്നു .
പേടിച്ചു പേടിച്ചങ്ങിനെ ഞാന്‍ നിന്ന് വിയര്‍ക്കുമ്പോള്‍ ,
മണി കിലുങ്ങുപോലെ  അവള്‍ ചിരിക്കാന്‍ തുടങ്ങി !

"അല്പം ചുണ്ണാമ്പു തരാമോ ?"
നുണക്കുഴികള്‍ വിടര്‍ത്തിക്കാണിച്ചു അവള്‍ എന്നോട് ചോദിച്ചു .

കഷ്ടം !
ഞാനത് മറന്നുപോയല്ലോ !
മാഷ് പ്രത്യേകം പറഞ്ഞതാണ്‌ യക്ഷി ചുണ്ണാമ്പും തളിര്‍ വെറ്റിലയും ചോദിക്കുമെന്ന് .
ഇനിയിപ്പോള്‍ എന്ത് ചെയ്യും ?

പോക്കറ്റില്‍ കയ്യിട്ടുനോക്കി.
ഓട്ടക്കീശയില്‍ എന്തുണ്ട് !
നാണ്വാരുടെ കടയില്‍ നിന്ന് വാങ്ങിയ ഒരു പൊതി ഹാന്‍സ്‌ ...
വിറയാര്‍ന്ന കരങ്ങളോടെ അത് പുറത്തേക്കെടുക്കുമ്പോള്‍ യക്ഷിയുടെ കണ്ണുകള്‍ തിളങ്ങി നിന്നു.

"സോറി ,ചുണ്ണാമ്പ് മറന്നു .
പാന്‍ മസാല മതിയാകുമോ ?"

"ഛീ ..."
അവള്‍ ഒന്നാട്ടി !
"ഞാന്‍ അരുതാത്തത് വല്ലതും ...?"

"വേണ്ട വേണ്ട .
പറഞ്ഞു മുഷിയണ്ട .
നമുക്ക് കൊത്തം കല്ല്‌ കളിക്കാം "
അവള്‍ എന്നെ ക്ഷണിച്ചു .
( എവിടെയോ കണ്ടു മറന്ന മുഖം ..!
ഇനി വല്ല സ്വപ്നത്തിലോ മറ്റോ !)

"പേരെന്താണ് ?"

"മറവിക്കാരനാണല്ലേ?
ഹിഹിഹി ..
എന്റെ പേര് ലിസി .
പത്താം ക്ലാസില്‍ നമ്മള്‍ ഒരുമിച്ചു പഠിച്ചതാണ് .
ഒക്കെ മറന്നു അല്ലെ ..!"

ഞാനറിയുന്ന യക്ഷിയാണ് .
പകുതി സമധാനമായി ...
"ഓര്‍ക്കുന്നു .
പക്ഷെ നിന്റെ മുഖം എന്തേ ഇങ്ങനെ മാറിപ്പോയി !"

"ഓ എന്ത് പറയാനാ ..
അന്ന് പത്താം ക്ലാസിന്റെ റിസള്‍ട്ട് അറിഞ്ഞ ദിവസം ..."

"തോറ്റുപോയല്ലേ ..?"

"തോറ്റതു ചേട്ടനല്ലേ !
ഞാന്‍  ജയിച്ച റിസള്‍ട്ട് അറിഞ്ഞു വീട്ടില്‍ പോവുകയായിരുന്നു .
അപ്പോള്‍ ഒരു നീല ഒമ്നി വാന്‍ വന്നെന്നെ കൊണ്ട് പോയി.''

"കിഡ്നാപ്പിംഗ് ?"

"അതേ .
മൂന്നു ദിവസം!
എല്ലാം കഴിഞ്ഞു ഒടുക്കം അവരെന്നെ റെയിവേട്രാക്കില്‍ കൊണ്ട് പോയി ഇട്ടു .
ഒടുവില്‍ എന്റെ സമയമായി.
ട്രെയിന്‍ ഇരമ്പിക്കുതിച്ചു വന്നു.
അങ്ങിനെ എന്റെ മുഖച്ഛായ  മാറിയതാണ് .''

"ഓ ഗോഡ് !"

"ഞാന്‍ ഒരു കാര്യം ചോദിക്കട്ടെ ?"

