2013, ഡിസംബർ 4, ബുധനാഴ്‌ച

2013, നവംബർ 19, ചൊവ്വാഴ്ച

ചിത്രകാരിയുമായി അഭിമുഖം .

സുമ ശിവരാമൻ എന്റെ സഹോദരിയുടെ മകളാണ് .ഒരു ചിത്രകാരി എന്ന നിലയിൽ അവരെ വിസിവി വടക്കാഞ്ചേരി ചാനൽ പരിചയപ്പെടുത്തുന്നു .

2013, ജൂലൈ 2, ചൊവ്വാഴ്ച

സഹനത്തിന്റെ നാളുകള്...

അടയാളങ്ങള്‍്.. നോവൽ - ഒൻപത് .
(
ആദ്യ ഭാഗത്തിന് )

പുറത്ത് മഴയുടെ ആരവം കേള്‍ക്കാം.
ജനല്‍ ചില്ലുകള്‍ക്കപ്പുറത്ത് വെള്ളിനൂലുകള്‍ കാറ്റിന്റെ താളത്തിനൊത്ത് പാറിപ്പിടയുന്നതും കാണാം.
അകലെ ആടിയുലയുന്ന മരച്ചില്ലകള്‍ക്ക് വല്ലാത്തൊരു രൌദ്ര പ്പകര്‍ച്ചയുണ്ട്.
മിന്നല്‍പ്പിണറുകളുടെ പിറവിക്ക് ഇനിയും സമയമായില്ലെന്നു തോന്നുന്നു...

വാതില്‍അടച്ചുപൂട്ടി മുറിയില് മൂടിപ്പുതച്ചിരുന്നത് കുളിരു തോന്നിയിട്ടാണ്.
പനിക്കോളുണ്ടോ എന്നൊരു സംശയം.!
വേനലിന് അറുതിയായതില് സമാധാനിച്ചിരിക്കയായിരുന്നു,
പക്ഷെ മഴയുടെ വേഷപ്പകര്‍ച്ചക്കു അശാന്തിയുടേതായ ഹിഡന് അജണ്ടയുണ്ടായിക്കഴിഞ്ഞിരിക്കുന്നു!

രാവിലത്തെ പത്രം വായിച്ചില്ല.
വെറുതെ മറിച്ചുനോക്കുക മാത്രമായിരുന്നു.
ഉത്തരാഖണ്ഡിലെ പ്രളയക്കെടുതി ചിത്രങ്ങളില്‍കണ്ടു.
അഴുകിത്തുടങ്ങിയ തീര്‍ത്ഥാടകരുടെ ശരീരങ്ങള്‍ തോളിലേറ്റി വരുന്ന സൈനികരുടെ ചിത്രമുണ്ട്.
രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കിടെ തകര്‍ന്ന ഹെലിക്കോപ്റ്ററില്‍കുരുങ്ങി മരിച്ച
അവരില്‍ ചിലര്‍ നിശ്ചലരായിക്കിടക്കുന്നു വേറെയും ചിത്രങ്ങളില്‍..

പിന്നെയുമുണ്ടായിരുന്നു മുന്മന്ത്രിയുടെ ഒളിക്കാമറായുടെതായി..
സോളാര്‍ തട്ടിപ്പ് മുന്‍പേജില്‍ നിന്നും ഉള്‍പേജിലേക്ക്..

നിശബ്ദമാക്കപ്പെട്ട ടെലിവിഷന്‍ ലിവിങ്ങ് റൂമിലിരിക്കുന്നു.
ഏകാന്തതയുടെ മുള്‍ക്കിരീടങ്ങളണിഞ്ഞ് രണ്ട് മനുഷ്യജീവികള്‍ കൂടിയും..

അസര്‍ നമസ്‌കാരത്തിന്റെ ബാങ്ക് മുഴങ്ങിയപ്പോള്‍ ഉപ്പ നിസ്‌കരിക്കാനിരിക്കുന്നത് കണ്ടിരുന്നു.
 

'ബിസ്മില്ലാഹ് ഹിര്‍ റഹ്മാന്‍ നിര്‍ റഹിം..'
 

സുബഹി മുതല്‍ ഇശാ  വരെ..
എന്നിട്ടും സ്വലാത്ത് മുടങ്ങിപ്പോയതില്‍ പരിതപിക്കുന്നു..
ഓരോ നിസ്‌കാരം കഴിഞ്ഞെണീല്‍ക്കുമ്പോഴും കണ്ണ് നിറച്ചിട്ടുണ്ടാകും.

ഹോസ്പിറ്റലില്‍ നിന്നും ഡിസ്ചാര്‍ജായി വന്നിട്ട് ആറു ദിവസമായിരിക്കുന്നു.
ഒന്നെഴുന്നേറ്റിരിക്കാന്‍ കൂടി വയ്യ ആ പാവത്തിന്..

ഫൈസുവിന് ഇനിയും തന്നോടുള്ള വിരോധം മാറിക്കിട്ടിയില്ലെന്നതു ഉപ്പക്കിപ്പോഴും ഒരു ഖേദമായി മനസ്സിലുണ്ട്.
മനേഷിനെ വിട്ട് വിളിപ്പിച്ചിട്ടും നേരില്‍ കണ്ട് സംസാരിക്കാതെയാണ് അയാള്‍ അവിടെനിന്നും പോയത്.
പിന്നീടൊരിക്കലും ഹോസ്പിറ്റലില്‍ വന്നിട്ടുമില്ല.

രാവിലെ തിരക്കിട്ട് മാര്‍ക്കറ്റില്‍ പോകുന്നത് കാണാം.
എന്തൊക്കെയോ കടുത്ത ചിന്തകളാല്‍ അയാള്‍ ഉഴറുന്നുണ്ടെന്ന് വ്യക്തം.

ജമീല വീട്ടില്‍ വന്ന് നില്‍പ്പായിട്ട് ഒരാഴ്ചയായിട്ടുണ്ട്.
അവളുടെ വീട് ജപ്തിയിലായെന്ന് കേട്ടു..
പോരാത്തതിന് ബഷീര്‍ സ്വന്തം ഉപ്പയെ പടിഞ്ഞാറെ കോട്ടയിലെ ഗവണ്മെന്റ് മെന്റല്‍ ഹോസ്പിറ്റലില്‍ കൊണ്ടുചെന്നാക്കിയിരിക്കുന്നു.

ആ മനുഷ്യന്‍ എന്നും അങ്ങിനെയൊക്കെയാണ്.
ഇങ്ങനെയൊക്കെ ചെയ്യുന്ന ഒരാളെ ഫൈസുവും മറ്റും ഇനിയും സഹിക്കുന്നത് എന്തിനാണ്!

ഇവിടെ ഇത്രയൊക്കെ ഉണ്ടായിട്ടും ആമിനത്താത്തയോ മക്കളോ ഒന്നിവിടം വരെ വരുകയോ അന്വേഷിക്കുകയോ ചെയ്തിട്ടില്ല.
വിരോധമില്ല .
ഒക്കെ ഓരോരുത്തരുടെ ഇഷ്ടമാണല്ലൊ.

എന്നും രാവിലെ ലക്ഷ്മിക്കുട്ടി അടിച്ചുതുടക്കാന്‍ വരുന്നതുകൊണ്ട് പലതും അറിയുന്നു.

ജീവന്റെ ഒരു തുടിപ്പുപോലും കാണിക്കാതെ രണ്ടാഴ്ചയായിരിക്കുന്നു എന്റെ ഇക്ക..
അഞ്ചാം ദിവസം ഐസിയുവില്‍ നിന്നും റൂമിലേക്ക് കൊണ്ടുവരുമ്പോള്‍ ഉരുണ്ടുനീങ്ങുന്ന ട്രോളിക്കു പിറകെ ഓടുകയായിരുന്നു..
ഏതു വിരലാണ് ചലിക്കുന്നത് ..

ദിനങ്ങള്‍ പിന്നെയും കൊഴിയുമ്പോള്‍, ആ ജീവന്‍ എന്നില്‍ നിന്നും പിരിക്കല്ലെ ഇലാഹി എന്നായി പിന്നെ.
ഊണില്ല,ഉറക്കമില്ല..
ദാഹം തീരുവോളം കുടിക്കാന്‍ കണ്ണീര്‍ കൂട്ടിരുന്നല്ലൊ!

മറക്കുവാനരുതാത്ത മുഖം ഇപ്പോഴുമവിടെ അങ്ങിനെ കിടക്കുകയാണ്..
ഉണരുമോ..അതോ ഇനിയൊരിക്കലും......
നിത്യവുമിങ്ങനെ ഈ കാഴ്ച കണ്ടു നില്‍ക്കുവാന്‍ മാത്രം ശക്തി നീയെനിക്ക് തന്നിട്ടില്ലല്ലൊ ഇലാഹീ..

