2013, മേയ് 31, വെള്ളിയാഴ്‌ച

അക്കുക്കാക്കാ..നിങ്ങള്‍ എവിടെയാണ്?

അടയാളങ്ങള്‍..
നോവല്‍ (അധ്യായം ഏഴ്)
നേരം ഇരുട്ടിയിരിക്കുന്നു.
സമയമേറെ വെറുതെ കടന്നുപോയി.
പലപ്പോഴായി പലരും വന്നു പോയി.
ബന്ധുക്കള്‍,നാട്ടുകാര്‍,പരിചയക്കാര്‍ ..അങ്ങിനെ
പലരെയും പ്രതീക്ഷിച്ചു,,
പക്ഷെ എല്ലാവരും തിരക്കിലാണല്ലൊ..
പറയാന്‍ കാരണങ്ങളുണ്ട് പലതും.
ആര്‍ക്കും ആര്‍ക്കുവേണ്ടിയും കൂട്ടിരിക്കാനാകാത്തവിധം സമയമില്ലായ്മ സ്വാര്‍ത്ഥരാക്കിയിരിക്കുന്നു നമ്മളെ!

വേണമെങ്കില്‍ തനിക്കും അതാകാം,
പക്ഷെ സാജിതയുടെ മാമയാണ്..
അവളുടെ ഉപ്പയും ഉമ്മയും നാട്ടിലുമില്ല.
പിന്നെങ്ങിനെ അവളെ തനിച്ചാക്കി പോകും?
അതും മന്‍സൂറിന്റെ ഉപ്പയെ കൂടി ഇവിടെ അഡ്മിറ്റാക്കിയ സ്ഥിതിക്ക്..

കുറച്ചു ദിവസമായി വളരെ തിരക്കിലാണ്..
ദേ,ഇപ്പോള്‍ തന്നെ ഒരു പ്രൊപ്പോസ് ഡ് പ്ലാന്‍ തീര്‍ത്തുകൊടുക്കാനുള്ളതാണ്.
ലൊക്കേഷന്‍ സംബന്ധിച്ച ചില പ്രശ്നങ്ങള്‍കാരണം മുടങ്ങിക്കിടന്നതാണ്.
ത്രിശൂര്‍ ടൌണില്‍ തന്നെയുള്ള നല്ല കണ്ണായ സ്ഥലം.
ഒരു ബിലാത്തിക്കാരന്‍ മുരളീമേനോന്റെ പ്രോപര്‍ട്ടി.
മകള്‍ അനുപമ വിളിച്ചുപറഞ്ഞിരുന്നു പ്ലാന്‍ നാളെ തന്നെ കോര്‍പറേഷനില്‍ സബ്മിറ്റ് ചെയ്യണമെന്ന്.

അവസാന വാക്കെന്ന നിലയിലാണ് അതെയെന്ന് വാക്കു കൊടുത്തത്.
ഇതിപ്പോള്‍ ഇവിടെനിന്നും പോകാനും പറ്റാത്ത അവസ്ഥയിലായിരിക്കുന്നു!

നൌഷാദ് ആകെ അസ്വസ്ഥനായി.
കൈകള്‍ രണ്ടും കൂട്ടിത്തിരുമ്മി അയാള്‍ വാര്‍ഡില്‍ അങ്ങോട്ടുമിങ്ങോട്ടും ഉലാത്തിക്കൊണ്ടിരുന്നു.

“മോളെ സാജിതാ..”
ഹാജിയാര്‍ സാജിതയെ വിളിച്ചു.

ബെഡ്ഡില്‍ തല ചായ്ച്ച് കണ്ണുകളടച്ച് ഇരിക്കുകയായിരുന്നു അവള്‍....
“ഓ..എന്താണുപ്പാ?”
അവള്‍ കണ് തടങ്ങളിലെ നീര്‍ തുടച്ച് കസാരയില്‍ എഴുന്നേറ്റിരുന്നു.

“സമയപ്പൊ എത്രായേക്കണ്?”

സാജിത മൊബൈല്‍ എടുത്തുനോക്കി.
“ഏഴ്,പതിനഞ്ച് ആയേക്കണ് ഉപ്പാ..”

ഹാജിയാര്‍ അവളുടെ മുഖത്തേക്ക് സൂക്ഷിച്ചുനോക്കി.
“നേരം ഇരുട്ടീല്ല്യെ..
രാത്രീല്‍ അനുക്ക് ഇവിടെ കെടക്കാന്‍ പറ്റ്യോ മോളേ?
മാമാന്റെ കൂടെ ജ്ജ് കരുവാന്‍പടിക്ക് പൊക്കൊ.
കാലത്ത് നേര്‍ത്തെ വന്നാമതി..”

സാജിത ക്ക് അതിനോട് യോജിപ്പില്ലായിരുന്നു.
അതുകൊണ്ട് അവള്‍ നിഷേധാര്‍ത്ഥത്തില്‍ തലയാട്ടി.
“നിങ്ങള്‍ രണ്ടാളും ഇങ്ങനെ കിടക്കുമ്പോള്‍ എന്ത് സമാധാനത്തിലാ ഉപ്പാ ഞാന്‍ പോണത്!“

“ഞമ്മക്കിപ്പൊ ഒന്നൂല്ല്യ.
പെട്ടെന്നൊന്ന് തളര്‍ന്ന്.
അതിപ്പൊ മാറ്യേം ചെയ്ത്..
പിന്നെ മന്‍സൂറ്..ങാ..ഓനിപ്പം ഐസ്യൂലല്ലെ..”
ഹാജിയാര്‍ കടുത്ത വിഷാദത്തൊടെ ഒന്നു നിര്‍ത്തി.

“ഇത് ആണുങ്ങള്‍ടെ വാര്‍ഡാ..
ഒരു റൂമാണെങ്കി തിരക്കു കാരണം കിട്ടാനൂല്ല്യ.
കുട്ടി പൊയ്ക്കൊ.
പോരെങ്കില്‍ ആ ഫൈസു രാത്രീല്‍ നില്‍ക്കാന്ന് സമ്മതിച്ചിട്ടൂണ്ട്.
പിന്നെന്താ?”

നൌഷാദിന്റെ സംസാരം കേട്ട് നോക്കിയതാണ്.
മനേഷ് വന്നിരിക്കുന്നു.

“ഹാജ്യാരെ നിങ്ങക്കും എന്താ പറ്റീത്?”
മനേഷ് ആ കൈത്തലം പിടിച്ചുകൊണ്ട് ചോദിച്ചു.

