2013, മേയ് 2, വ്യാഴാഴ്‌ച

ചികിത്സാവിധി.


 അടയാളങ്ങൾ .

       നോവൽ .
(ആദ്യ ഭാഗത്തിന്  )

അധ്യായം നാല്.
ചികിത്സാവിധി.

ഓപ്പറേഷന്‍ തിയേറ്ററിനു മുന്നില്‍ വലിയ തിരക്കുണ്ടായിരുന്നില്ല.
രോഗികളുടെ വിവരങ്ങള്‍ അപ്പപ്പോള്‍ അറിയാനും ബന്ധുക്കളെ അറിയാനും തിടുക്കം കാട്ടുന്നവര്‍ വാതില്‍ക്കല്‍ തന്നെ നിന്നു.
അങ്ങിനെ കാത്തുനില്‍ക്കുമ്പോളാണ് സലാമിന് തലചുറ്റുന്നതു പോലെ തോന്നിയത്.
അയാള്‍ ഒരു ബലത്തിനെന്നോണം തൊട്ടടുത്തുനിന്ന അജിത്തിന്റെ ചുമലില്‍ പിടിച്ചു.
കൈകള്‍ ചെറുതായി വിറക്കുന്നുണ്ടായിരുന്നു.

“എന്താ ..എന്തു പറ്റി സലാമിക്ക..?
അജിത്തിന്   സലാമിന്റെ  മാറ്റത്തില്‍ പന്തികേടു തോന്നി.

“ഓ ..ഞമ്മക്ക് തലയാകെ പെരുക്കണപോലെ..
എവിടെങ്കിലും ഞമ്മളെ ഒന്നിരുത്ത്..
സലാമിനു നില്‍ക്കാനുള്ള ശേഷി നഷ്ടപ്പെട്ടുതുടങ്ങിയിരുന്നു.

“എന്താ?
അതുകണ്ട് ജാഫര്‍ പരിഭ്രമത്തോടെ ഓടി വന്നു.

തലചുറ്റിയതാണെന്നാ തോന്നുന്നത്..
നമുക്ക് അങ്ങോട്ട് പിടിച്ചിരുത്താട്ടോ ..
ജാഫറും അജിത്തും കൂടി സലാമിനെ അടുത്തു കണ്ട് സീറ്റില്‍ പിടിച്ചിരുത്തി.

“ഡോക്ടറെ കാണണോ സലാമിക്കാ..
സലാമിന്റെ മുഖത്തെ വിവശത അവരെ ഭയപ്പെടുത്തി.

“ബേണ്ട അജ്യേ..ഇത് വെശന്നിട്ടെന്നെ ഞമ്മക്ക് തോന്നണത് ..
വയറ്റീന്റവുത്തോട്ട് ബല്ലതും ചെന്നാ ശര്യാവും..

അപ്പോഴാണ്  എതിർ സീറ്റില്‍ ഇരുന്നിരുന്ന സ്ത്രീയുടെ കൈയ്യില്‍ ഒരു ബോട്ടില്‍ വെള്ളമുണ്ടായിരുന്നത് അജിത്ത് ശ്രദ്ധിച്ചത്.
രണ്ടു വയസ്സോളം പ്രായം വരുന്ന അവരുടെ കുഞ്ഞിനു കൊടുക്കാന്‍ കരുതിയതായിരുന്നു അത്.

“ആ വെള്ളം ഒന്നു തരാമോ..
തല ചുറ്റിയിട്ടാണ്.

“അതിനെന്താ..കൊടുത്തോ ട്ടാ ..ദാ  വെള്ളം..
അവര്‍ ബോട്ടില്‍ എടുത്തു നീട്ടി.

സലാം വെള്ളം പകുതിയോളം കുടിച്ചു.
ചുണ്ടു തുടക്കുമ്പോൾ അൽപ്പം ആശ്വാസമുണ്ടെന്നു തോന്നി .

“ഷുഗറുണ്ടോ..?
അവര്‍ ചോദിച്ചു.

“ഇല്ല മോളെ.
ഇത്ര കാലായിട്ടും അങ്ങനൊരു ഏനക്കേടിന്റെ സൂക്കേട് ഞമ്മക്ക് ബന്നിട്ടില്ല്യ .
ഇന്നലെ ഒരു വറ്റ് അന്നത്തിന്റെ ഞമ്മള് കഴിച്ചിട്ടില്ല.  
നല്ല പല്ലുവേദന വന്നിട്ടെ ...
ദാ കണ്ടില്ലെ..മുഴുമന്‍ ഓട്ടേണ്..
സലാം എല്ലാവര്‍ക്കും വേണ്ടി പല്ലുകള്‍ കാണിച്ചു.

“എന്നാലത് പറപ്പിച്ചു കളയാരുന്നില്ലേ ഇക്കാ?
ജാഫര്‍ തമാശ മട്ടില്‍ പറഞ്ഞു.

“അത് പറ്റൂല്ല മോനെ.. 
ഇതന്നെ ഓളും കൊറേ പറഞ്ഞേക്കണ്..
പക്ഷേല് പല്ലു പോയാ പിന്നെ ഞമ്മക്കെന്താടോ ഒരു ഗ്ലാമറ്..