നൌഷാദ് മാമക്ക് തിരക്കാണ്.
ജോലിഭാരം ഇപ്പോള്‍ വളരെ കൂടുതലുണ്ട് ,
എന്നിട്ടും ഒരു നേരമെങ്കിലും ചെന്ന് വിവരമന്വേഷിക്കും.
പക്ഷെ തന്റെ കൂടപ്പിറപ്പ് , മൊഹി!..

എപ്പോഴും എന്തു ചോദിച്ചാലും ദ്വേഷ്യമാണ്.
മുഖമുയര്‍ത്തുകപോലുമില്ല.
നീണ്ടു വളരുന്ന മുടിയും താടിക്കുമിടയില്‍ വിരല്‍ വലിച്ച് മുഖം പൂഴ്ത്തിയിരിക്കും.

 ഒരു ദിവസം രാത്രി കാണാതായപ്പോള്‍ മാമ അന്വേഷിച്ചു പോയതാണ്.
ഹാഷിമിന്റെ വീട്ടിലുണ്ട കഞ്ചാവിന്റെ ലഹരിയുണ്ടു മയങ്ങുന്നു!

മാമ ഹാഷിമിനെ കുറെ ചോദ്യം ചെയ്തു നോക്കി.
പക്ഷെ അവനറിയില്ലായിരുന്നു മൊഹി ഇത് എവിടെ നിന്നും വാങ്ങിക്കൊണ്ടുവന്നാണ് ഉപയോഗിച്ചതെന്ന്.

ഇനിയവന്‍ ബാംഗ്ലൂരിലേക്ക് പോകുന്നില്ലെന്ന് നിശ്ചയിച്ചത് താന്‍് തന്നെയാണ്.
ഇനിയവന്‍് പഠിക്കുന്നില്ല.
ഇനിയവന് പഠിപ്പിന്റെ ആവശ്യമില്ല.
ഇനിയവന് വേണ്ടത് രക്ഷയാണ്.

ലഹരിയാല്‍ ഭ്രാന്തെടുത്തു നശിക്കാന്‍ പോകുന്ന എണ്ണമില്ലാത്ത നിര്‍ഭാഗ്യ ജന്മങ്ങളുടെ പട്ടികയില്‍ എന്റെ മൊഹീ,നീയും..

എന്നെക്കാള്‍ അഞ്ചു വയസ്സിനിളപ്പമുണ്ട് മൊഹിക്ക്.
അവനു നാലു വയസ്സാകുന്നതു വരെ എന്റെ പ്രിയ ഉണ്ണിക്കുട്ടനായി കൂട്ടുണ്ടായിരുന്നു അവന്‍..
അവനെ കൊഞ്ചിച്ചതും, അവനെ സൈക്കിളുരുട്ടാന്‍ പഠിപ്പിച്ചതും താനാണ്..
അവന്റെ മൂന്നാം പിറന്നാളിന് മാമ വാങ്ങിക്കൊടുത്ത ആ കൊച്ചു സൈക്കിള്‍ ഇപ്പോഴും തുരുമ്പരിച്ച് കരുവാന്‍ പടിയിലുണ്ട്.

ഉണ്ണിക്കുട്ടനേയും ഉമ്മയേയും ഉപ്പ പ്രവാസലോകത്തേക്ക് കൂടെ കൂട്ടിയപ്പോള്‍ അന്നത്തെ പത്തു വയസ്സുകാരി ആദ്യമായി നെഞ്ചുപൊട്ടി ക്കരയാന്‍ പഠിച്ചു.
മൂത്തുമ്മയുടെ മടിയിലായിരുന്നു കരഞ്ഞുതളര്‍ന്നുറക്കം.
അങ്ങിനെ മയങ്ങുമ്പോഴാണ് അകലെയകലെ മണലാരണ്യങ്ങളുടെ വീട്ടില് നിന്ന് അവരുടെ വിളി വന്നത്. 
ഒരു ഫോണ്‍ കണക്ഷന്റെ ഇരുപുറത്തും നിന്ന് ഉമ്മയും മകളും കെട്ടിപ്പിടിച്ചെന്നപോലെ നിന്നു കരഞ്ഞു.

വിദ്യാഭ്യാസത്തിന്റെ ഏറിയ പങ്കും ബോര്‍ഡിങ്ങ് സ്‌കൂളിലായിരുന്നു.
കോണ്‍വെന്റിലെ കൂട്ടുകാര്‍ ആര്‍ക്കാണ് എന്റെ ഉപ്പയും ഉമ്മയും ഉണ്ണിക്കുട്ടനുമൊക്കെ ആകാന്‍ കഴിയുക?

ഓരോ അവധിയിലും കരുവാന്‍ പടിക്ക് കൊണ്ടു പോകാന്‍ മാമയെത്തും.
എന്നെ മറ്റം സ്‌ക്കൂളില്‍ ചേര്‍ത്തിയാല്‍ മതിയെന്ന് പറഞ്ഞ് ഒരിക്കല്‍ വാശി പിടിച്ചിട്ടുണ്ട്.
എങ്കില്‍ എനിക്കും ഫാരിക്കും മുംതാസിനുമൊപ്പം പോകാമല്ലൊ!


മൂത്തുപ്പ വലിയ ദ്വേഷ്യക്കാരന്‍ ആയിരുന്നു.
തലയിലിട്ടൊരു കിഴുക്കാണ് മറുപടി.
പിന്നെ ചെവിക്കു പിടിച്ച് നന്നായിട്ടൊരു തിരുമ്പും.
കരച്ചില്‍ കേള്‍ക്കുമ്പോഴൊക്കെ വന്നു രക്ഷിച്ചുകൊണ്ടുപോയിരുന്നതു മൂത്തുമ്മയായിരുന്നു.

അവര്‍ക്ക് മക്കളായി നൌഷാദ് മാമയും ഉമ്മയുമാണുള്ളത് എന്നതുകൊണ്ടാകാം ഞങ്ങള്‍ എന്നും കരുവാന്‍ പടിയില്‍ തന്നെ നില്‍ക്കുന്നതായിരുന്നു അവര്‍ക്കിഷ്ടം.
പട്ടാമ്പിയിലെ തന്റെ ഓഹരി വിറ്റിട്ട് ഉപ്പ മറ്റത്തില്‍ മുപ്പതു സെന്റു വാങ്ങിച്ചതും അതുകൊണ്ടു തന്നെയല്ലെ?

അമ്മായിക്ക് നല്ല സ്‌നേഹമാണ്.
പക്ഷെ എന്തിനും ഒരതിരുണ്ടാകുമല്ലൊ!
മൊഹിയെ എന്തുചെയ്‌തെങ്കിലും രക്ഷപ്പെടുത്തിയെ പറ്റൂ.
ആരെയും ഒന്നും അറിയിച്ചിട്ടില്ല നൗഷാദ് മാമ.
ഇക്കഥ കൂടി ഉപ്പയും ഉമ്മയും അറിഞ്ഞാല്‍...

കാല്‍ക്കല്‍ കിടന്ന് ഭൂമി കറങ്ങുന്നു.
ചവിട്ടടിയില്‍ മണല്‍ക്കാറ്റ് ചുര മാന്തുന്നു..
എവിടേക്കെങ്കിലും ഭ്രാന്തമായി അലറിവിളിച്ച് ഇറങ്ങിയോടിയെങ്കിലോ എന്ന് തോന്നുന്നുണ്ട്.

ഡെയ്‌ലി വേജസ് എന്ന തോതില്‍ ഒരു തുക കൊടുക്കുന്നുണ്ട് മനേഷിന്.
ആദ്യമൊക്കെ അവന്‍ അത് നിഷേധിച്ചതാണ്.
പിന്നെ യാന്ത്രികമായെങ്കിലും അതു വാങ്ങുന്നുണ്ട്.
ആര്‍ക്കും ഒന്നും പിന്നീട് ബാധ്യതയാകരുതല്ലൊ?

ഹോസ്പിറ്റലില്‍ നിക്കാനെ തോന്നുന്നില്ലെന്ന് ഇന്നലെ അവന്‍ തുറന്നുപറഞ്ഞു.
ഇക്കയെ കാണെ കാണെ മനേഷ് തന്റെ ഗതകാല സ്മൃതികളില്‍ ഉരുകിത്തീരുന്നുണ്ട്..

സിരകളില്‍ ഒഴുകിയിറങ്ങുന്നെങ്കിലും ഈ മരുന്നുകളൊക്കെ എവിടെയാണ് മാഞ്ഞുപോകുന്നത്?

അബ്‌സര്‍ ഡോക്ടര്‍ കൂടി ലീവിലായിരിക്കുന്നു.
മകളുടെ നിക്കാഹിനേക്കാള്‍ വലുതല്ലല്ലൊ ചില വേള ആതുരസേവനം പോലും.

ഇപ്പോഴത്തെ കണ്‍സള്‍ട്ടന്റ് ഡോക്ടര്‍ നിധീഷ് കൃഷ്ണന്‍ വളരെ ചെറുപ്പമാണ്.
സീനിയോറിറ്റിക്ക് നല്‍കാവുന്നത് അവിടെയും അളവില്‍ കുറഞ്ഞിരിക്കുന്നു..