"എന്താണ് ?"

"രണ്ടു മൂന്നു ദിവസമായല്ലോ ചേട്ടന്‍ ഇവിടെ ടെന്റുമടിച്ചു താമസിക്കാന്‍ തുടങ്ങിയിട്ട്..
ഞനെല്ലാം മറഞ്ഞിരുന്നു കാണുന്നുണ്ടായിരുന്നു.
ഇതെല്ലാം എന്തിനാണ് ?"

"എല്ലാം എന്റെ ഒരു സാഹസം!
ഞാന്‍ ഒരു ബ്ലോഗ്ഗര്‍ ആണ് ലിസി ....
എന്റെ കൂട്ടുകാരന്‍ വി എ പറഞ്ഞു  യക്ഷിക്കഥക്ക് ഇപ്പോള്‍ നല്ല സ്കോപ്പ് ആണെന്ന് .
അങ്ങിനെ ഞാന്‍ ഒരു യക്ഷിക്കഥ എഴുതാന്‍ ആശയത്തിനു വേണ്ടി നമ്മുടെ അനോണി മാഷില്ലേ ,
ആ പുള്ളിക്കാരനെ പോയൊന്നു കണ്ടു .
പുള്ളിയാ പറഞ്ഞത് കഥക്കൊപ്പം യക്ഷിയുടെ ഒരു ഒറിജിനല്‍ കളര്‍ ഫുള്‍ ഫോട്ടോ കൂടി ഇട്ടാല്‍ സംഗതി ഹിറ്റാകും എന്ന് .
നീ സാഹസീകനല്ലേ!
ഒന്നു ശ്രമിച്ചുനോക്ക്...
എന്നൊരു വെല്ലുവിളിയും.
ഒറിജിനല്‍ അല്ല എങ്കില്‍ കോപ്പിയടിച്ചതാണെന്നു പറഞ്ഞു ബ്ലോഗില്‍ ആകെ ബഹളമാകും.
പിന്നെ മോഷ്ടാവെന്നു മാറ്റപ്പേരും!
ഇതാവുമ്പോള്‍ ഒറിജിനലായി,
അനുഭവമെന്നു ലേബലും കൊടുക്കാം!“
"ഉവ്വ ഉവ്വ ..
പക്ഷെ ചേട്ടാ ,
യക്ഷിയുടെ ഫോട്ടോ ക്യാമറയില്‍ പതിയില്ലല്ലോ !"

"അതൊക്കെ പഴയ തരം കാമറയില്‍ അല്ലെ !
ഹിഹിഹി ..
ഇത് നോക്ക് .."
ഞാന്‍  മെനു തുറന്നു ഫോട്ടോ കാണിച്ചു കൊടുത്തു.
തന്റെ ഫോട്ടോ കണ്ട് യക്ഷി ആകെ ചമ്മിപ്പോയി ...!
(അവളിതൊക്കെ ആദ്യമായി കാണുന്നതല്ലേ)

യക്ഷിയൊന്നു വിരണ്ടു.
'thom
ആ തക്കം നോക്കി ഞാന്‍ ‘ഒന്നു നൃത്തം  ചെയ്യാമോ’ എന്നു ചോദിച്ചു.
അവളാകെ ലജ്ജിച്ചു കാല്‍ വിരലാല്‍ കളം വരച്ചു!

 നൃത്തച്ചുവടുകള്‍ അറിയാതെ ആണോ എന്തോ ,
പെട്ടന്നവള്‍ സ്റ്റെപ്പുതെറ്റി എന്റെ മാറിലേക്കു വീണു.
എന്റെ വിരലുകള്‍ അവളെ താങ്ങിയെടുക്കവേ,
ശക്തിയായി ഒരടി...

ഒരു പാടു യക്ഷികള്‍ എന്റെ നേര്‍ക്കു പാഞ്ഞടുക്കുന്നുണ്ടോ!
എന്റെ രക്തം കുടിച്ചു മതിവരാന്‍ ആര്‍ത്തിയാകുന്നുണ്ടോ?

ഇത്രയും ചിന്തിച്ചു ,
ശേഷം എന്റെ ബോധം മറഞ്ഞു.