“ഞമ്മക്കൊന്നൂല്ല്യ മോനേ.
പെട്ടെന്നൊന്ന് തല ചുറ്റീതാ.
ഇപ്പൊ ഒക്കെ ശര്യായേക്കണ്..
എന്നാലും അവര് ഞമ്മളെ വെര്‍തെ ഇവിടെ പിടിച്ച് കെടത്തീതാ”

“ഞാനിപ്പളല്ലെ അറീണത്.
എന്താ ചെയ്യ്യാ..?”

അവന്‍ സാജിതയുടെ കരഞ്ഞുകലങ്ങിയ മുഖം കണ്ടു.
“വെഷമിക്കണ്ടാട്ടൊ.
നമ്മടെ മന്‍സൂറിക്കായ്ക്ക് ഒന്നും വരില്ല്യ.
ഒക്കെ വേഗം സുഖാവും ട്ടൊ..”

പെട്ടെന്ന് സാജിതായില്‍ നിന്ന് ഒരു വിതുമ്പല്‍ പൊട്ടി.
തട്ടം കൊണ്ട് മുഖം മറച്ച് അവള്‍ വിങ്ങിക്കരഞ്ഞു.

നൌഷാദ് അത് കാണുനുണ്ടായിരുന്നു.
അയാള്‍ മനേഷിനെ വിളിച്ചല്‍പ്പം മാറ്റിനിര്‍ത്തി.
“മനേഷ്..സാജിത ഇപ്പോള്‍ തന്നെ വളരെ ടയേഡാണ്..
അവളെ ഇവിടെ നിര്‍ത്തുന്നത് ഒട്ടും ശരിയല്ല.
വീട്ടില്‍ കൊണ്ടുപോകുന്നതാണ് നല്ലതെന്നാണ് എനിക്ക് തോന്നുന്നത്”

“ശര്യാട്ടോ.അവര്‍ ഇവടെ ഇങ്ങനെ നിന്നാ തീരെ പറ്റാണ്ടാവുംന്നന്നെ ഇനിക്കും തോന്നണെ.
ഇവിടെപ്പൊ ഞാനും ഫൈസുക്കയൊക്കെ ഉണ്ടല്ലൊ,
മാമ അവരേം വിളിച്ച് കരുവാന്‍പടിക്ക് പൂവന്ന്യെ നല്ലത്.”
മനേഷ് നൌഷാദിനെ ശരി വച്ചു.

ഒടുവില്‍ എല്ലാവരുടേയും നിര്‍ബന്ധം കൂടിയപ്പോള്‍ സാജിത നൌഷാദിന്റെ കൂടെ പ്പോകാ‍ന്‍ തയാറായി.

“നൌശാദെ കാറെടുത്തെ പോകാവോ.
അന്റെ ബൈക്ക് ഇന്ന് ഇബ്ടെ തന്നെ വെക്ക്”
ഹാജിയാര്‍ ഓര്‍മ്മിപ്പിച്ചു.

നൌഷാദ് മനേഷിനെ അരുകില്‍ വിളിച്ച് പോക്കറ്റില്‍ ആയിരം രൂപ തിരുകി.
“ഇത് നിന്റെ ചിലവിന് വെച്ചൊ.
മരുന്നിനും മറ്റും അവിടെ കൊടുത്തിട്ടുണ്ട്.
ആവിശ്യത്തിന് ഹാജ്യാരുടെ കൈയ്യില്‍ നിന്നും വാങ്ങിച്ചൊ.
പിന്നെ നല്ലതുപോലെ ശ്രദ്ധിക്കണം.
എപ്പൊഴും അടുത്തുണ്ടാകണം.
ഞാന്‍ ഇടയ്ക്കിടക്ക് വിളിക്കാം.”

മനേഷ് ആദ്യം പണം വാങ്ങാന്‍കൂട്ടാക്കിയില്ല.
പിന്നെ നിര്‍ബന്ധത്തിന് വഴങ്ങി.
അവര്‍ പോകുന്നത് നോക്കിക്കൊണ്ടുനില്‍ക്കേ ഹാജിയാരുടെ ചോദ്യം മനേഷിനെ ഉണര്‍ത്തി.
“അനുക്ക് ബുദ്ധിമുട്ടായീല്ലെ?”

“ നിങ്ങള്‍ ഇങ്ങനെ ഓരോന്നും പറഞ്ഞ് ഇന്നെ വെഷമിപ്പിക്കരുത് ട്ടൊ.
അല്ലെങ്കില്‍ തന്നെ ഞാനിവിടെ തീ തിന്ന് നിക്ക്വാ..
എന്താ ഇവിടത്തെ കഥ!“

“അല്ല മോനെ..നമ്മടെ ഫാമില്‍ ആരൂണ്ടാവില്ല അല്ലെ?”

“ന്റെ ഹാജ്യാരെ അവിടെ വേറേം ആളുണ്ട്.
കഴിഞ്ഞ ആഴ്ച പുതിയ ഒരാളെ കൂടി മന്‍സൂറിക്കാ ആക്കീണ്ട്.
അംജത്ക്ക.
കൊടുങ്ങല്ലൂര്‍ക്കാരനാട്ടൊ.
നല്ല മനുഷ്യനാ..”

“കൊടുങ്ങല്ലൂര്‍ക്കാരനാ!ഹഹഹ
ഹാജിയാര്‍ എന്തോ ഓര്‍ത്തെടുത്തെന്നപോലെ ചിരിച്ചു.

“അല്ല ഹാജ്യാരെ,നിങ്ങക്ക് കഴിക്കാന്‍ എന്തെങ്കിലും വേണ്ടെ?
ഞാന്‍ വാങ്ങിച്ചുവരട്ടെ?”

“അങ്ങനെ പൊറത്തൂന്നൊന്നും ഇവടെ കേറ്റൂല്ല മോനെ.
ഒക്കെ ഇവിടന്നാ.
അനുക്ക് വേണ്ടത് ജ്ജ് പോയി കയിച്ചോ.
ങാ പിന്നെ ഫൈസൂനെം വിളിച്ചൊ..”
ഹാജിയാര്‍ തലയണക്കീഴില്‍ നിന്ന് പഴ്സെടുത്തു തുറന്നു.