“ഞമ്മള് പോയി ഇക്കാന് കഴിക്കാന്‍ എന്തേലും വാങ്ങി വരാം.
എന്തേലും അകത്ത് ചെല്ലട്ടെ , ഒക്കെ ശരിയാവുംന്ന് 
ജാഫര്‍ അതും പറഞ്ഞിട്ട് കാന്റീനിലേക്ക് പോയി.

“നിങ്ങ്ടെ പേസ്റ്റ് ശരിയല്ലാഞ്ഞിട്ടാ സലാമിക്കാ .പെപ്സോഡന്റ് നല്ലതാണ്.
ഇനി അതൊന്ന് നോക്ക് "

അജിത്തിന്  തോന്നിയത് തനിക്ക് ശരിയല്ലെന്ന മട്ടില്‍ സലാം തല യാട്ടി..
“ഓ എന്ത് പെപ്സോഡന്റ്.. പേസ്റ്റ് ഒന്നും ശെര്യല്ലെന്നന്നെ  ഞമ്മടെ പക്ഷം.
കേട്ടോ മോനെ ..ഈ അടുത്ത കാലം വരെ നല്ല ഉമിക്കരീല് ഉപ്പും പൊടിച്ചിട്ടായിരുന്ന് ഞമ്മടെ പല്ലു തേപ്പ്.
അന്നൊക്കെ എന്ത് കവിടി പോലിരുന്ന പല്ലായിരുന്ന്..
ങ് ഹാ.. ഇനിപ്പം പറഞ്ഞിട്ടെന്താ.."
 നിരാശ ധ്വനിക്കുന്ന വാക്കുകൾ ചേർത്തു സലാം .

"പിന്നെ എന്തേ നിങ്ങക്കിപ്പം തോന്നാൻ ?"
"ഹഹഹ..ആ അരുന്ധതി റോയി പല്ലു തേക്കണ പരസ്യം കണ്ടിട്ടെ ഞമ്മളും സാധനം വാങ്ങി തേക്കാന്‍ തുടങ്ങീത്..
സലാം ഊറിച്ചിരിച്ചു .

അരുന്ധതി റോയി ആവില്ല. ഐശ്വര്യാറായി ..
അജിത്ത് സലാമിനെ തിരുത്തി നോക്കി .

“അത് അനുക്കാണ്ടോ നിശ്ശം..!
ഐശ്വര്യാ റായി അന്‍ ക്ക്..കണ്ട സില്‍മാനടികള്‍ കാണിക്കണേന്റെ പിന്നാലെ പോവാനെ ഞമ്മളെ കിട്ടൂലാ..
ഹല്ല പിന്നെ ..
ഞമ്മള് പറഞ്ഞത്  ബക്കറ് അവാര്‍ഡ് വാങ്ങ്യേ  എഴുത്തുകാരി അരുന്ധതീന്റെ കാര്യാ .. 
അനുക്ക് പുടികിട്ട്യാ ഓളെ ..?”
അല്പ്പം ഗൌരവം ആ മുഖത്തു കണ്ടു .

“അരുന്ധതി റോയി അങ്ങിനെ പേസ്റ്റിന്റെ പരസ്യത്തില്‍ വന്നിട്ടില്ല സലാമിക്ക.
 നിങ്ങള്‍ക്ക് ആള് മാറിയതാകും..

“ഉവ്വേ ..അരുന്ധതീനെ ഏത് ദുനിയാവില്‍ വെച്ചായാലും ഞമ്മക്കറിയാം.
ഓള്‍ടെ ഒരു ഫാനല്ലെ പഹയാ ഞമ്മള്.ഹഹഹ..
സലാമിക്ക അഭിമാനപൂര്‍വ്വം എല്ലാവരെയും നോക്കിച്ചിരിച്ചു.

മുടിക്കെട്ടിലെ ഹെയര്‍ ബാന്റ്‍ പിടിച്ചു വലിക്കാന്‍ ശ്രമിച്ച കുഞ്ഞിനെ ശാസിച്ചുകൊണ്ട് എതിർ സീറ്റിലെ  സ്ത്രീ ഒന്ന് ഇളകിയിരുന്നു.
പിന്നെ അജിത്തിനെ നോക്കിക്കൊണ്ട് ചോദിച്ചു.
“ആര്‍ക്കാ ഓപ്പറേഷന്‍?

“നാട്ടുകാരനാ."
  
"എവിട്യാ നാട് ?"

"കേച്ചേരി ".

“ആഹ് ..നല്ല പരിക്കുണ്ടോ..?

“തലക്കാ.. ഒന്നും പറയാറായിട്ടില്ല..
 ബൈക്കില്‍ വരുമ്പോള്‍ ഒരു ടിപ്പര്‍ വന്നിടിച്ചതാണ്

“ചെറുപ്പാ..?

“അതെ..ഒരു മുപ്പതു വയസ്സ്..

“ഹെന്റെ മാതാവേ..
അവര്‍ ശിരസ്സില്‍ കൈവെച്ചു.
അവർ അറിയുന്ന ആരോ ആണെന്ന മട്ടിൽ .. 