ഓര്‍മ്മ വരുമ്പോള്‍ ഞാന്‍ വീട്ടില്‍ കട്ടിലില്‍ കിടക്കുകയാണ്.
അടുത്തു ഭാര്യയും മാഷും പിന്നെ യക്ഷിയും...

“ഞാന്‍ പറഞ്ഞില്ലേ അവനു ബോധം പോയിട്ടൊന്നുമില്ല,
തരിച്ചുകിടക്കുകയാണ് എന്ന്.”
മാഷു പറയുന്നു.

“ശരിയാ മാഷെ.
ഈ മനുഷ്യനു തരിപ്പു മാത്രമെ ഉള്ളൂ.
പോകാന്‍ മാത്രം ബോധമൊന്നും ഇല്ല.”
എന്റെ ഭാര്യയുടെ മറുപടി.

“അയ്യോടീ ..
അതാ യക്ഷി..
നിനക്കു കാണാന്‍ പറ്റുന്നുണ്ടോ?”
ഞാന്‍ ഭയന്നു നിലവിളിച്ചു.

“എന്റെ മനുഷ്യാ..
അതു യക്ഷിയും കക്ഷിയുമൊന്നുമല്ല.
നമ്മുടെ മാഡമാണ്..
ഞാനാ അവളെ ഈ വേഷം കെട്ടിച്ചു അവിടേക്കു പറഞ്ഞുവിട്ടത്”
ഭാര്യയുടെ ആ വാക്കുകള്‍ കേട്ടു ഞാനാകെ തകര്‍ന്നുപോയി.

“എന്തിനായിരുന്നു ..ഈ.. നാടകം...?”
ഞാന്‍ വിറച്ചു വിറച്ചു ചോദിച്ചു.

“നിങ്ങളാ മരം കോച്ചും മഞ്ഞത്ത് തണുത്തു വിറച്ചു യക്ഷിയേയും നോക്കി എത്ര ദിവസം ഇരിക്കും!
ഞാനിതെങ്ങിനെ സഹിക്കും മനുഷ്യാ..
ഒടുക്കം സഹി കെട്ടപ്പോഴാണ് മാഷിന്റെ ഈ ഐഡിയ ഞങ്ങളൊന്ന് പരീക്ഷിച്ചു നോക്കിയത്.
പിറകീന്നടിച്ചത് ഞാനാ‍.
പക്ഷെ ഇത്ര വലിയ മുഴ തലയില്‍ വരുമെന്നു ഞാന്‍ കരുതിയില്ല”
ഭാര്യ മൂക്കു ചീറ്റി.
***********

2011, ജനുവരി 21, വെള്ളിയാഴ്‌ച

എന്റെ മാഫിയാ പ്രവൃത്തികള്‍ .

ഞാന്‍ മാഫിയ ഗ്രൂപ്പില്‍ ചാറ്റ് ചെയ്യുകയായിരുന്നു .
ഇടക്കൊരു നോട്ടു കുറിക്കണം .
എഴുതാന്‍ മടി കാണിച്ചപ്പോള്‍ പേനയൂരി രീഫില്ലെടുത്തു നോക്കി .
ശരിയാണ് .
മഷി തന്റെ അവസാനത്തെ അടയാളവും കാണിച്ചിരിക്കുന്നു !

പുറത്തൊരു നര്‍മ്മക്കാരന്‍ !
ഛെ ,തെറ്റി ..
ധര്‍മ്മക്കാരന്‍ .

"നര്‍മ്മം തരണേ ...
നര്‍മ്മം തരണേ ..."

ഞാന്‍ എഴുന്നേറ്റു .
അടുക്കള യില്‍നിന്നുള്ള ബ്ലോഗ്‌ മോളുടെ പിന്‍വിളി കേട്ടില്ലെന്നു നടിച്ചു .

'ടാര്ര്ര്‍ ...'
(ഈയിടെയായി വാതില്‍ തുറക്കുമ്പോള്‍ വലിയ ശബ്ദമാണല്ലോ !.എന്താണാണാവോ .. )

ഹമ്മേ !
ഒരു പുലിയാണ് !
കൈയ്യിലൊരു ആപ്പിളിന്റെ സെറ്റ്‌  (മൊബൈലാണ് ട്ടോ .. ),
പുറത്തൊരു ഹുണ്ടായി കാറും!
ഗള്ളന്‍ ..
ഒരു ലക്ഷ്വറി പിച്ചക്കാരന്‍ തന്നെ !