“കാശൊന്നും വേണ്ടെന്റെ ഹാജ്യാരെ.
ഒക്കെ ഇന്റെ കയ്യിലിണ്ട്.
പോരാത്തേന് നൌഷാദ് മാമ ആയിരം ഉറുപ്പ്യേം തന്ന്ണ്ട്.
വേണ്ടാന്ന് പറഞ്ഞതാ.
എന്നിട്ടും കൂട്ടാക്കീല്ല്യ.”
മനേഷ് ആയിരത്തിന്റെ നോട്ടെടുത്തു കാട്ടിക്കൊണ്ട് പറഞ്ഞു.

“എന്നാ ജ്ജ് ബെക്കം ചെല്ല്..
വരുമ്പൊ ആ ഫൈസൂനോട് ഇവിടൊന്ന് വരാന്‍ പറ.”
ഹാജിയാര്‍ അപ്പോള്‍ ഫൈസുവിനെ അന്വേഷിച്ചത് മനേഷില്‍ അത്ഭുതമുണ്ടാക്കി.

ഹോസ്പിറ്റല്‍ കെട്ടിടത്തിന്റെ വടക്കുഭാഗത്തു നിന്നാല്‍ ഹൈവെയിലെ കാഴ്ചകള്‍ കാണാം.
തിരക്കൊഴിയാത്ത നിരത്തിലൂടെ ഇടമുറിയാതൊഴുകുന്ന വെളിച്ചത്തുണ്ടുകള്‍..
ചുവപ്പും വെളുപ്പും മഞ്ഞയും ഇഴചേര്‍ന്നവ.
ഗ്രൌണ്ട് ഫ്ലോറിന്റെ ഇരുട്ടറയില്‍ എവിടെയോനിന്ന് ജനറേറ്റര്‍ മുരളുന്ന ശബ്ദം കേള്‍ക്കാമായിരുന്നു.

കാഴ്ചകള്‍ക്ക് മിഴികൊടുക്കുമ്പോഴും ഫൈസുവിന്റെ മനസ്സ് അസ്വസ്ഥമായിതന്നെ ഇരുന്നു.
മനേഷ് വന്ന് വിളിച്ചു.

“ഫൈസുക്കാ എന്തെങ്കിലും കഴിക്കണ്ടെ?”

“ഉം..“
ഫൈസു വെറുതെ മൂളുക മാത്രം ചെയ്തു.
വീണ്ടും മിഴികള്‍ അനന്തതയിലേക്ക് പായിച്ചു.

“നൌഷാദ് മാമ ആയിരം ഉര്‍പ്പ്യ തന്ന്ണ്ട്.നിങ്ങള് ഫുഡ്ഡടിക്കാന്‍ വരണ് ണ്ടോ ..?”
മനേഷ് ഫൈസുവിനെ നിര്‍ബന്ധിച്ചു.

കാന്റീന്‍ ഗ്രൌണ്ട് ഫ്ലോറിലാണ്.
ഏഴു നിലയിലുള്ള ഹോസ്പിറ്റല്‍ കെട്ടിടത്തിന്റെ അഞ്ചാമത്തെ നിലയിലായിരുന്നുഅവര്‍.
ആളൊഴിഞ്ഞ ഒരു ലിഫ്റ്റിലേക്ക് അവര്‍ കയറി.
മൊബൈല്‍ റിങ്ങ് ചെയ്യുന്നുണ്ട്.
ലിഫ്റ്റിലാണെങ്കിലും നല്ല റേഞ്ച്.
ഫൈസു കോള്‍ എടുത്തു.
സഫിയയാണ്.

“ഇക്കാക്കാ..ഇങ്ങ്ക്ക് ഇത് വരെ പോരാരായിട്ടില്ലെ?”

“നാളെ കാലത്ത് നേര്‍ത്തെ വരാം.
മന്‍സൂറിക്കാന്റെ കാര്യത്തില്‍ ഒന്നും പറയാറായിട്ടില്ല.
അതാ ഞമ്മള്

“അതിന്‍ ഇങ്ങ്ക്കെന്താ?
അതൊക്കെ നോക്കാന്‍ അവിടെ ആള്‍ക്കാരില്ലേ?
ഇക്കാക്കാന് ഇപ്പൊ ഇങ്ങട്ട് വരാന്‍ പറ്റ്യൊ,ഇല്ലേ?
ഞമ്മക്കതറിഞ്ഞാ മതി.”
സഫിയായുടെ സ്വരത്തില്‍ വല്ലാത്ത ധാര്‍ഷ്ട്യം പ്രകടമായിരുന്നു.

“സഫിയാ..നീയെന്താ ഇങ്ങനെ!
ഇവിടെ ഈ സമയത്ത് ..വേറെ ആരൂല്ലാതെ..ഞമ്മക്കെങ്ങനെ വരാന്‍ പറ്റും!“
ഫൈസു തന്റെ നിസ്സഹായത വെളിപ്പെടുത്താന്‍ ശ്രമിച്ചു.

“അതെന്താപ്പൊ..
അഹമ്മദ് ഹാജീം,സാജിതേം ഒന്നും ആളോളല്ലെ ഇക്കാക്കാ?”
സഫിയ അയയുന്ന മട്ടില്ല .
ഇവളെ ഇതെങ്ങനെ പറഞ്ഞുമനസ്സിലാക്കും.
ഫൈസുവിന് എന്തു പറയണം എന്നു നിശ്ചയമില്ലാതായി.

ലിഫ്റ്റ് ഒന്നില്‍ എത്തിയിരുന്നു.
ഇനി താഴേക്ക് പോകില്ലെന്ന് ലിഫ്റ്റ് ഓപ്പറേറ്റര്‍ പറഞ്ഞിരുന്നു.
പുറത്തിറങ്ങി താഴേക്ക് സ്റ്റെപ്പിറങ്ങുമ്പോളും ലൈന്‍ ഡിസ്കണക്റ്റായിരുന്നില്ല.
ഫോണ്‍ ചെവിയില്‍ വെച്ചു നോക്കി.
ലൈനില്‍ ഉമ്മയുണ്ട്.

“ഹലോ ഉമ്മാ..”
ഫൈസു ഉമ്മ കേള്‍ക്കുന്നുണ്ടോ എന്ന് ശ്രദ്ധിച്ചു.

“ഹലോ മോനെ..
ഞമ്മടെ മന്‍സൂര്‍ മോന് ഇപ്പൊ എങ്ങിന്യാടാ..?”

“കുറവുണ്ട് ഉമ്മാ..”
ഫൈസു ഉമ്മയെ സമാധാനിപ്പിക്കാന്‍ പറഞ്ഞു.