“അല്ല നിങ്ങടെ ആരാ ഇവിടെ?
അജിത്തിന് അവരുടെ കാര്യങ്ങൾ അറിയണം എന്ന് തോന്നി .

“എന്റെയൊ..എന്റെ ആരൂല്ല്യ.
ഞാന്‍ അബ്സാര്‍ ഡോക്ടറെ ഒന്നു കാണാന്‍ വന്നതാ..

“എന്തെങ്കിലും വിവരം പറയാന്‍ ഉണ്ടാവും അല്ലെ?

“ഇല്ല. ഡോക്ടര്‍ക്ക് ഞങ്ങള്‍ കൊറച്ച് കാശ് കൊടുക്കാനുണ്ടേ..അതാ.
അവർ ചിരിച്ചുകൊണ്ട് പറഞ്ഞു .

എല്ലവരും ചോദ്യരൂപേണ അവരെ നോക്കി.
ആ ആകാംക്ഷയിൽ അവരുടെ കഥ പറയൂ എന്നുണ്ടായിരുന്നു !

“അത് പറഞ്ഞുവരുമ്പോള്‍ ഒരു കഥ്യാ..
എന്റെ കെട്ട്യോന്‍ നാട്ടില്‍ കൊറച്ച് രാഷ്ട്രീയൊക്കെആയി  നടന്നിരുന്ന ആളാ.
ഞങ്ങടെ കല്ല്യാണം കഴിയണ സമയത്ത് ആള്‍ക്ക് വൈരക്കല്ല് പണിയാണ്.  
കൈപ്പറമ്പ് ഒരു കമ്പനീല്..
വല്ല്യ കൊഴപ്പമില്ലാതെ പോയിരുന്ന സമയത്താ  രാഷ്ടീയവും സമരവുമൊക്കെയായി കല്ലൊര ക്കമ്പനികളൊക്കെ പൂട്ടിയത്.
കൊറെ നാള്‍ ഒരു പണിയുമില്ലാതെ നാട്ടില്‍ തെണ്ടിത്തിരിഞ്ഞു നടന്നു.
നേരം പോവാന്‍ വേണ്ടി സ്ഥിരം വായനശാലയില്‍ പോയി പേപ്പറ് വായിക്കും.
അങ്ങിനെ യാണ് പുള്ളിക്ക് രാഷ്ട്രീയത്തില്‍ കമ്പം കേറീത്.

“വായിച്ചതൊക്കെ നല്ല പാര്‍ട്ടി പത്രങ്ങളാവും ല്ലേ..?
അജിത്തിന്‍ കാര്യങ്ങളുടെ റൂട്ട് മനസ്സിലായി.

“എന്തൊ..എന്തായാലും രാഷ്ട്രീയത്തില്‍ ചെന്നപ്പോള്‍ തന്നെ നാട്ടില്‍ കൊറച്ച് ശത്രുക്കളെ കിട്ടി.
ഒരു ദിവസം പാര്‍ട്ടി മീറ്റിങ്ങും കഴിഞ്ഞു വരണ വഴി ,പാര്‍ട്ടി ഏതാണെന്ന് പറയിണില്ല്യ..എതിര്‍ പാര്‍ട്ടി പറഞ്ഞിട്ട് നാലഞ്ച് പേര്‍ തലയിലൂടെ മുഖമ്മൂടി യിട്ട് വന്ന് ആള്‍ടെ കൈക്കും കാലിനും കഴുത്തിനുമൊക്കെ അഞ്ചാറ് വെട്ട് വെട്ടി.
മരിച്ചൂന്ന് ള്ള അവസ്ഥേലാ ഇവടെ എത്തിച്ചത്.
അന്നാളെ അബ്സാര്‍ ഡോക്ടറാ രക്ഷപ്പെടുത്തീത്.
അമേരിക്കയിലൊക്കെ പഠിച്ചു വന്ന ആളാ.
മുറിച്ചിട്ടത് മുറി കൂടിക്കും.
ങ്ഹാ ..ചികിത്സക്ക് ഒരു ലക്ഷത്തിന്റെ പുറം വന്നു.
ബില്ല് കൈയ്യില്‍ കിട്ടി അടക്കാന്‍ കാശില്ലാതെ നിന്നു കരഞ്ഞ എന്നെ കണ്ട് മനസ്സലിവു തോന്നി ഇരുപത്തയ്യായിരം രൂപ അന്ന് സാര്‍ കൈയ്യില്‍ നിന്നെടുത്തടച്ചു..

“ഇന്നത്തെ ക്കാലത്ത് കൊടുത്തതിന്റെ ഇരട്ടി പലിശയായി വാങ്ങിക്കുന്ന ആള്‍ക്കാരാ എല്ലാരും..
അജിത്തിന് ആശ്ചര്യം തോന്നി .