ഹെന്റെ ഹമ്മാ ...ഹമ്മാ ...
ഈ കാലില്‍ വീണു പിച്ച ചോദിക്കേണ്ടത്‌ ശരിക്കും ഞാനാണ്‌ !

"സാറെ ഞാനൊരു പുതിയ ബ്ലോഗറാണ് ...."

'ബ്ലോഗ്ഗര്‍ 'എന്ന പ്രയോഗം തന്നെ തെറ്റാണ് മിസ്റ്റര്‍.
ഇതാരും സമ്മതിച്ചു തരില്ല  .
'ബെഗ്ഗെര്‍' 'ബെഗ്ഗെര്‍'എന്നാക്കൂ .
ഇയ്യാളെ ഒന്ന് തിരുത്തി നോക്കാം.

"  ഈ 'നര്‍മ്മം' എന്ന ഉച്ചാരണം ശരിയാണോ ?
 'ധര്‍മ്മം ധര്‍മ്മം '...എന്നാണ് വേണ്ടത് .
ഇവിടെ ഈ 'രാധാമണി' എന്നതിലെ 'ധ'വേണമെങ്കില്‍ നോക്കാം ."

"  'ഇ' ഇനിഷ്യല്‍ ആണോ സാര്‍.."

ഹിഹിഹി ...
മണ്ടന്‍ .
ഇവന്റെ തലയില്‍ ഒരു പിണ്ണാക്കും ഇല്ല !
ഇവനിപ്പോള്‍ എന്ത് കൊടുക്കും ?
ഒരു 'ഉവ്വ' കൊടുത്താലോ ..
"ഉവ്വ ഉവ്വ .."

"അനോണി മാഷ് പറഞ്ഞിട്ട് വന്നതാണ്‌ .
സാര്‍ ഇപ്പോള്‍ നര്‍മ്മത്തില്‍ കൈ വച്ചിട്ടുണ്ടെന്ന് അറിഞ്ഞു .
അല്‍പ്പം നര്‍മ്മം തന്നു സഹായിച്ചാല്‍ ....
ഈയുള്ളവനും ഒന്ന് പച്ച പിടിക്കുമായിരുന്നു   .
ചേതമില്ലാത്ത ഉപകാരമല്ലേ .
 'നോ താങ്ക്സ് 'എന്ന് പറയരുത് "

ഞാന്‍ തന്നെ ഇവിടെ മുഞ്ഞ പിടിച്ചിരിക്കയാണ്
അതിനിടയില്‍ ഇയ്യള്‍ക്കെന്തുകൊടുക്കും ?
"സോറി മിസ്റര്‍ .
നിങ്ങള്‍ പോയി ആ വെറളി യോട് ചോദിച്ചു നോക്ക് .
ഒഴക്കെങ്കിലും തരാതിരിക്കില്ല ."
അങ്ങിനെ അയാളെ വെറും കയ്യോടെ  പറഞ്ഞയച്ചു അനോണി മാഷോട് രണ്ടു ചോദിയ്ക്കാന്‍  ഞാന്‍ പുറപ്പെട്ടു .

അതിന്‍പ്രകാരം കാറെടുത്ത് ഫസ്റ്റ് ഗിയറിട്ട് ആക്സിലേറ്റര്‍ കൊടുക്കാതെ ക്ലച്ച് പതിയെ
അയച്ച്നോക്കി .
ഉണ്ടുണ്ട് .
കാര്‍ മുന്നോട്ടു പോകുന്നുണ്ട് .
പിന്നെ ഗിയര്‍ മാറ്റി സെക്കന്റും തേര്‍ഡ്‌ മൊക്കെ കൊടുത്തു അനോണി മാഷിന്റെ വീട്ടിലെത്തി .

ടും ടും ടും .
കറണ്ടില്ല .
അതുകൊണ്ട് വാതിലില്‍ മുട്ടിയതാണ് .

"ആരാട ഈ മുടിയാന്‍ നേരത്ത് ..."
അകത്ത് മാഷാരെയോ പിരാകുന്ന ശബ്ദം .