ആരെയും കുറ്റപ്പെടുത്താനില്ല.
അനിവാര്യമായ വിധി..
എത്ര ഉന്നതങ്ങളില്‍ ഇരിക്കുന്നവനെയും ഞൊടിനേരം കൊണ്ട് അത് മായ്ചുകളയാറുണ്ട് .

കോളേജില്‍ പഠിക്കുമ്പോഴാണ് തനിക്കൊരു ഫേസ് ബുക്ക് പ്രൊഫൈലുണ്ടാകുന്നത്.
ഇരുപത്തിരണ്ടു കൊല്ലം മുന്‍പ് ഒരു മെയ് മാസത്തിലാണ് ജനിച്ചത്.
പല പേരുകളും ആലോചിച്ചിട്ടും മേയ് ഫ്‌ളവര്‍ എന്ന് പേരു ചേര്‍ത്തത് അതുകൊണ്ടാണ്.
പിന്നെ ബ്ലോഗിങ്ങിലേക്ക് എത്തപ്പെടുമ്പോഴും മേയ് ഫ്‌ളവര്‍ തന്നെയായി.

ഏകാന്തതയുടെ തുരുത്തില്‍ നിന്നു വിടര്‍ന്ന കുറെ ദുസ്വപ്നങ്ങള്‍ അക്ഷരങ്ങളാര്‍ന്നപ്പോള്‍ കുറെ കണ്ണീര്‍ കവിതകളുണ്ടായി.
കൂട്ടിലടച്ച ഒരു കിളി ഉള്ളിലിരുന്ന് പാടി, പ്രണയത്തെക്കുറിച്ച്..വിരഹത്തെ കുറിച്ച്..
അകലങ്ങളിലേക്ക് പറന്നെത്താനാകാതെ വിലപിക്കുന്ന ചിറകു കൊഴിഞ്ഞ ഒരു സ്‌നേഹ ശലഭത്തെ കുറിച്ച്..

ഞാനാണ് മേയ് ഫഌവര്‍ എന്നറിയുന്നത് ഇപ്പോഴും മുഹമ്മദ് യാസിന്‍ മാത്രമായിരിക്കും!

ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജില്‍ പഠിക്കുമ്പോളാണ് യാസിന്‍ ക്ലാസ് മേറ്റായി വരുന്നത്.
ആര്‍ക്കിയോളജി സെക്ഷനില്‍ മുസിരിസിനെ സെര്‍ച്ച് ചെയ്തത് ഒരുമിച്ചായിരുന്നു.

മണ്ണുമാന്തിക്കളിക്കുന്ന കുട്ടികള്‍ക്കു കിട്ടിയ തിളങ്ങുന്ന കല്ലുകള്‍ അവര്‍ക്കപ്പോള്‍ വെറും കളിക്കോപ്പുകള്‍ മാത്രമായിരുന്നു !
മുതിര്‍ന്നവരാരോ അത് വില മതിക്കാത്ത രത്‌നങ്ങളെന്നു തിരിച്ചറിഞ്ഞപ്പോള്‍ മറവിയിലാഴ്ത്തപ്പെട്ട
ഒരു വലിയ തുറമുഖനഗരത്തിന്റെ കഥ പുറം ലോകമറിഞ്ഞു.

മുസ്‌രിസിന്റെ സൈറ്റില്‍ നിന്ന് അക്കഥ തേടിപ്പിടിച്ചെടുത്തത് യാസിനായിരുന്നു.

ക്രിക്കറ്റില്‍ അവനുള്ള കമ്പം കോളേജില്‍ നല്ല ഇമേജുണ്ടാക്കിയിരുന്നു.

ഓരോ മാച്ചു വരുമ്പോഴും അവന്‍ ആഹ്ലാദത്തോടെ ഓടിവരും,
കളി കാണാന് ക്ഷണിക്കാന്‍..

കാമ്പസ്സിലെ സൗഹൃദങ്ങള്‍ അവിടം കൊണ്ടവസാനിക്കുക പതിവാണ്.
എന്നാല്‍ ഫേസ് ബുക്ക് പിന്നെയും എല്ലാം ഓര്‍മ്മപ്പെടുത്തിക്കൊണ്ടിരുന്നു.

ഇക്കാക്ക് കവിതകളോട് അത്ര താല്പര്യമില്ല.
കഥകള്‍, നോവലുകള്‍, യാത്രാ വിവരണങ്ങള്‍ എന്നിവയൊക്കെയാണിഷ്ടം.

മുന്നിലെ പതുപതുത്ത കുഷ്യന്‍ സെറ്റിയില്‍് അമര്‍ന്നിരുപ്പുണ്ട് അനാഥരാക്കരുതെന്നു വിലപിച്ച് കുറച്ചു പുസ്തകങ്ങള്‍..
വായിച്ചു തീര്‍ന്നത്,പകുതി വായിച്ചത്, ഇനി വായനക്കെടുക്കാനുള്ളത്..
അതില്‍ ഇസ്മയെല്‍് കുറുമ്പടിയുടെ നരകക്കോഴിയുണ്ട് ,ബെന്ന്യാമിന്റെ ആടുജീവിതമുണ്ട്,

കവിതയേക്കാൾ പഥ്യം കഥയും നോവലും യാത്രാ വിവരണങ്ങളുമൊക്കെയാണ് ഇക്കാക്ക് .
നിക്കാഹിനു ശേഷം ഇക്കയെ ബ്ളോഗിൽ പരിചയപ്പെടുത്തി യത് ആദ്യത്തെ മാസം തന്നെയായിരുന്നു .
അന്ന് എഴുതി വാങ്ങിച്ച കുറിപ്പ് വായിച്ച് പ്രിയ ബ്ലോഗർമാർ നീർ വിളാകനും നീലക്കുറിഞ്ഞിയും മത്താപ്പുമൊക്കെ എഴുതിയ അഭിപ്രായങ്ങൾ ഇപ്പോഴും തെളിയുന്നുണ്ട് മുന്നിൽ ..

പര്‍ദ്ദയെ കുറിച്ചും വിവാഹപ്രായം പതിനാറാക്കുന്നതിനെക്കുറിച്ചും വലിയ വാഗ്വാദങ്ങള്‍ ഫേസ് ബുക്കില്‍ നടക്കുന്നതു കാണുമ്പോള്‍ ഇക്കയുടെ ആ വരികളാണ് ഓര്‍ത്തുപോകുന്നത്!
മനുഷ്യൻ ജനിക്കാനും ജീവിക്കാനും പഠിച്ചത് എവിടെ നിന്നായിരുന്നു ?
പ്രപഞ്ചം പിറക്കാനും പരിണമിക്കാനും പഠിച്ചത് എവിടെനിന്നാണ് ?

ഉറങ്ങിയെണീറ്റതിനുശേഷമുള്ള നിമിഷങ്ങളെ നമ്മളറിയുന്നുള്ളൂ.
ഉറക്കം,സ്വപ്നം, ഉണരല്‍, വളര്‍ച്ച എല്ലാറ്റിന്റേയും പിന്നില്‍ നാം പോലുമറിയാതെ ലക്ഷക്കണക്കിനു പ്രോസസ്സുകളാണ് നിമിഷനേരം കൊണ്ട് നടക്കുന്നത്.
ഓരോ പ്രേരണകളെയും ദ്രവ്യങ്ങളാക്കി തീര്‍ക്കുന്നതും എല്ലാം നമ്മെ നിസ്സഹായരാക്കി അനുഭവിപ്പിക്കുന്നതും നമ്മുടെ അബോധതലത്തിലെ മുന്‍ നിശ്ചയങ്ങളാണ്.
നമുക്കു കടന്നുചെല്ലാനാകാത്ത അബോധതലത്തിലെ ആ നിശ്ചയങ്ങള്‍ക്ക് പ്രപഞ്ചത്തിന്റെ പിറവിയോളം പഴക്കമുണ്ട്.


ആദിയിലെ ശൂന്യത പോലും പിറന്നത് ഒരേയൊരു നിശ്ചയത്തോടെയാണ്,
പ്രപഞ്ചമാകുക ,ജീവ രാശികളായി ത്തീരുക ..
നിശ്ചയങ്ങൾ ക്വാർക്കുകളും ആറ്റങ്ങളും ഗ്രഹങ്ങളും സൌരയൂഥ ങ്ങളുമൊക്കെ യായിത്തീർന്ന് ഭൂമിയെന്ന അന്നമുണ്ടാക്കി .
നിശ്ചയങ്ങൾ ആ അന്നത്തിൽ നിന്നും അനേകമനേകം ജീവരാശികളെ ഉണ്ടാക്കി .

നിശ്ചയങ്ങള്‍ ഇഴയാന്‍ ശ്രമിച്ചപ്പോള്‍ അവ ഉരഗങ്ങളായിത്തീര്‍ന്നു .
പറക്കാന്‍ ശ്രമിച്ചവക്ക് ചിറകുകള്‍ മുളക്കുകയും അകലങ്ങളില്‍ ഇര തേടിപ്പോകുകയും ചെയ്തു.