“എന്നിട്ട് കേള്‍ക്ക്..അപകടം പറ്റീട്ട് രണ്ട് മാസം കഴിഞ്ഞു.
ഇന്നു വരെ പത്തു പൈസ സാറ് തിരിച്ചു ചോദിച്ചിട്ടില്ല.
അതിനെ പറ്റി പറയുമ്പോ കേടു മാറി ആള്‍ ജോലിക്കു പോയി തുടങ്ങട്ടെ ,എന്നിട്ട് തന്നാല്‍ മതീന്നെ സാറു പറഞ്ഞിട്ടുള്ളൂ..
എന്നാലും സാറിന്റെ മോള്‍ടെ കല്ല്യാണായീന്നറിഞ്ഞു.
പൈസക്ക് വളരെ ആവശ്യള്ള സമയല്ലെ.
അതുകൊണ്ട് വേറെ ഒരാള്‍ടെ കുറി വിളിച്ച് ഒരു ഇരുപതിനായിരം ഒപ്പിച്ചു.
അബ്സാര്‍ സാറിനെ കണ്ടിട്ടു വേണം അതു കൊടുക്കാന്‍.
അതു പറയുമ്പോള്‍ ഉപകാരസ്മരണയാല്‍ അവരുടെ കണ്ണുകള്‍ തിളങ്ങി.

“അല്ല .വീടെവിടെയാണ്?
അജിത്ത് ചോദിച്ചു.

“എന്റെ വീടും കേച്ചേരിയാണ് .

“ങ്ഹെ..ഞാനും കേച്ചേരിക്കാരനാണ്.  
ഭര്‍ത്താവിന്റെ പേര് എന്താ?

“നിക്സണ്‍.  നിക്കൂന്നേ എല്ലാവരും വിളിക്കൂ..

“നിക്സണ്‍ നേരില്‍ കണ്ടാല്‍ ചിലപ്പോള്‍ അറിയും.
എന്നിട്ട്  പ്രതികളെ കിട്ടിയോ?

“കിട്ടിയെന്നും പറയാം,ഇല്ലെന്നും പറയാം.

“അതെന്താ?

“അബ്സാര്‍ ഡോക്ടര്‍ക്ക് കുന്നംകുളം സിഐ രമേശ് അരൂരിനെ നേരിട്ട് പരിചയമുണ്ട്.
അദ്ദേഹം പ്രത്യേകം പറഞ്ഞതുകൊണ്ട് രമേശ് സാര്‍ നേരിട്ടാണ് കേസന്വേഷിച്ചത്.
നാല് കൊട്ടേഷന്‍ ഗുണ്ടകളെ പിടിക്കുകയും ചെയ്തതാ.
ഹും ..എന്നിട്ടെന്താ, കാര്യങ്ങള്‍ കോടതിയില്‍ വന്നപ്പോള്‍  പ്രതികളെ തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്ന് പറഞ്ഞ് എല്ലാവരേം വെറുതെ വിട്ടില്ലെ!

“ങേ ..അതു നന്നായി!
അല്ലെങ്കിലും തിരിച്ചറിഞ്ഞ പ്രതികള്‍ രാഷ്ട്രീയക്കാരാണെങ്കില്‍ കേസു തന്നെ ഇല്ലാതാവണ കാലമാണ്..
അജിത്തിന് നിയമവ്യവസ്ഥയോട് പുച്ഛംതോന്നി.

അപ്പോഴാണ് സിസ്റ്റര്‍ പുറത്തേക്ക് വന്നത്.
“മന്‍സൂറിന്റെ കൂടെആരാ വന്നിട്ടുള്ളത്?
അവര്‍ ചോദ്യരൂപേണ എല്ലാവരേയും നോക്കി.

“എന്താ സിസ്റ്ററ് ..?
അജിത്ത് എഴുന്നേറ്റ് ചെന്നു.

“ഫൈസലല്ലാതെ പോസറ്റീവ് രക്തമുള്ള വേറെ ആരെയെങ്കിലും നിങ്ങള്‍ കൊണ്ടു വന്നിട്ടുണ്ടോ?

“ഞമ്മടെ പറഞ്ഞതാണ്.പക്ഷേല് സമയത്തിപ്പൊ..
സലാം അര്‍ദ്ധോക്തിയില്‍ നിര്‍ത്തിക്കളഞ്ഞു.

അജിത്തിന് കാര്യം മനസ്സിലായി.
“ഇല്ല സിസ്റ്റര്‍..ഞങ്ങള്‍ വേണമെങ്കില്‍ നാട്ടില്‍ നിന്ന് ആരെയെങ്കിലും സംഘടിപ്പിച്ചു കൊണ്ടു വരാം”

“ഇതിപ്പോള്‍ വേണ്ടതാണ്.
തല്‍ക്കാലം ബ്ലഡ് ബാങ്കില്‍ നിന്നെടുക്കാം.
സിസ്റ്റര്‍ വീണ്ടും തിയറ്ററിനകത്തേക്ക് പോകാന്‍ തുടങ്ങിയപ്പോള്‍  അജിത്ത് പെട്ടെന്നു ചെന്ന് മന്‍സൂറിന്റെ കാര്യം തിരക്കി.

“നിങ്ങള്‍ ഏതുനേരവും ഇത് തന്നെ ചോദിച്ചുകൊണ്ടിരുന്നാലോ..?
സിസ്റ്ററ് അല്പം ഗൌരവത്തിലായി.