“ഉമ്മാക്ക് അത് കേട്ടപ്പന്നെ തൊടങ്ങീതാ ഒരു ശ്വാസം മുട്ടല്‍.
നിക്കാനൊ ഇരിക്കാനോ പറ്റണില്ല്യ ഞമ്മക്ക്”
ഫൈസുവിന് ഉമ്മയുടെ അവസ്ഥ മനസ്സിലാക്കാനായി.

“ചെറിയ ഒരു മുറിവേ ഉള്ളൂ ഉമ്മാ..
സാജിത നൌഷാദ് മാമാന്റെ കൂടെ കരുവാന്‍പടിക്ക് പോയി.
പിന്നെ ഹാജ്യാര്‍ക്ക് ഒരു കൂട്ടു വേണ്ടെന്ന് വച്ചിട്ടാ ഞമ്മള്”
തല്‍ക്കാലത്തേക്ക് ഒരു നുണ പറഞ്ഞു.

“ഹാജ്യാര്‍ ഇപ്പൊ അന്റെ കൂടേണ്ടോ?”

“ഉണ്ട് ഉമ്മാ.
ഞങ്ങള്‍ ഇപ്പൊ കാന്റീനിലിക്ക് പോവാണ്.”
വീണ്ടും ഒരു കള്ളം കൂടി.

ഫൈസുവിന്റെ സംസാരം കേട്ട് മനേഷിന് ചിരി വന്നു.

“അല്ല ഫൈസ്വോ..അത് വരെ ചെന്നതല്ലെ നീയ്. ജമീലാന്റെ അട്ത്ത് പോയിട്ട് ഓളെ ഒന്ന് കണ്ടിട്ട് വാ.”

“ശരി ഉമ്മാ..
എന്നാ ഞമ്മള് പിന്നെ വിളിക്കാം.”
ഫൈസു കോള്‍ കട്ട് ചെയ്തു.

“അല്ല ഫൈസുക്കാ.. ഇങ്ങടെ സഫിയാ ഒരു വല്ലാത്ത വാശിക്കാര്യന്നാട്ടോ!"

“സഫിയാക്ക് ഹാജ്യാരോട് നല്ല ദേഷ്യണ്ട്.
എത്രായാലും നമ്മക്ക് ആ പഴയ കാലൊക്കെ മറക്കാമ്പറ്റ്യോ മനേഷെ?”

“അതെ .എത്ര കാറോടിയതാ‍ആ മുറ്റത്ത്.
ഒക്കെ ഓര്‍ക്കുമ്പൊ എനിക്കും.. ..”
മനേഷിന്റെ തൊണ്ടയിടറി.

എന്തൊക്കെയോ കഴിച്ചെന്നുവരുത്താനെ അവര്‍ക്ക് കഴിഞ്ഞുള്ളൂ.
ഓര്‍മ്മകള്‍ നാള്‍ വഴികള്‍ തിരയുന്നു.
അവിടെ അവരുടെ ബാല്ല്യം കളിച്ചും ചിരിച്ചും കലഹിച്ചും രാപകലുകള്‍ മറിച്ചു നോക്കുന്നു.
ഒന്നിച്ചൊരുപായില്‍ കിടന്നുറങ്ങുന്നു.
ഇനിയൊരിക്കലും തിരിച്ചു കിട്ടാത്ത ആ നല്ല നാളുകള്‍ ഓരോരോ ചിത്രങ്ങളായി മനസ്സില്‍ വന്നു നിറയവെ ,
മരണമെന്ന നൂല്‍പ്പാലത്തിനു മീതെ ജീവശ്വാസത്തിന്റെ അവസാന കണികയ്ക്കുവേണ്ടി പിടഞ്ഞുകൊണ്ടിരിക്കുന്ന ആ പഴയ കളിക്കൂട്ടുകാരനു വേണ്ടി ആ രണ്ടു പേരും കണ്ണീര്‍ പൊഴിച്ചുകൊണ്ടിരുന്നു.

എപ്പോഴാണ് ഉറങ്ങിയതെന്നറിഞ്ഞില്ല.
ഉണര്‍ന്നപ്പോള്‍ മൊബൈലില്‍ ആറുമണി.
പരിചയമില്ലാത്ത നമ്പറില്‍ അഞ്ച് മിസ്കോള്‍ കണ്ടു.
തിരിച്ചു വിളിക്കാമല്ലെ..
ഫൈസു ആ നമ്പറില്‍ ഡയല്‍ ചെയ്തു.

അപ്പുറത്ത് ആരൊ കണ ക്റ്റ്  ചെയ്തു.

“ഈ നമ്പറില്‍ മിസ് കോൾ  കണ്ടു. അതാ വിളിച്ചത്.
നിങ്ങള്‍ ആരാ? എന്തിനാ വിളിച്ചത്?”
ഫൈസു ചോദിച്ചു.

“നിങ്ങള്‍ ജമീലയുടെ ഇക്കാക്കയല്ലെ?“

“അതെ.
ജമീലക്ക് എന്താ?”
ഫൈസുവിന്റെ ചങ്കിടിച്ചു.

“അതെയ് അവരുടെ ഭര്‍ത്താവിന്റെ വാപ്പയെ ഇന്നലെ വൈകീട്ട് മുതല്‍ കാണാനില്ല.
ബഷീറാണെങ്കില്‍ ഇന്നലെ വീട്ടില്‍ വന്നിട്ടുമില്ല.
ഞാന്‍ അവരുടെ അയല്‍ വാസിയാണ്..
ജമീല ഇന്നലെ രാത്രിയില്‍ എന്റെ ഫോണ്‍ വാങ്ങിവിളിച്ചതാണ്.
ഇപ്പോള്‍ വന്നിട്ടുണ്ടോ എന്നറിയില്ല.
ഞാന്‍ വേണമെങ്കില്‍ അന്വേഷിച്ചിട്ട് വിളിക്കാം.”
അയാൾ ഫോണ്‍ വച്ചു .

അള്ളാ..എന്തൊക്കെ പരീക്ഷണങ്ങളാണ്.
സുഖമില്ലാത്ത മനുഷ്യനാണ്.
എവിടെ ഏതവസ്ഥയിലാണോ എന്തോ..?
……………………..

2013, മേയ് 18, ശനിയാഴ്‌ച

നോവല്‍ വിവാദമാകുന്നു‍..


അടയാളങ്ങള്‍..
നോവല്‍.
 അധ്യായം ആറ്.

അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകിക്കൊണ്ടിരുന്നു.
ധാരധാരയായി അശ്രുകണങ്ങള്‍  കവിള്‍ത്തടത്തിലൂടെ ചാലിട്ടൊഴുകി.
ആഹാരനീഹാരാദികളില്ലാതെ ,സ്നാനമോ ജപമോ ഇല്ലാതെ വാടിയ ചെടിതണ്ടുകണക്കെ പാവം സുറുമി...
ഇംതിയാസിന്റെ തടവറയില്‍ കരാളമായ നിശബ്ദത അവള്‍ക്ക് കാവല്‍ക്കാരനായി കൂട്ടു നിന്നു.

ഇലകൾ  തമ്മില്‍ ചേരാതിരിക്കാന്‍  അകത്തിനടപ്പെട്ട രണ്ടു മരങ്ങള്.. ഭൂമിക്കടിയില്‍  വേരുകള്‍ കൊണ്ട് തിരഞ്ഞ് പരസ്പരം ചേരാന്‍ കൊതിക്കുന്നു.

പുറത്തെവിടെയോ അവന്‍ അലയുന്നുണ്ട്..
അവനറിയാതൊരു തടവറയില്‍ ഇങ്ങരികെ പ്രിയപ്പെട്ടവള്‍ അവന്റെ മാത്രം ശബ്ദത്തിന് കാതോര്‍ത്ത്.
വിതുമ്പുന്ന ചുണ്ടുകളാല്‍  ഒരേയൊരു നാമം മാത്രം അവള്‍ ഉരുവിട്ടുകൊണ്ടേയിരിക്കുന്നു..

“എന്റെ കുക്കു..പ്രിയപ്പെട്ട കുക്കു..

ഒരു വേള , തടവറയുടെ വാതില്‍ തുറക്കുന്ന ശബ്ദം അവളെ നടുക്കി.
“ഇതിയാസ്..
വെറുപ്പിന്റെയും ഭീതിയുടേയും അവസാനമായ വാക്ക് അവളില്‍ നിന്നും പിടഞ്ഞെണീറ്റു..

മുഖമുയര്‍ത്താനാകാതെ തളര്‍ന്നുപോയ അവളുടെ അരികിലേക്ക് അവന്റെ പാദസ്പര്‍ശം അടുത്തു.

“പ്രിയേ..എന്റെ സുറുമീ..

കേള്‍ക്കരുതാത്തതു കേട്ടെന്നവണ്ണം അവള്‍ ചെവികള്‍ പൊത്തി.
“തൊടരുതെന്നെ..
അവള്‍ക്കു നേരെ നീണ്ട അവന്റെ കൈ തട്ടിത്തെറുപ്പിച്ച് അവള്‍ അലറി.

“നീചാ..എന്റെ കുക്കുവിന്റേതു മാത്രമായ ശരീരം നീ തൊട്ടശുദ്ധമാക്കാന്‍ ശ്രമിച്ചു.. ഇതറിഞ്ഞാല്‍ നിമിഷം കൊന്നുതള്ളും അവന്‍ നിന്നെ..
കോപത്തിന്റെ തീജ്വാലകളുതിര്‍ത്തുകൊണ്ട് അവള്‍ അവനെ നേര്‍ക്കു നേര്‍ നോക്കി.
തടവറയുടെ ഒരു മൂലയില്‍ ചുരുണ്ടുചുരുണ്ടങ്ങനെ അവള്‍ നിന്നു കിതച്ചു.

“എടീ..ഇന്നത്തെ ഒരു രാവ് ,ഒരേ ഒരു രാവുകൂടി നിന്റെ സമ്മതത്തിന് അവസാനമായി ഞാന്‍ നിനക്കു തരുന്നു.
നാളെ ഒരു പ്രഭാതമുണ്ടെങ്കില്‍ നിന്റെ അനുവാദം ചോദിക്കാതെ തന്നെ എന്റെയീ ബലിഷ്ടമായ കൈകള്‍ നിന്നെ എന്നെന്നേക്കുമായി എന്റെ സ്വന്തമാക്കിയിരിക്കും..
പ്രണയവിവശതയുടെ ഭാവം മാഞ്ഞ് ഇംതിയാസ് കോപക്കലികൊണ്ട് വിറച്ചു.

അവനെ കൊന്നുതള്ളാനുള്ള കരുത്ത് തനിക്കില്ലാതെ പോയതില്‍ വിലപിച്ചുകൊണ്ട് സര്‍വാംഗം തളര്‍ന്ന് സുറുമി താഴെ വീണുപോയി.
ചവുട്ടിയമര്‍ത്തുന്ന ഇംതിയാസിന്റെ കാലടിശബ്ദം അകന്നുപോകുന്നത് അവള് അവിടെ കിടന്നുകൊണ്ട് കേട്ടു.

നാളെ കാമാധമന്‍ വീണ്ടും വരും.
ചിലപ്പോളവന്‍ ഇന്ന് തന്നെ
രംഗം ആലോചിക്കാന്‍ പോലും ശേഷിയില്ലാതെ അവള്‍ കണ്ണുകള്‍ ഇറുക്കിയടച്ചു.

എല്ലാം ഇവിടംകൊണ്ട്  തീരണം..
ഇലാഹീ..ഇതാ എന്റെ ജീവന്‍..
ഇനി ഇത് ഇവിടെ അവസാനിക്കാനുള്ളതാണ്.
എന്റെ കുക്കുവിനു മാത്രമായി കാത്തുപോന്ന എന്റെയീ  പ്രാണന്  ഇതാ ഞാന്‍ നിനക്ക് തിരിച്ചുതരുന്നു..
എന്റെ ജീവന്റെ ജീവനായ കുക്കൂ..ഇനി നിത്യസ്നേഹത്തിന്റെ   പറുദീസയില്‍ ഇനി ഞാന്‍ ബാക്കിയില്ല.
ഇവിടെ നീ തനിച്ചാകുന്നത് എങ്ങനെ നീ സഹിക്കുമെന്ന് എനിക്കറിയില്ല.
പൂക്കളും പുഴകളും ഈദിന്റെ സുഗന്ധവുമുള്ള നിന്നോടൊത്തുള്ള എന്റെ ജീവസ്മരണകള്‍ മാത്രം നിനക്ക് ബാക്കിവെച്ച് എന്നും നിന്റേതു മാത്രമായിരുന്ന നിന്റെ സുറുമി പോവുകയായി..
ഒരു കരാളരൂപിക്ക് ബാക്കിയാവാതെ ദേഹം ഒരു പിടി പച്ചമണ്ണിനെറിഞ്ഞുകൊടുത്ത്  ഖബറിടത്തില്‍ തപിച്ചുകൊണ്ടിരിക്കും എന്നും ഞാന്‍..
വഴിതെറ്റിയെങ്കിലും ഒരു വേള വഴി നീ വന്നുവെങ്കില്‍ ഒരിറ്റു കണ്ണീരെങ്കിലും നീ എനിക്കുവേണ്ടി മണ്ണില്‍ ഇറ്റിക്കണേ..