ഭൂതകാലത്തില്‍നിന്നുവന്ന ആ നിശ്ചയങ്ങള്‍ക്കു മാത്രമേ ഇപ്പോഴും ജീവന്‍ നല്‍കാന്‍ സാധിക്കുന്നുള്ളൂ.
ഇനി ഭാവികാലങ്ങളില്‍ വരാനിരിക്കുന്ന ജീവരൂപങ്ങള്‍ക്കും അതിപ്രാചീനമായ ആ നിശ്ചയങ്ങള്‍ തന്നെ പുതിയ പരിണാമങ്ങള്‍ നെയ്തുകൊണ്ടേയിരിക്കുന്നു!

കാരണം ഈ നിശ്ചയങ്ങള്‍ ഒരൊറ്റ ധാരയായി ഒരു വൃത്ത രൂപത്തിലാണ് സഞ്ചരിക്കുന്നത്.
ഒരിക്കലും വേറിട്ടുപോകാനാതെ ആ വൃത്തഭ്രമണപഥത്തിലൂടെ നമ്മുടെ കഴിഞ്ഞുപോയ കാലങ്ങള്‍ തന്നെ വീണ്ടും ഭാവിരൂപത്തിലേക്ക് മടങ്ങിവരുന്നു!

നിശ്ചയങ്ങള്‍ വീണ്ടുമെഴുതുന്നത് തോറയും,ബൈബിളും,ഖുറാനും,ഗീതയും,രാമായണവുമൊക്കെത്തന്നെയാണ്!
ഡാര്‍വിനും,ഐന്‍സ്റ്റീനും,മാര്‍ക്‌സും,ഗാന്ധിയും,ബുദ്ധനുമൊക്കെത്തന്നെയാണ് വീണ്ടും വീണ്ടും പുനര്‍ജനിക്കാന്‍ പോകുന്നത്!!
ബദറും,കലിംഗയും ,കുരുക്ഷേത്രവുമൊക്കെ വീണ്ടും പടയാളികളുടെ പോര്‍വിളികൊണ്ട് നിറയും!
മനുഷ്യരും മൃഗങ്ങളുമൊക്കെ ചത്തുമലച്ച് ഹോമോസാപ്പിയന്‍സും ദിനൊസറുകളുമൊക്കെയായി അനന്തതയില്‍ നിന്നും പരിണമിച്ചെത്തും.
ഇന്നുദിക്കുന്ന നക്ഷത്രങ്ങള്‍ കത്തിയമര്‍ന്നിട്ട് പണ്ടൊടുങ്ങിയ നക്ഷത്രരാശികള്‍ ആകാശത്തില്‍ പുനപ്രതിഷ്ഠിക്കപ്പെടും.

നിശ്ചയങ്ങളുടെ കാരണമിരിക്കുന്നത് സര്‍വജ്ഞന്റെ ജ്ഞാനത്തിലാണ്.
സര്‍വ്വശക്തന്റെ പ്രേരണയില്‍ നിന്നുമാണ് ദൈവകണങ്ങള്‍ പിടഞ്ഞുണര്‍ന്ന് ദ്രവ്യരൂപം നേടുന്നത്.
സര്‍വ്വവ്യാപിയായ അവന്റെ ജീവനാണ് തന്മാത്രകളും ക്രോമസോമുകളും ന്യൂറോണുകളുമൊക്കെയായി വളരുന്നത്.

പ്രപഞ്ചരചന അവനു നാടകമാണ്.
അവന്റെ തിരക്കഥക്കൊത്തു വിരല്‍ ചലിപ്പിക്കുന്നു കഥയറിയാത്ത കൂത്തുപാവകളായ നമ്മളും!

ഈ ആശയങ്ങളൊക്കെ എവിടെ നിന്നും കിട്ടിയെന്നു ചോദിച്ചപ്പോള്‍ അതൊക്കെയുണ്ട് എന്നുപറഞ്ഞ് ചിരിച്ചൊഴിഞ്ഞതെയുള്ളൂ ഇക്ക.
എഴുത്തിന്റെ സോഴ്‌സു ചോദിച്ചവരോട് ഞാനും അതു തന്നെ എഴുതി.

ഒരു പാടു വായിച്ചിട്ടുണ്ട്,
അതുകൊണ്ടാകും മറ്റുള്ളവരില്‍ നിന്നും വേറിട്ടു ചിന്തിക്കാന്‍ ഇക്കക്കാകുന്നത്!
ഒരു പാടു ആശയങ്ങളുടെ സമ്മിശ്രണമാകാം ഈ പുതിയ ചിന്താരീതികള്‍!

അല്ലെങ്കിലും സര്‍വ്വ സൃഷ്ടികളുടേയും കാരണമായ അള്ളാഹുവേ..,
ആരാണ് നിന്നെ നിരൂപിക്കുന്നത്!
അത്യുന്നതങ്ങളില്‍ നിന്റെ മഹത്വമന്വേഷിക്കുന്നവനാണല്ലൊ എന്റെ ഇക്ക.
അണയ്ക്കാന് തുടങ്ങിയ വിളക്കുപോലെ ആ ശരീരത്തിലെ ജീവത്സ്പന്ദനങ്ങള്‍ എന്തേ നീ മുരടിപ്പിച്ചിരിക്കുന്നു?
എല്ലാ സ്തുതികള്‍ക്കൊണ്ടും ഞാന്‍ നിന്നെ കീര്‍ത്തിക്കുന്നുണ്ടല്ലൊ.
എന്നിട്ടുമെന്തേ ഒരു ചെറുവിരല്‍് പോലും അനങ്ങാന്‍ നീ അനുവദിക്കുന്നില്ല..
..............
'സാജിതാ...'

ഇനിയുമുയര്‍ത്താനാതെ തളര്‍ന്ന ശബ്ദത്താല്‍ ഹാജിയാര്‍ വിളിക്കുന്നു...
വാക്കുകള്‍ മഴയുടെ ഗര്‍ജ്ജനത്തിലാല്‍ മുങ്ങിത്താഴുന്നു..

ചിന്തകളുടെ ഓളക്കൈകളിട്ട് അലതല്ലാന്‍ ശ്രമിക്കുമ്പോഴും ജ്വരത്തിന്റെ അടിയൊഴുക്കുകള്‍ അവളെ ആലസ്യത്തിന്റെ ആഴങ്ങളിലേക്ക് മുക്കിത്താഴ്ത്തിയിരുന്നു...
വല്ലപ്പോഴും മാത്രം വിരുന്നെത്തിയിരുന്ന ഉറക്കത്തിന്റെ പടിക്കെട്ടില്‍ സാജിത തല തല്ലി വീണപ്പോള്‍ ഹാജിയാര്‍ ഇവിടെ എഴുന്നേറ്റുനടക്കാന്‍ ശ്രമിച്ചു.

കാലുകള്‍ക്ക് ശരിയായ വേഗമായിട്ടില്ല ഇനിയും..
ചുവടുവെപ്പുകള്‍ ഇടറിത്തന്നെയിരിക്കുന്നു..
എന്നിട്ടും മുന്നോട്ടു നടന്നു..,
കഴിയുന്നത്ര ചുമരിനോടു ചേര്‍ന്ന് ,കൈകള്‍ ചുമരില്‍ പതിപ്പിച്ചുകൊണ്ട്...

(തുടരും)

2013, ജൂൺ 16, ഞായറാഴ്‌ച

വക്കീലിനെ തേടി..


അടയാളങ്ങള്‍..
നോവല്‍.-അധ്യായം എട്ട്.

ഇരുട്ടും വെളിച്ചവും മാറിമറിയുന്ന രാപകലുകള്‍ക്ക് ഇലാഹി ദുഖത്തിന്റെ നിറം കൊടുത്തത് തനിക്കു വേണ്ടിയാണോ?
മരുഭൂമി പോലെ ചുട്ടുപൊള്ളുന്നു മനസ്സ്
ഒരു പാടു പ്രാര്‍ത്ഥിച്ചു,അതിനേക്കാളേറെ കണ്ണീര്‍ വാര്‍ത്തു.
കണ്ണിമ ചിമ്മാതെ ഒറ്റക്കൊരു  വീട്ടില്‍ പേടിച്ചുവിറച്ച് ഒരു രാവു തീര്‍ന്നുപോയിരിക്കുന്നു..

നാളിതുവരെയും ഉപ്പ ഒരിക്കലും പുറത്തുപോയി തിരിച്ചുവരാതിരുന്നിട്ടില്ല.
സുഖമില്ലാത്ത ആളാണ്.
എവിടെയെങ്കിലും വെച്ച് എന്തെങ്കിലും സംഭവിച്ചിട്ടുണ്ടാകും..

ആള്‍മറയില്ലാത്ത ഒരു കിണറുണ്ട് കുന്നിഞ്ചരിവോരത്ത്..
വീണാലറിയാത്ത കിടങ്ങുകളും പൊന്തക്കെട്ടുകളുമുണ്ട്.
തിരഞ്ഞുപോകേണ്ട ആളാണെങ്കില്‍ ഇന്നലെ വീടെത്തിയിട്ടുമില്ല. 