“ഓപ്പറേഷന്‍ നടന്നുകൊണ്ടിരിക്കയാണ്.
കഴിഞ്ഞാല്‍ ഡോക്ടര്‍ പുറത്തേക്കു വരും.
അപ്പോള്‍ നേരിട്ടു ചോദിച്ചോളൂ..
അവര്‍ ഡോര്‍ ക്ലോസ് ചെയ്തു.

 ജാഫര്‍ ചായയും രണ്ട് ഉഴുന്നു വടയുമായി വന്നു.
“സലാമിക്കാ.നിങ്ങള്‍ ചൂട്ടോടെ ചായകുടിക്ക്,
 കൂടെ ഉഴുന്നു വടയും കഴിച്ചാല്‍ നിങ്ങള്‍ ഉഷാറായി.
“ആ താ മോനെ..
സലാം ചായ പെട്ടെന്നുതന്നെ കുടിച്ചു തീര്‍ത്തു.

“ആ ഫൈസൂന്റെ ചോര മുഴ്മന്‍ ഓര് ഇപ്പോ എട്ത്തിട്ട്ണ്ടാവൂല്ലെ..?
ഇനി ഓന്‍ ഏത് കോലത്തിലാവോ വര്യാ..

അജിത്ത് ചില്ലു ജാലകത്തിലൂടെ പുറത്തേക്കു നോക്കി.
അമലയുടെ പഴയ കെട്ടിടത്തില്‍ കാന്‍സര്‍ വാര്‍ഡിലൂടെ നടക്കുന്നവരെ ശ്രദ്ധിച്ചു.
തെക്കു കിഴക്കേ ഭാഗത്ത് ആയി വിലങ്ങന്‍ കുന്നു കാണാം.
അപ്പോഴാണ് അജിത്ത് ജമീലയെ ഓര്‍ത്തത്.
“സലാമിക്ക.. ജമീലേടെ വീട് ഇവിടടുത്തല്ലെ?

“അതേലോ..ദേ വിലങ്ങന്‍ കുന്നിന്റെ അടിവാരത്തന്നെ.
ഞമ്മക്ക് അവിടെ കേറി ഒന്ന് കാണണന്ന്ണ്ട്..
സായിപ്പന്മാരും മദാമ്മമാരും ഇപ്പഴും അയിന്റെ മോളില്‍ കാണൂലേ..?

“ഉണ്ടാവും.സായിപ്പിന്റേം മദാമ്മമ്മരടേം ഓട്ടം കിട്ടീട്ടല്ലെ ബഷീറ് കഴിഞ്ഞ് കൂടണത്..

“ഉവ്വ് ഉവ്വേ..നല്ല മൊഞ്ചുള്ള പെണ്ണായിരുന്ന് ജമീല.
ഇപ്പെന്താ ഓള്‍ടെ ഒരു കോലം!

താഴെ കാറു വന്നു നിന്നു.
സാജിത അഹമ്മദ് ഹാജിക്കിറങ്ങാന്‍ ഡോറ് തുറന്ന് കൊടുത്തു.
ഉപ്പ അവിടെത്തന്നെ നില്‍ക്ക്. ഞാന്‍ കാറ് പാര്‍ക്ക് ചെയ്തിട്ടു വരാം.

ഹാജിയാര്‍ കാറില്‍ നിന്നും ഇറങ്ങി.
ശരീരം വല്ലാതെ വിറക്കുന്നു.
മുന്നില്‍ കണ്ട സീറ്റില്‍ ഇരിക്കുമ്പോഴും ചുണ്ടുകള്‍ ദിക്കിറുകള്‍ ചൊല്ലിക്കൊണ്ടിരുന്നു.

സാജിത പെട്ടെന്നുതന്നെ വന്നു.
ഗ്രൌണ്ട് ഫ്ലോരില്‍ നിന്നും രണ്ട് നില കയറിയിട്ടാണ് ഓപ്പറേഷന്‍ തിയേറ്റര്‍.
ലിഫ്റ്റിന്റെ മുന്നില്‍ നല്ല തിരക്കായിരുന്നു.
അഹമ്മദ് ഹാജി ലിഫ്റ്റിലെ തിരക്കു കണ്ട് സ് റ്റെപ്പുകള്‍ കയറാന്‍ ഭാവിച്ചു.

“ഉപ്പാക്കു സുഖമില്ലാത്തതല്ലെ .സ് റ്റെപ്പു കയറണോ..
സാജിത ക്ക് അതില്‍ ഭയം തോന്നി.

“സാരല്ല്യ മോളെ ..
ഞമ്മക്ക് കാത്തു നിക്കാന്‍ വയ്യ..ന്റെ മോനെ കാണണം.
 ഹാജിയാര്‍ നിറഞ്ഞു തൂവുന്ന കണ്ണുകള്‍ കൈത്തലത്താല്‍ തുടച്ചുകൊണ്ടിരുന്നു.

സാജിത മൊബൈലില്‍ ഡയല്‍ ചെയ്തു.
റിങ്ങു ചെയ്യുന്നുണ്ട്.
അങ്ങേത്തലക്കല്‍ ഫൈസുവിന്റെ ശബ്ദം കേട്ടു.
ഫൈസു ഒന്നു താഴെ വരാമോ?
.............
“ഓ ശരി
അവള്‍ ഫോണ്‍ കട്ട് ചെയ്തു.