അങ്ങിനെയൊക്കെ ചിന്തിച്ചുറച്ച് തന്റെ മരണത്തിനായി അവള്‍ തന്റെ വിരലിലേക്ക് നോക്കി.
വിറക്കുന്ന വിരലുകളോരോന്നും ചേര്‍ത്തുറപ്പിച്ച് അവള്‍ തന്റെ വജ്രമോതിരം ഊരിയെടുത്തു.
മരണമാണ് ഇനി തന്റെ രക്ഷയെന്നുറപ്പിച്ച് അവള്‍ മോതിരം കടിച്ചു വിഴുങ്ങാനായി ചുണ്ടോടുചേര്‍ത്തു..
(തുടരും.)

മനസ്സു വല്ലാതെ വിങ്ങുന്നു.

നിത്യസ്നേഹത്തിന്റെ വിശുദ്ധവനിയില്‍ പിറന്നിട്ടും തന്റെ പ്രണയത്തെ പരിരക്ഷിക്കാതെ ഇംതിയുടെ കാരാഗൃഹത്തിലൊടുങ്ങാന്‍ എറിഞ്ഞു കൊടുത്ത കുക്കു..
ഇംതിയുടെ കോട്ടഗോപുരങ്ങള്‍ തച്ചുതകര്‍ത്ത് തന്റെ പ്രാണപ്രിയയെ കൊണ്ടുപോകാന്‍ എവിടെ നീ?

വായനക്കാരുടെ ഹൃദയങ്ങള്‍ വ്യഥയുടെ ആഴക്കടലിലെറിഞ്ഞ് നോവല്‍ ഇനിയും അധായങ്ങളില്‍ നിന്നും അധ്യായങ്ങളിലേക്ക് നീണ്ടുപോകുന്നു.
സഫിയ നാട്ടുപച്ച മടക്കിവെച്ച് കുറച്ചുനേരം ഖിന്നയായിനിന്നു.

സാബിബാവ എന്ന നാട്ടുപച്ചയിലെ എഴുത്തുകാരി..
നിങ്ങളുടെ മനസ്സ് കുറെ ക്രൂരമായിപ്പോയോ?

കേച്ചേരിപ്പുഴയുടെ മെലിഞ്ഞുണങ്ങിയ തീരക്കൈകള്‍ വിട്ട് തന്റെ ആടിറങ്ങിപ്പോകുന്നത് അവള്‍ കണ്ടു.
നോക്കെത്താദൂരംനീണ്ടുകിടക്കുന്ന കൊയ്തൊഴിഞ്ഞ വയലേലകള്‍ക്കു മീതെ ആകാശം ചുവക്കാന്‍ തുടങ്ങി.
അസ്തമയസൂര്യന്‍ നീട്ടുന്ന നീളമുള്ള നിഴലുകളെ എത്തിപ്പിടിക്കാനായുന്നു ഇനിയും വിശപ്പൊടുങ്ങാതെ കന്നുകൂട്ടങ്ങള്‍..

ദീനം വന്നു മെലിഞ്ഞ കന്നിനെ പ്പോലെ വറ്റിവരളാന്‍ തയ്യാറായി കാത്തുനില്‍ക്കുന്നു കേച്ചേരിപ്പുഴ ..
ദുസ്വപ്നത്തിലെ കരടുകളെന്നോണം ചില കൊറ്റികള്‍ പുഴമീനുകളെ അന്വേഷിച്ചു ചെറിയ വെള്ളത്തുരുത്തുകള്‍ക്കു മീതെ കാത്തുനില്‍ക്കുന്നത് കാണാമായിരുന്നു.

“ചുന്നീ
സഫിയ നീട്ടിവിളിച്ചു.
ജോസഫുചേട്ടന്റെ പുഞ്ചപ്പാടത്തില്‍ മേഞ്ഞുകൊണ്ടിരിക്കുന്ന പുള്ളിപ്പശുവിന്റെ അരുകിലെത്തിയിരിക്കുന്നു അവള്‍...

കേച്ചേരിപ്പുഴയില്‍നിന്നും ആറിന്റെ മോട്ടോര്‍ വെച്ച് പുഞ്ച വിതക്കും ജോസഫുചേട്ടന്‍.
മറ്റെല്ലാവരും പാടം തരിശിട്ടും നികത്തി വീടു വെച്ചും കൃഷിയിടം നശിപ്പിക്കുമ്പോള്‍  ജോസപ്പേട്ടന്റെ പുഞ്ചപ്പാടത്ത് എന്നും കതിര്‍ക്കുലകള്‍ കേവുഭാരത്തോടെ കാറ്റില്‍ ചാഞ്ചാടിക്കളിക്കും.

തന്റെ പേരു വിളിച്ചതില്‍ നന്ദിസൂചകമെന്നോണം സഫിയയുടെ ആട് ചെറുതായി കരഞ്ഞു.
പിന്നെ ഉള്ളില്‍ തുടിക്കുന്ന കുഞ്ഞിന് എന്ന വണ്ണം പുല്‍നാമ്പുകള്‍ക്ക് മുഖം കൊടുത്തു.

“ഓ..കിളി പോയി
മനേഷാണ്.
പാടുന്ന പാട്ടിനൊപ്പിച്ച് മനേഷ് തോളുകളിളക്കി താളമുണ്ടാക്കി.
മനേഷിനെ കണ്ട്സഫിയ പുല്‍ വരമ്പില്‍ നിന്നെഴുന്നേറ്റു.

“സഫിയാ..
അവന്‍ അവളെ വിളിച്ചു.
“ഓ..
‍“നേരം മോന്തിയായീട്ടൊ.
വീട്ടില്‍ പൊക്കൂടെ പെണ്ണെ?
അപ്പോഴാണ് നാട്ടുപച്ച മനേഷിന്റെ കണ്ണില്‍ പെട്ടത്.

“ഉം..ആടിനെ ശരിക്കും നോക്കാണ്ടെ പുസ്തകോം വായിച്ചിരിക്ക്യാലേ നീയ്..?