ഉപ്പാന്റെ അനുജന്റെ മകനാണ് ശിഹാബ് മദാരി .
ബഷീറിക്കയും ശിഹാബും തീരെ രസത്തിലല്ല.
എന്നിട്ടും രാത്രി മുഴുവന്‍ തിരഞ്ഞുനടന്നു ശിഹാബ്..
പക്ഷെ സ്വന്തം മകന്‍ അറിയാതെ ഒരുപ്പ എവിടെയോ,എങ്ങനെയോ?

ബാറില്‍ ഓട്ടോ കൊണ്ടുചെന്നിട്ട് അതില്‍തന്നെ കുടിച്ച് കിടന്നുറങ്ങിയ ചരിത്രമുണ്ട്.
നേരം വെളുത്തിരിക്കുന്നു.
ഇനിയും തിരിച്ചെത്താറായിട്ടില്ല ആ മനുഷ്യന്!

ജമീലയുടെ ചിന്തകള്‍ നേരിപ്പോടുപോലെ കത്തി ..
അവള്‍ അങ്ങിനെ വിങ്ങിനില്‍ക്കുമ്പോള്‍ പുറത്തുനിന്നും ആരോ വിളിക്കുന്നത്‌ കേട്ടു ..

അടുത്ത വീട്ടിലെ പത്മശ്രീ ചേച്ചിയാണ്.
എന്തെങ്കിലും അറിവു കിട്ടിയിട്ടു വരുന്നതായിരിക്കുമോ?
ജമീല പ്രതീക്ഷയോടെ വാതില്‍ തുറന്ന് ചെന്നു.

“വല്ല വിവരോം കിട്ട്യൊ പത്മേച്ച്യേ..?”

“ഇല്ല മോളെ,
ഷാജുമോനും കൂട്ടുകാരും രാത്രി മുഴുവന്‍ തിരഞ്ഞു നടക്കാത്ത സ്ഥലല്ല്യ..
ബഷീറ് ഇതു വരെ വന്നില്ല്യാലെ?”

ബഷീര്‍ എന്ന വാക്കുകേട്ടപ്പോള്‍ സങ്കടമാണ് വന്നത്.
എന്നിട്ടും ജമീല ദുഷിച്ച വാക്കുകള്‍ പറഞ്ഞില്ല.

“വന്നീല്ല പത്മേച്ച്യെ ..
 കാലത്തന്നെ ഞമ്മളോട് വഴക്കിട്ടല്ലെ പോയീത്..”

“അതിനെന്താ ഉണ്ടായീത്?”

ഉണ്ടായതെന്താണെന്നോ..
എല്ലാം അറിയുന്ന ഒരാളുണ്ടല്ലോ ,ഇലാഹി ..
എല്ലാം അദ്ദേഹത്തിന് കൊടുക്കട്ടെ ...

“കോടതീന്ന് തന്ന ഏഴ് ദിവസത്തെ അവധി തീര്‍ന്നേക്കണ്..
എപ്പഴാ ഈ പൊരേം സ്ഥലോം ജപ്തിചെയ്ത് ബ്ളെഡ് വിന്‍സെന്റിന് കൊടുക്കാന്ന് അറീല്ല്യ പത്മേച്ച്യെ..
ബ്ളെഡ് വിന്‍സെന്റിന് കാശ് കൊടുക്കണ്ടേന്ന് ചോദിച്ചേന് എന്തൊക്കെ ബഹളാ ഇണ്ടാക്കീത് ..
അയാള്‍ കേസ് കൊടുത്തതല്ലെ..
കാശു കൊടുത്തുതീര്‍ക്കാണ്ടെ ഇങ്ങനെ നടന്നാല്‍ ഒക്കെ കൈവിട്ടുപോവൂലെ?”

ജപ്തിക്കാര്‍ വന്നുണ്ടാക്കിയ ബഹളങ്ങള്‍ക്ക് പത്മശ്രീയും കാഴ്ചക്കാരിയായിരുന്നു.
ജപ്തിക്കാര്‍ വീട്ടില്‍ വന്നു നിറഞ്ഞപ്പോള്‍ ജമീല ആദ്യം ചെന്നതും പത്മശ്രീ യുടെ അടുത്തെക്കായിരുന്നുവല്ലോ .
അക്കുക്കാക്ക കഥയറിയാത്ത കളിക്കാരനെപ്പോലെയിരുന്നപ്പോള്‍ഉദ്ദ്യോഗസ്ഥര്‍ക്കും മനസ്സലിഞ്ഞു.

“പറഞ്ഞപോലെ ജപ്തിക്കാര്‍ വന്നുപോയിട്ട് ഒരാഴ്ചയായില്ല്യെ..!
നീയീകാര്യം നിന്റെ വീട്ടില് പറഞ്ഞുനോക്ക്യോ?”

“എന്നിട്ടെന്തിനാ പത്മേച്ച്യേ .
പാവം ഇക്കാക്ക..
എവിടെന്നെങ്കിലും കടം വാങ്ങി കാശ് തരുമായിരിക്കും,
എന്നാലും അത് ശെര്യാവൂല്ല.
സഫിയാക്ക് ഓരോ ആലോചനോള് വരണ സമയല്ലെ..
ഞമ്മടെ നിക്കാഹിന് തന്ന പൊന്നന്നെ ഒരു തരി പോലൂല്ല്യാണ്ട് തീര്‍ത്തേക്കണ് ഞമ്മടെ കെട്ട്യോന്‍.
എന്നിട്ടും ഓരോരോ ആവശ്യങ്ങള്‍ പറഞ്ഞ് ചെന്നപ്പോ പിന്നേം കുറെ സഹായിച്ചിണ്ട് ഇക്കാക്ക.അതോണ്ടാ ഒന്നും അവടെ പറയാത്തെ..”

പാവം ഉമ്മയുടെ മുഖമാണ് ആ സമയത്ത് ജമീലയുടെ മനസ്സിലെത്തിയത്.
അല്ലെങ്കില്‍ തന്നെ അവര്‍ തന്റെ കാര്യമോര്‍ത്ത് എത്രമാത്രം വിഷമിക്കുന്നു.
വീണ്ടും ഇങ്ങനെ ഒരു വിശേഷം കൂടി ആ കാതിലെത്തല്ലെ എന്നായിരുന്നു അവള്‍ പ്രാര്‍ത്ഥിച്ചിരുന്നത്.

“ഡ്യേ..ജമീലേ, നിന്റെ ഇക്കാക്ക കൊറച്ച് നേര്‍ത്തെ ഷാജൂന്റെ മൊബൈലിലിക്ക് വിളിച്ചൂട്ടൊ.
ഷാജുമോന്‍ എല്ലാ കാര്യങ്ങളും‍ പറഞ്ഞിട്ടുണ്ട്.”

“ങേ..ഇക്കാക്ക വിളിച്ചൂലെ..
ഇന്നലെ രാത്രീല് എത്ര നേരാ  ട്രൈ ചെയ്തെ..
എന്നിട്ട് എന്തെ പറഞ്ഞത്?”

“ഇപ്പോ പൊറപ്പെട്ട്ണ്ടാവും.
ഇക്കാക്ക വന്നാ പിന്നെ നിനക്ക് സമാധാനായീല്ല്യെ..”

ഇന്നലെ എത്ര നേരമാണ് വിളിച്ചത്.
ഇക്കാക്ക ഉറക്കത്തില്‍ പെട്ടുപോയിരിക്കാം,എന്നാല്‍ മൊബൈല്‍ റിങ്ങ് ചെയ്യുന്നത് ഉമ്മയൊ സഫിയയൊ കേള്‍ക്കേണ്ടതല്ലെ..
മൊബൈല്‍ സൈലന്റ് മോഡിലാവും എന്ന് വിചാരിച്ചു സമാധാനിക്കാന്‍ ശ്രമിച്ചു. 

ഫൈസുക്കാ വേഗം എത്തുമായിരിക്കും.
കൂടെ ഉമ്മയും സഫിയയും ഉണ്ടാകുമോ?
എല്ലാവരും വരാതിരിക്കില്ല.
ഇത് കേട്ടപ്പോഴേ ഉമ്മക്ക് ശ്വാസം മുട്ടല്‍ തുടങ്ങിയിട്ടുണ്ടാവും..

ജമീലയുടെ ചിന്തകള്‍ക്ക് ആശ്വാസത്തിന്റെ പുതുജീവനുണ്ടായി.
അവള്‍ തെളിഞ്ഞ മുഖത്തോടെ പത്മശ്രീയെ നോക്കി.

“ഇക്കാക്ക വന്നാ പിന്നെ കാര്യങ്ങള് മൂപ്പര് നോക്കിക്കോളും.
എന്നിട്ട് ഷാജ്യേട്ടന്‍ എണീറ്റാ?”