 “ഫൈസു രക്തം കൊടുക്കാണ് ഉപ്പാ..
 ഇനി ഇപ്പൊ ആരാ ഒന്ന് സഹായിക്കാൻ ..
ഞാന്‍ കൈപിടിക്കാം.
 പതുക്കെ കയറണേ..

 സാജിത ഒരു വിധം ഹാജിയാരെ മുകളിലെത്തിച്ചു .
മുകളിലെത്തുമ്പോഴേക്കും ഹാജിയാര്‍ വല്ലാതെ കിതച്ചുപോയി .
ഒരല്‍പ്പം ശ്വാസത്തിനു വേണ്ടി പരതി.

സലാം ഹാജിയാരെ കണ്ടു.
അയാള്‍ ഓടിവന്ന് കൈ പിടിച്ചു.

“എന്താ സലാമോ ഇതൊക്കെ..
ഞമ്മടെ മോന്‍ ഇപ്പൊ എവിട്യാ.. ?

മന്‍സൂറിന്‍ ഒന്നും പറ്റീട്ടില്ല്യ.
പടച്ചോന്‍ ഇങ്ങളേം ഓളേം കൈവിടൂല്ല.
ഇങ്ങള്‍ ബേജാറാവാണ്ട് ഇരിക്കിന്‍ ഹാജ്യാരെ..

ഞമ്മടെ മോന്‍ എന്തെ പറ്റീത് ?

ഓന്‍ അങ്ങാടീന്ന് ബരണ വഴി മൈമുട്ടീന്റെ പൂട്യേന്റെ           
 അവുടെ ബച്ച് ഒരു ടിപ്പറ് പാഞ്ഞ് ബന്ന് പിന്നീന്ന് ഓനെ ഇടിച്ചിട്ട്..

“അള്ളാ..ചതിച്ചോ നീയ്..
ഹാജിയാര്‍ക്ക് നെഞ്ചിലൂടെ ഒരഗ്നിഗോളം പാഞ്ഞു കയറുന്നത് പോലെ തോന്നി.

“ഓപ്പറേഷന്‍ കഴിഞ്ഞൂട്ടോ. ഡോക്ടര്‍ ഇപ്പോള്‍ പുറത്തേക്ക് വരും
സിസ്റ്ററ് വന്ന് അജിത്തിനോട് പറഞ്ഞു.

രണ്ടു മണിക്കൂര്‍ നീണ്ട പരിശ്രമം വിജയം കണ്ടെന്ന് തോന്നിയപ്പോള്‍ ആണ് ഡോക്ടറ് അബ്സർ  മുഹമ്മദിന് അല്‍പ്പം ആശ്വാസം തോന്നിയത്.
തിയേറ്ററില്‍ നിന്നും പുറത്തു കടന്നപ്പോള്‍ മാത്രമാണ് അദ്ദേഹം തന്റെ മൊബൈല്‍ സ്വിച് ഓണ്‍ ചെയ്തത്.
ഉടനെ തന്നെ അത് റിങ്ങ് ചെയ്യാന്‍ തുടങ്ങി.
വീട്ടില്‍ നിന്നാണ്.
അപ്പോഴാണ് പെട്ടെന്ന് വീട്ടില്‍ ചെല്ലാമെന്ന് പറഞ്ഞകാര്യം അദ്ദേഹം ഓര്‍ത്തത്.

“ഹലോ ..

“ഉപ്പച്ചി..എത്രനേരായി  ഞാന്‍  ട്രൈ ചെയ്യാന്‍ തുടങ്ങീട്ട്.
ചുപ്പിടീം മായാവീം എപ്പൊ ഡ്രസ്സ് ചെയ്ഞ്ച് ചെയ്ത് നില്‍ക്കണതാ.
ഉപ്പച്ചി പറഞ്ഞതെല്ലാം തെറ്റിച്ചു..
അപ്പുറത്തുനിന്നും മകളുടെ ശബ്ദംകേട്ടു.

“മോളേ നേനാ ..ഉപ്പച്ചി പുറപ്പെടാന്‍ തുടങ്ങിയതാണ്.
അപ്പോഴല്ലെ പെട്ടെന്നൊരു ആക്സിഡന്റ് കേസ് വന്നത്..

“അപ്പോള്‍ നമ്മളിന്ന് പോകുന്നില്ലെ ഉപ്പച്ചി ..?

“അതുപിന്നെ ..നേനമോളേ..

ഉപ്പച്ചി ലൈനില്‍ വന്നോ?
മൊബൈലിങ്ങ് കാട്ട്.
ഞാന്‍ ചോദിക്കാം’ എന്നു പറഞ്ഞ് നേനയുടെ കൈയ്യില്‍ നിന്നും അദ്ദേഹത്തിൻറെ ഭാര്യ ഫോണ്‍ പിടിച്ചു വാങ്ങി.