"ങ്ഹും .നീയായിരുന്നോ !"
മാഷ് വാതില്‍ തുറന്നു തന്നു .

പകല്‍ രാത്രിയോട്‌ വിട ചൊല്ലി വിതുമ്പുന്ന വേളയായത്‌ കൊണ്ട് ആ സമയം സന്ധ്യ എന്ന് കുറിക്കുന്നു .
അന്നുദിച്ച നക്ഷത്രങ്ങളെ സ്വപ്നം കണ്ടതും ,അന്നത്തെ അസ്തമയ സന്ധ്യയെ സ്നേഹിച്ചതും മാഷായിരുന്നു !

"ഇതെന്തിനാ കയറും കോടാലിയും ചാക്ക് കെട്ടുമൊക്കെ..?"
മാഷ്‌ തയ്യാറാക്കുന്ന രംഗപടം കണ്ടു അന്ധിച്ച് ഞാന്‍ ചോദിച്ചു .
"ഇതൊരു ഓപ്പറേഷന് ഉള്ളതാട "

അതിനു മാഷിന് എപ്പോള്‍ കിട്ടി ഈ ഡോക്ടരേട്റ്റ്.
ചോദിച്ചില്ല .
ചോദ്യം ഉള്ളില്‍ തന്നെ വച്ചു .

"ഒരു കൊട്ടേഷന്‍ കിട്ടിയിട്ടുണ്ടേടാ .
നമ്മുടെ ആ കശ്മലനില്ലേ ,എന്താ അവന്റെ പേര് ...
ആ കിഷോര്‍ കുമാര്‍ ."

"ഉവ്വ .
പാരിജാതത്തിന്റെ ഹസ്സ്ബന്റുചേട്ടന്‍ "

"ലവന്‍ തന്നെ.
ചക്കരക്കുട്ടന്‍ പാരിജാതത്തിന്റെ പോസ്റ്റില്‍ കമന്ടിടുവാന്‍ തുടങ്ങിയത് മുതല്‍ കശ്മലന്റെ അടുക്കളയില്‍ എലിയും പെരുച്ചാഴിയും കയറി കമന്റിട്ടു തുടങ്ങി !
ഹഹഹ ..
അതല്ല രസം .
ഹോട്ടല്‍ ശാപ്പാട് കഴിച്ചു കഴിച്ച്  ടിയാനിപ്പം അള്‍സറിനു മരുന്ന് മേടിക്കാന്‍ ബീവരെജില്‍ ...
അല്ല ..മെഡിക്കല്‍ ഷോപ്പില്‍ ക്യൂ .."

"അപ്പോള്‍ മാഷവനെ കയറിട്ടു കെട്ടി ചാക്കിലാക്കാന്‍ പോകാണോ ?"

"എന്നിട്ട് വേണം അവന്‍ എനിക്കിട്ടു പണിയാന്‍ .
നീ ഐഡിയ യൊന്നും പോസ്ടണ്ട .
എന്റെ കൂടെ നിന്ന മതി "

"തല്ലു കൊള്ളുന്ന പണി വല്ലതും ആണോ മാഷേ ?"

"അതിനു നിന്റെ ഭാര്യയുടെ അടുത്തേക്കാണോ കൊണ്ട് പോകുന്നത് .
നീ ആ ചാക്കെടുത്തു തലയില്‍ വയ്ക്."

ചാക്ക് കെട്ടോന്നനങ്ങിയോ .
അതോ എനിക്ക് തോന്നിയതാണോ ?
അങ്ങനെ ഞങ്ങള്‍ ആ ഓപ്പറേഷന് പുറത്തിറങ്ങി .
പോകുന്ന പോക്കില്‍ നാണ്വാരുടെ ചായക്കടയില്‍ കയറി .
മാഷ് രണ്ടു ചിക്കന്‍ ചില്ലി പറഞ്ഞു .

"ഇവിടെ നിന്നും ചിക്കന്‍ ചില്ലി കഴിക്കുമ്പോള്‍ മടുപ്പിക്കുന്ന ഒരു ഗന്ധം പതിവുണ്ടായിരുന്ന താണല്ലോ.
അതെവിടെ ?"