“ഇന്നലെ രണ്ടുമണിക്കല്ലെ വന്നു കിടന്നത്.
ഇടക്ക് വിളിച്ച് ശല്ല്യപ്പെടുത്തരുതെന്നാ ഓര്‍ഡര്‍.
നേര്‍ത്തെ ജോലിക്ക് പൂവണ്ടതല്ലെ.
അതന്നെ സ്റ്റീല്‍ കമ്പനീല് ജോലിത്തിരക്കുള്ള സമയാത്രെ!“
പത്മശ്രീ ജമീലയുടെ കൈ പിടിച്ചു.
സ്വാന്ത്വനിപ്പിക്കാനെന്ന വണ്ണം ഉള്ളംകൈ തലോടി.

“അക്കുക്കാക്കാന്റെ കാര്യം പറഞ്ഞ് വെറ്തെ ലീവാക്കണ്ട പത്മേച്ച്യെ..
ഇക്കാക്ക ഇങ്ങണ്ട് വരുണുണ്ടലൊ..”

“ഫൈസല്‍ വന്നോട്ടെ,
ലീവെട്ക്കണംച്ചാ അത്താണീല്‍ക്ക് ഷാജൂനെക്കൊണ്ട് ഞാന്‍ തന്നെ വിളിച്ച് പറയിച്ചോളാം.
നീയ് സമാധായിട്ടിരുന്നൊ.
എന്നാ പിന്നെ ഞാന്‍ പോയി പണികള്‍ നോക്കട്ടെ മോളെ..”

പത്മശ്രീ ജമീലയുടെ കൈ പിടിച്ചു.
സ്വാന്ത്വനിപ്പിക്കാനെന്ന വണ്ണം ഉള്ളംകൈ തലോടി.

നല്ല സ്നേഹമുള്ളയാളാണ് പത്മേച്ചി.
അസൂയയോ പരദൂഷണമോ പത്മേച്ചിയുടെ ശീലമല്ല.
അത്തരക്കാരോട് കൂട്ടുമില്ല.
പിന്നെ അരുതാത്തതു കണ്ടാല്‍ പെട്ടെന്ന് ദ്വേഷ്യപ്പെടുമെന്നേയുള്ളൂ.

ഇന്നലെ രാത്രി ഒരു വറ്റു കഴിച്ചിട്ടില്ല.
ഒന്നിനും തോന്നിയില്ലെന്നാണ് പരമാര്‍ത്ഥം.
പത്മേച്ചി വന്നുപോയത് അല്‍പ്പം ആശ്വാസമായി.
ഇക്കാക്കയോ ഉമ്മയോ വന്നാല്‍ ഒരു ഗ്ളാസ് ചായ കൊടുക്കണ്ടെ.
 ജമീല അടുക്കളയിലേക്ക് ചെന്നു.

ചായക്കുള്ള വെള്ളം ഒന്ന് തിളച്ചതേയുള്ളൂ..
മുറ്റത്തു നിന്നും ‘ജമീലേ..’യെന്ന വിളികേട്ടു.
ജമീല ഓടിയാണ് ചെന്നത്.
ഫൈസുവിനെ കണ്ടപാടെ അവളുടെ കണ്ണു രണ്ടും നിറഞ്ഞുപോയി.

“ഇക്കാക്ക..”
അവള്‍ ഫൈസുവിനെ കെട്ടിപ്പിടിച്ചുകൊണ്ട് വിതുമ്പാന്‍ തുടങ്ങി.
 ഫൈസു ജമീലയെ സാന്ത്വനിപ്പിക്കാനെന്ന വണ്ണം ചുമലില്‍ തട്ടിക്കൊണ്ടിരുന്നു.

“നേരായിട്ടും നീയ് വിളിച്ചതൊന്നും ഞമ്മള് അറിഞ്ഞില്ല.
ആ നേരത്ത് ഞമ്മള് അമലേലാണ്.
നമ്മടെ മന്‍സൂറിക്കാന് ആക്സിഡന്റ് പറ്റി അമലേല് അഡ്മിറ്റാണ്.
രാത്രി കുറെ നേരം ഉറക്കമിളച്ചു ഇടക്കെപ്പോഴോ വല്ലാതെ മയങ്ങിപ്പോയി
ഫോണ്‍ വന്നത് കാലത്ത് മിസ്കോള്‍ കണ്ടിട്ടാണ് അറിഞ്ഞത്.”

ഫൈസുവിന് അപ്പോഴും അത്ഭുതമായിരുന്നു,താനെങ്ങനെ ഇങ്ങനെ ഉറങ്ങിപ്പോയെന്ന്.
വീട്ടിലായിരുന്നെങ്കില്‍ ഒരില ഇനങ്ങിയാല്‍ പോലും ഉണരുന്ന ആളായിരുന്നല്ലൊ.

ഫൈസു മന്‍സൂറിന് കൂട്ടിരിക്കണമെങ്കില്‍ അതു വലിയ അപകടമായിരിക്കുമെന്നാണ് ഈ സമയത്ത് ജമീല ചിന്തിച്ചത്.
അവള്‍ക്ക് ആ വാര്‍ത്ത കൂടുതല്‍ ഷോക്കായി തോന്നി.

“അല്ല ഇക്കാക്ക..
മന്‍സൂറിക്കാന് എന്തുപറ്റിയതാണ്?”

“മാര്‍ക്കറ്റില്‍ പോയിട്ടു വരുമ്പൊ ഒരു ടിപ്പര്‍ വന്നിടിച്ചതാ..
ഐസ്യുലാ..”

“അള്ളാ..കൂടുതലാ?”
“ഉം..ഒന്നും പറയാറായിട്ടില്ല.
തലക്ക് പിന്നിലാ പരിക്ക്.”

ഒരു നിമിഷം മന്‍സൂറിന്റെ മുഖം ജമീലയുടെ മനസ്സില്‍ മിന്നിമറഞ്ഞു.
കളിക്കൂട്ടുകാരായിരുന്ന കാലം മുതല്‍ക്കേ മന്‍സൂറിനു ജമീലയെ വലിയ ഇഷ്ടമായിരുന്നു.
ആരും കേള്‍ക്കാതെ മന്‍സൂര്‍ അവളെ ‘മുല്ലേ..‘യെന്ന് വിളിച്ചിരുന്നത് ഇപ്പോള്‍ ഓര്‍മ്മകളെ പിടിച്ചുലക്കുന്നു.

മനേഷിന്റെ അനുജത്തിക്കുട്ടി വര്‍ഷിനി സുഖമില്ലാത്ത കുട്ടിയാണ്.
സ്കൂളില്‍ പോകുന്ന കാലത്ത് പോളിയോ വന്ന് ആ പാവത്തിന്റെ രണ്ടു കാലും തളരുകയായിരുന്നു.
മുല്ലപ്പൂ അവള്‍ക്ക് വലിയ ഇഷ്ടമാണ്.
അഹമ്മദ് ഹാജിയുടെ വേലിപ്പടര്‍പ്പ് മുല്ലപ്പൂക്കള്‍ കൊണ്ടായിരുന്നല്ലൊ.
ഗുരുവായൂരില്‍ പോകുമ്പോഴൊക്കെ അവിടെനിന്നും പൂവിറുക്കും.
അമ്മ ലക്ഷ്മിക്കുട്ടി ആ പൂവുകൊണ്ട് മാല കോര്‍ക്കും.
അതില്‍ നിന്നും ഒരു തുണ്ട് കൊച്ചു വര്‍ഷിനിയുടെ തലയിലും ചൂടിക്കും.

ജമീല മാല കെട്ടാന്‍ പഠിച്ചത് ലക്ഷ്മിക്കുട്ടിയുടെ കൈയ്യില്‍ നിന്നാണ്.
മുല്ലപ്പൂക്കള്‍ കൊണ്ടുണ്ടാക്കിയ സുഗന്ധമൂറുന്ന ഒരു മാല തനിക്കും ചൂടണമെന്നുണ്ടായിരുന്നു.
പക്ഷെ തട്ടമിട്ടു മറച്ച ഈ മുടിക്കകത്ത് ഒരു മുല്ലമാലക്ക് ഇടമെവിടെ!

പോളിയോ വരുന്നതിനു മുന്‍പ് വര്‍ഷിനിക്ക് മുല്ലപ്പൂ പറിക്കാന്‍ ജമീലയും സഫിയയും കൂട്ടുണ്ടാകും.
അവള്‍ക്ക് സുഖമില്ലാതായത് ജമീലക്ക് ഏറെ വിഷമമുണ്ടാക്കി.
മുല്ല പൂത്തു സുഗന്ധം ചുറ്റും പകരുമ്പോള്‍ നിറഞ്ഞ കണ്ണുകളോടെ അവള്‍ ഒരു കുടന്ന പൂ പറിച്ചു.

പൂക്കള്‍ കണ്ടപ്പോള്‍ വര്‍ഷിനി ഓരോന്നായി എടുത്ത് വാസനിച്ചു നോക്കി.