“ആകെ രണ്ടാഴ്ചയേ ഉള്ളൂ മോള്‍ടെ നിക്കാഹിന്..
ദേ ..ഇൻവിറ്റെഷൻ കൊടുക്കാൻ പോകാതെ നിങ്ങടെ അനിയന്‍ അഷറഫ് ഇവിടെ നില്‍പ്പുണ്ട് ആലുവക്ക്  ക്യാമ്പിന് പോണംന്നും പറഞ്ഞ്.
ഡ്രസ്സെടുക്കാന്‍ പോകാം, പൊന്നെടുക്കാന്‍ പോകാം ന്നൊക്കെ പറഞ്ഞിട്ട് കുട്ടികള്‍ എപ്പൊ ഒരുങ്ങി യിട്ടുള്ള നില്‍പ്പാ? 

“സക്കീനാ..നീ യെന്റെ പ്രൊഫഷനെ പറ്റി മനസ്സിലാക്ക്.
ഇപ്പോള്‍ തന്നെ കോമ്പ്ലിക്കേറ്റഡായ സര്‍ജറി ഒന്നു കഴിഞ്ഞേ ഉള്ളൂ..

“അല്ലെങ്കിലും നിങ്ങ്ടെ ചികിത്സാവിധികള്‍ എനിക്ക് തീരെ പറ്റാതായി തുടങ്ങി..
സക്കീന ചെറുതായി മുരണ്ടു.

“ഇത് ഹോസ്പിറ്റലാണ് .സക്കീനാ പ്ലീസ്..
ഒരു നിമിഷം ഫോണ്‍ സ്വിച് ഓഫ് ചെയ്തെങ്കിലോ എന്ന് ഡോക്ടര്‍ക്കു തോന്നി.

“ഹോസ്പിറ്റലാണെന്ന് എനിക്കറിയാം.പക്ഷെ നിങ്ങള്‍ക്ക് ഇപ്പോളത് സ്വന്തം വീടുപോലെയായിട്ടുണ്ട്.
അതുകൊണ്ടല്ലെ കണ്ടവര്‍ക്കൊക്കെ അങ്ങോട്ട് പണം കൊടുത്ത് ചികിത്സിക്കുന്നത്.
സ്വര്‍ണ്ണത്തിന് വില കുറഞ്ഞ സമയമാണ്.
അതെങ്കിലും നിങ്ങള്‍ക്ക് നിങ്ങടെ മോള്‍ക്ക് വേണ്ടി വാങ്ങിച്ചുകൊടുക്കാന്‍ സമയം കാണുമോ?
പറഞ്ഞു തീര്‍ന്നതും സക്കീന കോള്‍ കട്ട് ചെയ്തു.

“അല്ലെങ്കില്‍ തന്നെ മനുഷ്യന്റെ തല പെരുത്തു നില്‍ക്കുമ്പോഴാണ്..
നാശം..
ഡോക്ടര്‍ ഫോണ്‍ വീണ്ടും സ്വിച് ഓഫ് ചെയ്തു.
പിന്നെ ചുണ്ടില്‍ ഒരു ചിരി വരുത്തി പുറത്തേക്കുള്ള വാതില്‍ തുറന്നു.
















21 അഭിപ്രായങ്ങൾ:

  1. വായിക്കുകയും കൂടെ നിന്ന് പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന പ്രിയപ്പെട്ടവര്ക്ക് ഒരിക്കൽ കൂടി നന്ദി ..
    അക്കാക്കുക്ക .. തീർച്ചയായും ...
    എല്ലാവർക്കും ഉണ്ട് നല്ല വേഷങ്ങൾ ..
    പക്ഷെ കാത്തിരിക്കണം ..
    അതെ ,ദേ പോയി .. ദാ വന്നൂ ..

    മറുപടിഇല്ലാതാക്കൂ
  2. ങ്ഹേ..
    ഇതില്‍ ബ്ലോഗര്‍മാരെല്ലാം ഉണ്ടല്ലോ
    അപ്പോ നിക്കു കേച്ചേരിയുടെ പേര്‍ നിക്സണ്‍ എന്നായിരുന്നോ

    മറുപടിഇല്ലാതാക്കൂ
  3. അക്കാകുക്കാക്ക് നായികയായി
    പുതിയ കുട്ടി തന്നെ വേണം..ട്ടോ....!! ;)

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഹഹ
      അക്കാകുക്കായ്ക്ക് നായികയില്ലെങ്കിലോ...?
      കഥയില്‍ ഒരു വില്ലന്‍റോളുണ്ട്.
      നോട്ടമുണ്ടോ?

      ഇല്ലാതാക്കൂ
    2. അക്കാക്കുക്കക്ക് ഒറ്റക്ക് നിക്കാൻ പേടിയായിട്ടാണ് അജിത്തേട്ടാ .. കൊടുക്കാംല്ലേ .. ?

      ഇല്ലാതാക്കൂ
  4. തുടരട്ടെ....
    ബ്ലഡ്‌ എ പോസ്ടിവ് ആണേൽ ഞാൻ തരാം

    മറുപടിഇല്ലാതാക്കൂ
  5. പ്രിയപ്പെട്ട പുഷ്പാംഗദൻ ,

    നോവൽ രസകരം !തുടരട്ടെ !

    ആശംസകൾ !