"സോറി .ആ വെപ്പുകാരന്‍ ഇന്ന് ലീവിലാണ്‌ .
അവനിത് കഴിച്ചു വയറിനു സുഖമില്ല "
നാണ്വാരു മറുപടി തന്നു .
കൂടെ ബില്ലും ...

ഞങ്ങള്‍ മുന്നോട്ടു നടന്നു .
ആകാശത്തുനിന്നും നിലാമാഴയുടെ വെള്ളിവെളിച്ചം ഞങ്ങള്‍ക്ക് മേല്‍ നനുനനുത്തു തൂകി ക്കൊണ്ടിരുന്നു .
ഛീ ഛീ ..
മാഷ്‌ മഴ നനഞ്ഞിട്ടെന്നപോലെ തുമ്മി .
"ജലദോഷം ഉണ്ടോ ?"
"മൂക്കിപ്പൊടി വലിച്ചിട്ടാടാ "
എന്നുത്തരം .
ഞങ്ങള്‍ക്കിടയില്‍ മൌനം തൊട്ടാല്‍ പൊട്ടുന്ന നീര്‍ക്കുമിള കളായി പാറി നടന്നു .

അങ്ങിനെ ഞങ്ങള്‍ ചക്കരക്കുട്ടന്റെ വീട്ടിലെത്തി .

 ഞങ്ങള്‍ ഗേറ്റ് ചാടി കോമ്പൌണ്ടില്‍ പ്രവേശിച്ചു .
ഗേറ്റില്‍ ചുറ്റി പ്പുണര്‍ന്നു കിടന്നിരുന്ന മുല്ല പോലും അറിയാതെ !

"ഇനി ആ ചാക്കഴിക്ക് "

മാഷ് പറഞ്ഞത് പോലെ ഞാന്‍ ചാക്കഴിച്ച് നോക്കിയപ്പോള്‍ ...

"ഇതെന്ത മാഷെ കഴുതയാണോ ?"

"ഒരു തമാശ പറഞ്ഞാല്‍ നീ ചിരിക്കാന്‍ കുറെ നേരമെടുക്കുന്നു .
അത് ഉടുമ്പ്‌ ആണെടാ .
നീ കയറെടുത്ത് അതിന്റെ അരയില്‍ കെട്ട്.
എന്നിട്ട് മുകളിലെക്കെറിയു.
ആ കയറിലൂടെ വേണം മുകളിലേക്ക് കയറാന്‍ ."

"മാഷ് ഈ കയറിലൂടെ ഒക്കെ കയറുമോ ?"

"ആക്കിയതാണല്ലേ...
ഞാനാ വൈദ്യര് മാഷിന്റെ കുറിപ്പടി വായിച്ചു യോഗ പഠിച്ചതല്ലെടാ "

"ന്റെ പട്ട്യെ,
ദെന്തിനാ ന്നെ ങ്ങനെ ചെയ്തെ ..
ഇക്ക് നടക്കാനും പറ്റാണ്ട് ആയീലോ .."
അകത്തു ചക്കര ക്കുട്ടന്റെ അമ്മ കുഞ്ഞിപ്പെണ്ണ് പിരാകുന്നത് കേള്‍ക്കാമായിരുന്നു .
കഴിഞ്ഞ ആഴ്ച ആണല്ലോകുഞ്ഞിപ്പെണ്ണിനെ  റൊണിന്റെ പട്ടി കടിച്ചത് .. 

അങ്ങിനെ ഞങ്ങള്‍ ചക്കരക്കുട്ടന്റെ ബെഡ് റൂമിനു അരികിലെത്തി .
അവന്റെ ഫൈബര്‍ ജാലകത്തില്‍ മാഷ്‌ കട്ടര്‍ കൊണ്ട് ഒരു മൊട്ട വരച്ചു .
എന്നിട്ട പതുക്കെ ഒരു തട്ട് .
'ടിന്‍ ..'
മൊട്ട താഴെ വീണു .