“ആടിനെ നോക്കാന്‍ ആടിനന്നെ അറിയാം.
ഞമ്മടെ കാര്യം ഞമ്മക്കും.
ഇങ്ങള് എന്തിനാപ്പൊ അതൊക്കെ അന്വേഷിക്കാന്‍ വന്നേ?

“ഏയ്..പെണങ്ങല്ലേ സഫിയേ..
വട്ടപ്പോയിലിന്റെ ബുക്ക്ഷോപ്പില്‍ പുതിയ നാട്ടു പച്ച വന്ന്ണ്ട്ന്ന് പറയാനാ ഞാന്‍ വന്നേ..

“ഇത് പഴേതാവാനേ ഇനീം ആറ് ദിവസം പിടിക്കും.

“ങെ..അപ്പൊ ഇത് പുതീതാ?

“പുതീത്..കണ്ടില്ലെ ഇന്ദുമേനോന്റെ പടം..
സഫിയ വാരികയുടെ ചുരുള്‍ നിവര്‍ത്തി മുഖചിത്രം കാണിച്ചു.

“ഇങ്ങളെപ്പളാ ത്രിപ്രയാറുന്നും വന്നേ?

“ഞാന്‍ വന്ന്ട്ട് കൊറച്ച് നേരായി. വീട്ടില്‍ ചെന്നപ്പൊ ഉമ്മ പറയേ നീയ് ആടിനെ തീറ്റാന്‍ പാടത്തെക്ക് പോയിട്ട്ണ്ട്ന്ന്..

അസ്തമയ സന്ധ്യയുടെ ശോണിമ സഫിയയുടെ കവിള്‍ത്തടത്തില്‍ പടര്‍ന്നിരുന്നത് മനേഷ് കൌതുകത്തോടെ നോക്കി.

“സഫിയാ .. ചോന്ന തട്ടം നെനക്ക് നന്നായി ചേര്ണ്ട്ട്ടൊ..

സഫിയ മനേഷിനെ അളന്നിട്ടെന്ന വണ്ണം നന്നായിട്ടൊന്നു സൂക്ഷിച്ചു നോക്കി.

“തട്ടത്തും മറയത്തുള്ള കളി ഇന്നോട് വേണ്ട.
ഇയാള്‍ക്ക് ഉമ്മച്ചിക്കുട്ട്യോള്‍ടെ തട്ടന്നെ വേണങ്ങെ മൂസാക്കാന്റെ മോള് ഹൈനേന്റെ തട്ടം ചെന്ന് നോക്കിക്കോളിന്‍..
മൂസാക്കാന്റെ മോളാവുമ്പോ അരീം പലചരക്ക് സാമാനങ്ങളും കാശ് കൊട്ക്കാണ്ടന്നെ കിട്ടൂം ചെയ്യും..
സഫിയ ചിരിക്കാന്‍ തുടങ്ങി.
“നീയെന്തിനാ സഫിയാ വേണ്ടാത്ത് പറേണെ..?
കൊമ്പന്‍ മീശേടെ മോള്‍നെ ഇനിക്കെന്തിനാ..!
ഇനിക്കങ്ങനെ നോക്കണംന്ന് ണ്ടങ്ങെ നല്ല കിളി കിളി പോലത്തെ നായര് കുട്ട്യോള് നാരാണമംഗലത്തന്നെ ഇണ്ട്..

“അല്ല, ഇങ്ങള് ചെമ്മീന്‍ കൊണ്ടരാന്ന് പറഞ്ഞിട്ട് കൊണ്ടന്നാ.?

“ങാ..അങ്ങനെ വല്ലതും ചോദിക്ക്.
നല്ല പെടക്കണ പൂവാലന്‍ ചെമ്മ്യാന്‍ ഒരു കിറ്റാ ഉമ്മേടെ കൈയ്യില്‍ കൊട്ത്താടക്കണെ..
ഒരെണ്ണം ദേ കൈയിന്റെ വലുപ്പം വരും.
അമേരിക്കേലിക്ക് കേറ്റിവിടണ സാധനാ
മനസ്സിലായാ..
മനേഷ് കൈകൊണ്ടളന്ന് ചെമ്മീനിന്റെ വലുപ്പം കാണിച്ചു.

മന്‍സൂറിന് സ്വന്തമായി നാരായണ മംഗലത്ത് ചെമ്മീന്‍ ഫാമുണ്ട്.
നല്ല തൂക്കം വരുന്ന ഇനം ചെമ്മീന്‍ കുഞ്ഞുങ്ങളെ വളര്‍ത്തി തന്റെ സീ ഫുഡ് എക്സ് പോര്‍ട്ടിങ്ങ് സ്ഥാപനം വഴി അറേബ്യന്‍ നാടുകള്‍,അമേരിക്ക,യൂറോപ്യന്‍ രാജ്യങ്ങള്‍ തുടങ്ങിയ മേകളിലേക്ക് വന്‍ തോതില്‍ കയറ്റിയയക്കപ്പെടുന്നുമുണ്ട്.

“ചെമ്മ്യാന്‍ പിടിച്ചുതൊടങ്ങീട്ടൊ സഫിയാ..
മാനേജര്‍ വേണുഗോപാല്‍ സാറ് വന്ന്ണ്ട്.
കഴിഞ്ഞാ‍ഴ്ച്ച എത്ര ലക്ഷങ്ങള്‍ടെ ചെമ്മ്യനാ നാരാണമംഗലത്ത്ന്ന് ബോംബേക്ക് കൊണ്ടോയത്.
അവടീള്ള വേറെ ആള്‍ക്കാരടെ ഫാമ്മ്ന്നും നമ്മളാ ഇട്ക്കണെ.
ങാ..പിന്നെ സഫിയാ ,വേണു സാറ് പുതുപ്പെണ്ണിനേം നാട്ടില്‍ കൊണ്ടോന്നിട്ട്ണ്ട്.
ചെമ്മ്യാന്‍ കമ്പനീല്‍ ജോലിക്ക് വരണ ഒരു ബോബെക്കാരീടെ മോളാ..
തമന്ന..
നല്ല ഗോതമ്പിന്റെ നെറള്ള കുട്ട്യാ.
സ്നേഹിച്ച്കല്യാണം കഴിച്ചതാ..ഹിഹിഹി..

“അതൊക്കെ ഓരോരുത്തരടെ ഇഷ്ട്ടല്ലെ..
അതല്ലാ..എന്ന്ട്ട് ആകെ ഒരു കിറ്റേ കൊണ്ടോന്ന് ള്ളൊ ഇങ്ങള്...
തീരെ സ്നേഹല്ല്യാട്ടൊ മനേഷേട്ടാ ഇങ്ങ്ക്ക്..