“ജമീലാത്താ..മാലയുണ്ടാക്കാനാ ഇത്രേം പൂക്കള്‍?“

“അതെ മോളെ..
വര്‍ഷിനിക്ക് മാലയുണ്ടാക്കി ചൂടാനാ താത്ത ഈ പൂവൊക്കെ പറച്ചുകൊണ്ടോന്നത്.”

അവള്‍ സന്തോഷത്തോടെ ചിരിച്ചു.
പിന്നെ ആ മുഖം മ്ളാനമായി.

“ജമീലാത്ത...
മുല്ലപ്പൂ ചൂടി ഇനി പഴയപോലെ എനിക്കിനി അമ്പലത്തിലേക്കൊന്നും പൂവാന്‍ പറ്റില്ല്യാട്ടൊ..
എനിക്ക് കാലോണ്ട് വയ്യാണ്ടാ‍യില്ലേ..”

ശോഷിച്ചുപോയ കാലില്‍ അവള്‍ പതിയെ തലോടി.
സന്തോഷച്ചിരിക്കിടയിലും കണ്ണീരിന്റെ ഒരു നനവ് ചൂടിക്കൊണ്ട് അവള്‍ ചോദിച്ചു.
ജമീല ഒരു നിമിഷം വല്ലാതായി.

“എത്ര പൂവാ വെര്‍തെ കൊഴിഞ്ഞു പോയേക്കണെ..
അത് കണ്ടപ്പോളാ അന്നെ ഓര്‍മ്മ വന്നത്..
അനക്ക് മുല്ലപ്പൂവ് പെരുത്ത് ഇഷ്ടാന്ന് ഞമ്മക്ക് അറിഞ്ഞൂടെ..”

“ഇഷ്ടന്നെ..
ജമീലാത്ത കൊണ്ടന്നതല്ലെ,
എന്നാ ഇത് ഉണ്ണിക്കണ്ണന് ചൂടിക്കാംട്ടൊ..”
വര്‍ഷിനി തെളിഞ്ഞ മുഖത്തോടെ ചിരിച്ചു.

വര്‍ഷിനിയുടെ ഉണ്ണിക്കണ്ണനു വേണ്ടി ജമീല പിന്നെയും പൂ പറിച്ചു.

“ജമീലാ, ഇനി നിയ്യ് പൂവ് പൊട്ടിക്കണ്ടാ..”
ഒരു ദിവസം പൂ പറിക്കുമ്പോള്‍ മന്‍സൂറ് അങ്ങിനെ പറഞ്ഞപ്പോള്‍ പൂ പറിക്കുന്നത് ഇഷ്ടമില്ലാതെയാവും എന്നായിരുന്നു ജമീല വിചാരിച്ചത്.

“ഇതൊക്കെ വെര്‍തെ കൊഴിഞ്ഞ് പോവല്ലെന്ന് വിചാരിച്ചിട്ടെ മന്‍സൂറിക്കാ..”
ജമീല വിഷണ്ണയായി മന്‍സൂറിനെ നോക്കി.

“ഇന്നലെ വേലീല്‍ നല്ല മുഴുത്ത പച്ചിലപ്പാമ്പിനെ ഞമ്മള് കണ്ടതാ.
അനുക്ക് പച്ചിലപ്പാമ്പിനെ പേടീല്ലെ ജമീലാ?”

“വെര്‍തെ പുളു പറയല്ലെ..”

“എന്ത് പുളു.
ശരിക്കും കണ്ടതന്നെ.
ജമീലാ വെഷമിക്കണ്ട അതിന്.
നല്ല അടിപൊളി പൂവോള് ഞമ്മള് പൊട്ടിച്ചു തരട്ടെ”

മന്‍സൂര്‍ ചിരിച്ചുകൊണ്ട് കണ്ണിറുക്കി.
ജമീലക്ക് നാണമായി.
അങ്ങിനെയാണ് മന്‍സൂറും ജമീലയും പൂ പറിക്കാനാരംഭിച്ചത്.

ജമീലക്ക് മന്‍സൂറിനെ ഒന്ന് പോയിക്കാണണമെന്ന് തോന്നി.

“ഞമ്മക്ക് ഒന്ന് പോയിക്കാണണന്ന് തോന്നണുണ്ട് ഇക്കാക്ക..
എത്രയായാലും കുട്ടിക്കാലത്ത് വല്ല്യ കൂട്ടായിരുന്നില്ലെ..”
അവള്‍ തന്റെ ആഗ്രഹം ഫൈസുവിനോട് പറഞ്ഞു.

“വേണ്ടതാണ് മോളെ..
അല്ല,അളിയന്‍ എവിടെ?”

ഫൈസു  ബഷീറിനെ അന്വേഷിക്കുമ്പോള്‍ ജമീല പെട്ടെന്നൊരുത്തരം പറയാനാകാതെ മുഖം കുനിച്ചു.
അളിയന് വീട്ടുകാര്യങ്ങളില്‍ ഉത്തരവാദിത്തം കുറവായിവന്നത് ജമീല വേണ്ട പോലെ നിയന്ത്രിക്കാത്തതുകൊണ്ടാണെന്ന് ഫൈസല്‍ കുറ്റപ്പെടുത്താറുണ്ടായിരുന്നു.

“ഇന്നലെ രാത്രീല് വന്നിട്ടില്ല..”

‘ഉപ്പാനെ കാണാണ്ടായ വിവരം അറിയില്ലെ അളിയന്?”

“ഇല്ല..”
“അതെന്താ..
വിവരം അറീക്കാണ്ടെ നല്ല പണിയാ നീ കാണിച്ചത്!“

കഷ്ടമാണ് ഇവളുടെ കാര്യം.
എന്നെ അറിയിക്കാന്‍ കാണിച്ച തിടുക്കം പോലും ഇവള്‍ സ്വന്തം ഭര്‍ത്താവിന്റെ കാര്യത്തില്‍ കാണിക്കുന്നില്ല.
നയപരമായിട്ടുവേണം ജീവിതത്തിലോരോ കാര്യങ്ങളും അതാതിന്റെ വഴിയേ കൊണ്ടുവരാന്‍..
ഫൈസു ചിന്തിച്ചു.

“ഇക്കാക്ക വന്നിട്ടാവാന്ന് വിചാരിച്ചു..”
മടിച്ചുമടിച്ചാണ് അവള്‍ പറഞ്ഞത്.

“ഇതിനൊക്കെ ഞമ്മളെ കാക്കണ്ട കാര്യമുണ്ടോ!
ഉം ശരി..
ഞമ്മളൊന്ന് വിളിച്ചു നോക്കട്ടെ..”

ഫൈസു മൊബൈലെടുത്ത് കോള്‍ ചെയ്തു.

“ഹലോ..”
മറുതലക്കല്‍ നിന്നും ബഷീറിന്റെ ശബ്ദം .

“അളിയാ..ഇത് ഫൈസുവാണ്.
ഇങ്ങള് ഇപ്പൊ എവിടെയാണ്?”
“ഞമ്മള്..ആ ഇപ്പൊ നെടുമ്പാശ്ശേരീലാണ്.
എയര്‍പോര്‍ട്ടില് ഒരു വാടക വന്നതാ..”
മറുതലക്കല്‍ ഒരു പരുങ്ങല്‍ അനുഭവപ്പെട്ടു.

ഇവിടെനിന്നും നെടുമ്പാശ്ശേരിക്ക് ഓട്ടോ വിളിച്ചു പോവുകയോ!
ഫൈസു ഒരു നിമിഷം അന്ധാളിച്ചുപോയി.

“അളിയാ..ഉപ്പ ഇന്നലെ പുറത്ത് പോയിട്ട് ഇതുവരെ എത്തീട്ടില്ല്യ.“

“ഞമ്മളറിഞ്ഞ്..”
“ങെ!“
“ഞമ്മളറിഞ്ഞൂന്ന്..”

അപ്പോള്‍ അറിഞ്ഞിട്ടുണ്ട്.
എന്നിട്ടും ഈ മനുഷ്യന്‍ എന്താ ഇങ്ങനെ ഒരു ഉത്തരവാദിത്ത്വവും ഇല്ലാതെ !

“ഒരു കൂട്ടുകാരന്‍ ഇന്നലെത്തന്നെ വിളിച്ചു പറഞ്ഞിരുന്നു.”

“ഓ..എന്നാ പിന്നെ പേരാമംഗലം സ്റ്റേഷനില്‍ ഒന്നറിയിച്ചാലൊ?”

“അത് ..അതിന്റെ ആവശ്യമുണ്ടോ..?“

“അതെന്താ..
ഉപ്പാനെ കാണാണ്ടായിട്ട് അളിയനെന്താ ഇങ്ങനെ!?”

ഫൈസുവിന് അരിശം തോന്നിത്തുടങ്ങി.

“അളിയനോടായതുകൊണ്ട് നേര് പറയാലൊ‍.
ഉപ്പ  ഞമ്മടെ ഒരു കൂട്ടുകാരന്റെ പൊരേലുണ്ട്.
ഇവിടെ കാര്യങ്ങളാകെ ഇടങ്ങേറായിക്കെടക്കാണ്.
ഒക്കെ ഒന്ന് തീരണവരെ ഉപ്പ ഇവിടെ നില്‍ക്കട്ടേന്ന് വിചാരിച്ച്..”