ആ ജാലക പ്പഴുതിലൂടെ ഞങ്ങള്‍ അകത്തേക്ക് നോക്കി .
ചക്കരക്കുട്ടന്‍ അതാ ലോഗിന്‍ ടൈപ്പ് ചെയ്യുന്നു .
ആ ദൃശ്യം മാഷിന്റെ ക്യാമറ ഒപ്പികൊണ്ടിരുന്നു .
പാസ് വേഡില്‍ ക്ലിക്ക് ചെയ്തു ഡാഷ് ബോര്‍ഡില്‍ കയറിയപ്പോള്‍ ..

"മതി നമുക്ക് പോകാം ".
മാഷ് പറഞ്ഞു .
അങ്ങനെ ഞങ്ങള്‍ പുറത്തിറങ്ങി .
ആളൊഴിഞ്ഞ നിരത്തില്‍ ഒരു ബസ്സ്‌ സ്റ്റോപ്പില്‍ ഞങ്ങള്‍ കുത്തിയിരുന്നു .
മാഷ് ക്യാമറ ലാപ്പില്‍ കണക്ട് ചയ്തു .

"  പാസ് വേഡ നമുക്ക് സ്ലോ മോഷനിട്ടു കണ്ടു പിടിക്കാം ."

"അതാ അവന്‍ 'C'അമര്‍ത്തി .
'H'..'A'..'K'..'K'..
'A'രണ്ടു പ്രാവശ്യം അമര്‍ത്തി ."

"അതുണ്ടാവും..
അങ്ങിനെ അത് കയ്യിലായി .
ഇനി അവനൊരു പണി കൊടുക്കം "

മാഷവന്റെ  പാസ് വേഡുമാറ്റി ബ്ലോഗ്ഗുകള്‍ എല്ലാം ഡിലീറ്റ് ചെയ്തു .

ഇരുട്ടില്‍ ആരോ ഓടി വരുന്ന ശബ്ദം .
മാഡം വരുകയാണ് .

"മാഷെ അതാ മാഡം വരുന്നു "

"ഹൌസ് മൈഡോ.
അവള്‍ വരട്ടെ .
അവളെ ഞാന്‍ ആ തൊമ്മി ക്കുഞ്ഞിന്റെ വീട്ടില്‍ ജോലിക്ക് വിട്ടതാട"

"കിട്ടി മാഷെ ."
മാഡം ഒരു എ ടി എം കാര്‍ഡ്‌ മാഷിന്റെ കൈയ്യിലേക്ക് ഇട്ടു കൊടുത്തു .

"ഒരു പാടു ബുദ്ധിമുട്ടിയല്ലേ
ഞാന്‍ തന്ന
കാര്‍ഡ്‌പകരം വച്ചിട്ടില്ലേ ?"

"ഉവ്വ്  "

"നാളെ അവന്‍ കാര്‍ഡ്‌ മെഷീനില്‍ ഇടുമ്പോള്‍ വിവരമറിഞ്ഞോളും"

പെട്ടെന്ന് ഒരു ലോഹ ക്കുഴലിന്റെ സ്പര്‍ശം .
പിന്നില്‍ സി ഐ ഡി മൂസ !

"യുവര്‍ അണ്ടര്‍ അരസ്റ്റ്."
പിസ്റ്റള്‍ വിരലിലിട്ടു കറക്കി മൂസ പറഞ്ഞു .
ഞങ്ങള്‍ കൈകള്‍ ഉയര്‍ത്തി പ്പിടിച്ചു .

"ഓടി രക്ഷപ്പെടാമെന്ന് വിചാരിക്കണ്ട .
ഓട്ടത്തില്‍ എന്നെ തോല്‍പ്പിക്കാന്‍ ആരുമില്ല .
ശംശയമുണ്ടെങ്കില്‍ നോക്കാം ."

"എനിക്ക് സംശയമുണ്ട്‌ "
മാഷ് പറഞ്ഞു .

"എന്നാല്‍ നോക്കാം "
മൂസ .

അങ്ങനെ ഞങ്ങള്‍ ഓടാന്‍ തുടങ്ങി .
ഓട്ടത്തില്‍ മൂസ അതിവേഗം ബഹു ദൂരം മുന്നേ ആയപ്പോള്‍ മാഷിന് മാത്രം അറിയാവുന്ന ഒരു ഇട വഴി യിലൂടെ ഞങ്ങള്‍ ഗതി മാറി ഓടി .
*****