“ഇന്റെ സഫിയാ ,ഇതന്നെ മന്‍സൂറിക്കാന്റെ വീട്ടില്‍ അറിഞ്ഞാ ഇനിക്ക് പണി കിട്ടും.
അത്ര നല്ല ഇരുപ്പുവശല്ലെ നിങ്ങള് തമ്മില്..
ഫൈസിക്കാനോട് കോഴി ബിസിനസ്സും കളഞ്ഞ് എക്സ്പോര്‍ട്ടിങ്ങ് കമ്പനീല് കേറാന്‍ പറഞ്ഞതാ ഞാന്‍.
അതിന് നിങ്ങളിപ്പളും കീരീം പാമ്പ്വല്ലെ..!

“അത് ഇനീം അങ്ങനന്നെ..
ഇനി കളി മാറും മോനെ..
അപ്പൊ ഇങ്ങള് ഒന്നും അറിഞ്ഞിട്ട് വന്നതല്ലാലെ?

സഫിയായുടെ ചോദ്യം മനേഷിന് അങ്കലാപ്പുണ്ടാക്കി.
ഇവിടെ എന്തായിരിക്കാം സംഭവിച്ചിട്ടുണ്ടാവുക?

അച്ഛൻ  രാവിലെ കുളിച്ച് കുറിതൊട്ട് ബസ്സ് കേറി പോണു കണ്ടൂലൊ..
ഗുരുവായൂര്‍ക്കാ?
സഫിയ കാര്യങ്ങളുടെ ചെപ്പുതുറക്കാതെ വേറെ വിഷയത്തിലേക്ക് കടന്നു.

“അതിന് ഇന്ന് മുപ്പട്ട് വ്യാഴാഴ്ച്യാ..
അത് പാറേമ്പാടത്തെ തറവാട്ടമ്പലത്തില്‍ പൂജിക്കാന്‍ പോയതാവും..
അതല്ല നീയ് കാര്യം പറ.
എന്താപ്പൊ ഇണ്ടായെ..?

“മന്‍സൂറിക്കാനെ ടിപ്പറിടിച്ച് ആശുപത്രീല്‍ക്ക് കൊണ്ടോയീന്ന്.
ഇന്നത്തോടന്നെ കഴിയൂംന്നാ പോയിക്കണ്ട സലാമിക്ക പറഞ്ഞത്.
മനേഷിനു ഒരു ഞെട്ടൽ അനുഭവപ്പെട്ടു .
“ഹെന്റെ ഗുരുവായൂരപ്പാ..
സത്യാ സഫിയാ നീ പറേണെ..

“പിന്നല്ലാണ്ട്..

“അല്ലാ നിന്റെ വാക്കല്ലെ..

“വിസ്വാസം വരണില്ലെങ്ങെ വേണ്ട..

“അതന്ന്യാവും ല്ലെ ഹാജ്യാരടെ വീട് പൂട്ടിക്കെടക്കണത്..
എന്നിട്ടും നെന്റെ ഉമ്മ അത് ഇന്നോട് പറഞ്ഞില്ലല്ലൊ?

“അത് ഞമ്മള് ഉമ്മാനെ അറിയിക്കാണ്ടാ..
ഇങ്ങനെ ഒരോന്ന് കേട്ടാന്നെ ഉമ്മ ആകെ കരഞ്ഞ് കൊളാക്കും.
ഇന്റെ ഫൈസുക്കേം അതന്നെ തരം.
ദേ..ഇപ്പളും കുടീല്‍ക്ക് വരാന്‍ നേരാവാണ്ട് ആശൂത്രീലന്നെ ചുറ്റിത്തിരിഞ്ഞ് നിക്കാ..
വരട്ടെ ,ഒരു വായന വായിക്കാണ്ട് വിടാന്‍ പറ്റ്യ കാര്യല്ല ദ്..
സഫിയക്ക് ദേഷ്യം വന്നു .

“ഒരു മനുഷ്യന്‍ ആശുപത്രീല്‍ കെടക്കുമ്പോളെങ്കിലും കൊറച്ച് അയവ് കാട്ട്രോ..

“ഞമ്മള് അയവ് കാട്ടീട്ടെന്താ..
മോളിലിരിക്കണ ഒരാളില്ലെ, പടച്ചോന്‍..
പടച്ചോന്‍ അയവ് കാണിക്കട്ടെ..

“ഇപ്പൊ ഞാന്‍ നെന്നോട് തര്‍ക്കിക്കാന്‍ നിന്നാ ശരിയാവില്ല്യ.
ഇപ്പൊതന്നെ ആശുപത്രീല് പോണം.
എവിട്യാ വെസ്റ്റ് ഫോര്‍ട്ടിലാ?

“അമലേല്..
ഇവടത്തെ  ഇക്കാക്കേം കൂടീട്ടാ കൊണ്ടോയത്ഹും!

മനേഷിന്റെ ചങ്കിടിപ്പു കൂടി.
ഈശ്വരാ മന്‍സൂറിക്കാക്ക് ഒന്നും വരരുതേയെന്ന് അവന്‍ മനസ്സുരുകി പ്രാര്‍ത്ഥിച്ചു.

“അപ്പൊ സഫിയാ ഞാന്‍ പൂവ്വാട്ടൊ..
സലാമിക്കായെ കണ്ടാ കാര്യങ്ങളൊക്കെ അറിയാലെ..?

“ങ്ഹാ..മൊതലാളീടെ കെടപ്പ് തൊഴിലാളി നേരിട്ടറിയുന്നതാ ഭേദം.
എന്നാ ഇങ്ങള് വേഗം  ചെല്ല്..

സഫിയായുടെ മുഖം വല്ലാതെ വലിഞ്ഞുമുറുകിയിരുന്നു.
മനേഷ് ധൃതിപ്പെട്ട് പോകുന്നത് അവള്‍ കണ്ടു.
വല്ലാത്തൊരു ചിരി അവളുടെ ചുണ്ടില്‍ പിറന്നു.
അതിനു പിന്നാലെ കേച്ചേരിപ്പുഴയുടെ വരണ്ടുണങ്ങാന്‍ വെമ്പുന്ന നീര്‍ച്ചാലുകളെ ലക്ഷ്യമാക്കി അവള്‍ കൈയ്യിലെ നാട്ടുപച്ച വീശിയെറിഞ്ഞു!..
……………………