    സസ്നേഹം ,

    അനു
    --

    മറുപടിഇല്ലാതാക്കൂ
  6. ഈ പരീക്ഷണം കൊള്ളാമല്ലോ. ബ്ലോഗർമാരുടെ രീതിഭേതങ്ങളെ സൂക്ഷ്മ നിരീക്ഷണം നടത്തി നല്ല ഹാസ്യം ചേർത്ത് ഒരു അപസർപക സംരംഭം. എഴുത്തിൽ ആരും കടന്നു ചെല്ലാത്ത മേഖലകളിലേക്ക് വിഹരിക്കാനാണ് പുഷ്പാംഗദന് താത്പര്യമെന്ന് ഈ എഴുത്തും അടിവരയിടുന്നു. ഇതിലെ നായകന് അജിത്‌ ആണെന്ന് മനസ്സിലാകുന്നു. ചെറുതും വലുതുമായ എല്ലാ പോസ്റ്റുകളും വായിക്കുകയും എഴുത്തിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന അജിത്‌ സാറിന് നല്കേണ്ട ഒരു റോൾ തന്നെയാകുന്നു അത്.

    മറുപടിഇല്ലാതാക്കൂ
  7. മൂന്നാം ഭാഗമാണ് ആദ്യം വായിച്ചത് അതിൽ ഞാനും അജിത്‌ ചേട്ടനും നിറയുന്നത് കണ്ടപ്പോൾ അജിത്‌ ആണോ കഥയിലെ നായകൻ എന്ന് തോന്നി. ഇപ്പൊൾ ഒന്ന് മുതൽ മൂന്നു വരെ വായിച്ചു. ഇതിൽ ബ്ലോഗർമാർ എല്ലാം നായകർ ആയി ഉണ്ട് എന്ന് മനസ്സിലായി. നല്ല അവതരണം. ഒളിച്ചു വെച്ച നല്ല ഹാസ്യം. എഴുതുക ഇനിയിയും
    ബ്ലോഗെഴുത്തിൽ വീണ്ടും സജ്ജീവമാകുന്നതിൽ സന്തോഷം

    മറുപടിഇല്ലാതാക്കൂ
  8. ഹമ്പട കേച്ചേരി, നിങ്ങൾ പോസ്റ്റിറ്റാറുണ്ടല്ലേ.... ആദ്യമായാണ് ഈ വഴി. ഓടിച്ച് വായിച്ചു. രസകരമായിരിക്കുന്നു, എഴുത്ത്. ഇനിയും ഇടവേളയില്ലാതെ എഴുതാൻ കഴിയട്ടെ എന്നാശംസിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  9. അക്കാകുക്കാ..........ഹി ഹി രസകരം ... ഇമ്മിണി ബ്ലഡ്‌ തരാൻ നോക്കാം ട്ടോ

    മറുപടിഇല്ലാതാക്കൂ
  10. കൊള്ളാം ട്ടൊ..ഇനിയുള്ള കഥാപാത്രങ്ങളുടെ വരവിനായി കാത്തിരിക്കുന്നു :)
    ആശംസകൾ..!

    മറുപടിഇല്ലാതാക്കൂ
  11. ഇതിപ്പൊ എല്ലാരും ഉണ്ടല്ലോ ഈ സിൽമയിൽ ഗൊള്ളാം ഭായി
    കലക്കി

    മറുപടിഇല്ലാതാക്കൂ
  12. ഇതിനെ കുറിച്ച് വിശദമായ ഒരന്വേഷണം നടത്തുവാൻ ബിലാത്തിയിൽ നിന്നും ഒരു ചാരനെ കൂടി ഏർപ്പാടാക്കു കേട്ടൊ ഭായ്

    മറുപടിഇല്ലാതാക്കൂ
  13. ഇപ്പ്രാവശ്യം എഴുത്ത് മുന്നെതിനേക്കാൾ നിലവാരത്തിലെത്തി . ബ്ലോഗ്ഗർമാരെ വെച്ച് ഒരു സംഭവം ശെരിക്കും .. അറിയുന്ന പേരുകള കണ്ടപ്പോ ഒരു ത്രില്ല് ... തുടര്ന്നും വരാം .

    മറുപടിഇല്ലാതാക്കൂ
  14. കഥാ പാത്രങ്ങള കുറെ

    ഉണ്ടാവുമല്ലോ ഇങ്ങനെ പോയാൽ?

    ആശംസകൾ.

    മറുപടിഇല്ലാതാക്കൂ
  15. കൊള്ളാം ...

    നന്നാവുന്നുണ്ട്. കഥാപാത്രങ്ങളുടെ ആധിക്യം ഉണ്ടാവുമോ എന്ന ഭയം എനിക്കുമുണ്ട് ട്ടോ

    മറുപടിഇല്ലാതാക്കൂ
  16. രസിക്കുന്നു.... രസിപ്പിക്കുന്നു ... ഹമ്പട രസികാ ...!

    മറുപടിഇല്ലാതാക്കൂ
  17. അജ്ഞാതന്‍2013, മേയ് 24 2:06 AM

    പോരട്ടെ പോരട്ടെ...

    മറുപടിഇല്ലാതാക്കൂ

നിങ്ങളുടെ പ്രതികരണങ്ങള്‍ എന്നിലെ നല്ല രചയിതാവിനെ രൂപപ്പെടുത്തും .