കാര്യങ്ങളുടെ ഗതിയറിയാത്ത ഫൈസുവിന് ഒന്നും മനസ്സിലായില്ല.

“എന്താ അളിയന്റെ ഉദ്ദ്യേശം?
ഞമ്മക്കൊന്നും മനസ്സിലാവണില്ല്യ..”

“ഇവിടെ ഒരു കള്ളഹിമാറുണ്ട്..
അയ്യാള്‍ ഉപ്പാനെ ഏതാണ്ടൊക്കെ പറഞ്ഞ് പറ്റിച്ച് പൊരേന്റെ ആധാരം  പണയായായി വാങ്ങീട്ട് ഇപ്പൊ കേസ് കൊട്ത്ത്..
ഞമ്മടെ പൊരേം സ്ഥലോം ജപ്തി ചെയ്യാന്‍..
സുഖല്ല്യാത്ത ഉപ്പാനെ ചതിച്ചേന് ഓനെ ഞമ്മള് അഴിയെണ്ണിച്ചേ അടങ്ങൂ..
ബഷീറിനോടാ ഓന്റെ കളി..”

“എന്നാലും അളിയാ പാവം ഉപ്പാനെ ഇതിന്റെ ഇടക്ക് ഇങ്ങനെ വലിച്ചിഴക്കണോ..?”

“ഇതോ..ഇതൊക്കെ ഒരു നമ്പറാ..
അളിയന്‍ വെര്‍തെ കളി കണ്ടാമതി..
പിന്നെ അളിയന്റെ അറിവില്‍ നല്ല വക്കീല് ആരെങ്കിലുമുണ്ടോ?
ഒന്ന് പൂട്ടിയാല്‍ പിന്നെ ഓന്‍ എണീക്കരുത്..”

“അതൊക്കെ അളിയന്‍ തന്നെ നോക്കുന്നതല്ലെ നല്ലത്.
ഇവിടിപ്പൊ ജമീലയോടും മറ്റുള്ളവരോടും ഞമ്മളെന്താ പറയണ്ടത്?”

“ഉപ്പാന് പെട്ടെന്ന് സുഖല്ല്യാണ്ടായി ഒരു ആശുപത്രീല് അഡ്മിറ്റാക്കീന്ന് പറഞ്ഞാമതി.
ഞമ്മലൊരു അരമണിക്കൂറിനുള്ളീല്‍‍ എത്തും.
അളിയന്‍ ഞമ്മള് വന്നിട്ടെ പോകാവൂ..“

“ഹും..”

ബഷീര്‍ കോള്‍ ഡിസ്കണക്റ്റു ചെയ്തു.

ഫൈസു ജമീലയെ നോക്കി.
“എന്താ ഇവിടത്തെ പ്രശ്നം?
ഞമ്മളെയൊന്നും അറിയിക്കാതിരിക്കാന്‍ മാത്രം എന്താ ജമീലാ ഇവിടെ നടക്കുന്നത്?”
ഫൈസുവിന്റെ ചോദ്യം ജമീലക്ക് മനസ്സിലായില്ല.

“അല്ല ഇക്ക എന്താ പറഞ്ഞത്?”
ജമീല കഥയറിയാതെ ചോദിച്ചു.

“അളിയന്‍ പറഞ്ഞത് വേറെ ചില കാര്യങ്ങളാണ്...
അതല്ല.ഉപ്പാനെ കാണാതായ വിവരം എന്താ നീയ് അളിയനെ വിളിച്ചറിയിക്കാഞ്ഞത്?”

“ഇക്കാക്ക വന്നിട്ട് പറയാന്ന് വിചാരിച്ചിട്ടല്ലെ..”

“അത്  പൊളി..
സത്യത്തില്‍ എന്താ നിങ്ങടെ പ്രശ്നം?”

“അത് പിന്നെഅത് വേറൊരു കാര്യാ ഇക്കാക്ക”

“എന്തായാലും ഞമ്മളോട് പറ”

“ഷാജ്യേട്ടന്റെ ഫോണില്‍ ഇക്കാനെ വിളിക്കണത് ആള്‍ക്കിഷ്ടല്ല.”

“അതെന്താ ഷാജുവും അളിയനും തമ്മില്‍ എന്തെങ്കിലും വഴക്കുണ്ടോ?”

“അതുപിന്നെ ഇക്കാക്കാ ഞമ്മക്ക് വിശേഷണ്ട്”

“ങെ..എന്നിട്ടെന്താ അറിയിക്കാഞ്ഞത്?”

മനം പുരട്ടിത്തുടങ്ങിയപ്പോള്‍ പത്മേച്ചിയേയും കൂട്ടിയാണ് ഡോക്ടറെ കാണാന്‍ പോയത്.
ഉള്ളില്‍ ഒരു കുരുന്നു ജീവനുണ്ടെന്നറിഞ്ഞപ്പോള്‍ വളരെ സന്തോഷിച്ചു.
ഷാജുവേട്ടന്റെ ഫോണില്‍ നിന്നാണ് ഇക്കാര്യം ബഷീറിക്കയെ വിളിച്ചറിയിച്ചത്.
മറുപടിയായി ഒന്ന് മൂളിയതേയുള്ളൂ.

“നീയെന്താ ആലോചിക്കുന്നത്?”
ഫൈസു ചോദിച്ചു.

ജമീല ആയാസപ്പെടുന്നു മറുപടിക്കായി

“ങാ..അതുപിന്നെ ഇക്കാക്ക..
ഷാജുവേട്ടന്റെ ഫോണിലാണ് വിശേഷള്ള കാര്യം ഞമ്മള് ഇക്കാനെ അറീച്ചത്.
അത് ഇക്കാന്‍ ഇഷ്ടപ്പെട്ടില്ല.
അന്ന് രാത്രി കുടിച്ച് വന്ന് ചില ദുഷിച്ച വര്‍ത്താനങ്ങള്‍ പറഞ്ഞ്.
ഇന്നേം ഷാജുവേട്ടനേം കൂട്ടിച്ചേര്‍ത്ത്

ജമീലയുടെ മുഖം കനക്കുന്നത് ഫൈസു കണ്ടു.
ഫൈസുവിന് അളിയനോട് പുഛം തോന്നി.
സന്തോഷിക്കേണ്ട സമയത്തും ഇങ്ങനെ ചിന്തിക്കുന്ന മനുഷ്യരുണ്ടോ!

“അതുപോട്ടെ, ഇപ്പോ ഈ സ്ഥലത്തിന്റെ പേരില്‍ വല്ല കേസുമുണ്ടോ?
കേസുകാരണം ഉപ്പാനെ വേറൊരിടത്തേക്ക് അളിയന്‍ മാറ്റിയതാണെന്നാണ് ഇപ്പോള്‍ എന്നോടു പറഞ്ഞത്..”

“ആണോ!..അള്ളാ നീ കാത്തു..”
ജമീല നന്ദിസൂചകമായി ദൈവത്തെ സ്തുതിച്ചു.

 “ബ്ലേഡ് വിന്‍സെന്റ് കേസു കൊടുത്തിട്ട് ജപ്തി ചെയ്യാന്‍ കോടതീന്ന് ആള്‍ക്കാര്‍ വന്നിരുന്നു ഇക്കാക്കാ..
ഇക്കാക്കാന് വിഷമായെങ്കിലോന്ന് വിചാരിച്ച് ഞമ്മള് അറിയിക്കാതിരുന്നതാണ്..”

അപ്പോള്‍ അതാണ് കാര്യം.
ബ്ലേഡ് വിന്‍സെന്റിനെ തളക്കാന്‍ വേണ്ടി അളിയന്‍ കളിക്കുന്ന ഒരു നാടകമാണിത്.
കഷ്ടം സ്വന്തം ഉപ്പയെ വെച്ചുതന്നെ വേണമായിരുന്നോ ഇതെല്ലാം!
കൈവിട്ട കളികളാണ് അളിയന്‍ കളിക്കുന്നത്.
ഇനിയും എന്തെങ്കിലും ചെയ്തില്ലെങ്കില്‍ പുരയിടം കൈവിട്ടുപോകാനും മതി.
ഇക്കാര്യത്തില്‍ തനിക്കത്ര അറിവില്ല.
അജിത്തേട്ടന് അയ്യന്തോള്‍ കോടതിയിലാണല്ലൊ ജോലി.
ഒന്ന് കണ്ട് സംസാരിക്കാം.
ഒരു വഴി തുറക്കാതിരിക്കില്ല.

“ഇക്കാക്ക. കേറിയിരിക്ക്
ഒരു ഗ്ളാസ് ചായ കുടിക്കാം
ജമീല വിളിക്കുന്നു.

പാവം.. മുഖത്തെ കാര്‍മേഘം ഒഴിഞ്ഞുപോയിരിക്കുന്നു..
ഫൈസുവിനപ്പോള്‍ ചിരിയാണ് വന്നത്!

……………………………..